ഓപ്പറേഷന്‍ കുബേര: പോലീസുകാര്‍ക്ക് സമ്മാനിച്ചത് ചാകരക്കാലം

Monday 5 October 2015 12:57 am IST

മലപ്പുറം: ബ്ലേഡ് മാഫിയകളെ പിടികൂടാനെന്ന പേരില്‍ ആഭ്യന്തര വകുപ്പ് കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഓപ്പറേഷന്‍ കുബേര പോലീസുകാരുടെ ചാകരക്കാലമായിരുന്നു. കടക്കെണിയില്‍ കുടിയവരെ രക്ഷിക്കാനും, ബ്ലേഡ് മാഫിയകളെ അമര്‍ച്ചചെയ്യാനുംവേണ്ടി ആഭ്യന്തര മന്ത്രി രമേശ് ചെന്നത്തല നേരിട്ട് വിഭാവനംചെയ്ത പദ്ധതിയാണ് ഓപ്പറേഷന്‍ കുബേര. പക്ഷേ ഇത് കടക്കെണിയില്‍പ്പെട്ടവര്‍ക്ക് ആശ്വാസമാകേണ്ടതിന് പകരം നിരാശയാണ് സമ്മാനിച്ചത്. ബ്ലേഡ് മാഫിയകളെ തുരത്താന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ശരിക്കും ആഘോഷിക്കുകയായിരുന്നു. പാവങ്ങളുടെ കണ്ണീരില്‍ ചവിട്ടിനിന്ന് കൊണ്ട് ഇത്തരത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സമ്പാദിച്ചത് കോടികളാണെന്ന ആരോപണം ഉയരുന്നുണ്ട്. ഓപ്പറേഷന്‍ കുബേരയുടെ പേരില്‍ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളും അവയുടെ ഇന്നത്തെ അവസ്ഥയും പരിശോധിച്ചാല്‍ ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് മനസിലാകും. 475 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പാലക്കാട് ജില്ലയാണ് ഏറ്റവും മുന്നില്‍. ഇതില്‍ 426 പേരെ അറസ്റ്റ് ചെയ്തു. 103 കേസുകള്‍ തള്ളി. 58 കേസുകള്‍ അന്വേഷണത്തിലിരിക്കുന്നു. 414 കേസുകള്‍ എങ്ങുമെത്താതെ നില്‍ക്കുകയാണ്. കൊല്ലം റൂറല്‍, ആലപ്പുഴ, എറണാകുളം റൂറല്‍, പാലക്കാട് എന്നിവിടങ്ങളില്‍ 200ലധികം കേസുകളും തിരുവനന്തപുരം സെന്റര്‍, കൊല്ലം സെന്‍ട്രല്‍, കൊല്ലം റൂറല്‍, കോട്ടയം, ഇടുക്കി, എറണാകുളം സെന്റര്‍, തൃശ്ശൂര്‍ റൂറല്‍, മലപ്പുറം, കോഴിക്കോട് സെന്റര്‍, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ നൂറിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഇവയില്‍ 90 ശതമാനവും തള്ളാതെ തള്ളിയ കേസുകളാണ്. സംസ്ഥാനത്തെ മുഴുവന്‍ കണക്ക് പരിശോധിച്ചാല്‍ 2845 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2196 അറസ്റ്റ് നടന്നിട്ടുണ്ട്. ഇതില്‍ 452 കേസുകള്‍ തള്ളിപ്പോയി. 283 എണ്ണത്തില്‍ അന്വേഷണം നടക്കുന്നു. ബാക്കിയുള്ള 2110 എണ്ണം തള്ളാതെ തള്ളിയവയും. ബ്ലേഡ് മാഫിയകള്‍ കൊടികുത്തി വാഴുന്ന മലപ്പുറം ജില്ലയില്‍ വെറും 175 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തില്‍ ഇരിക്കുന്നതാകട്ടെ വെറും 20 കേസും. രാഷ്ട്രീയക്കാരുടെ സ്വാധീനമാണ് ഇതില്‍ വ്യക്തമാകുന്നത്. പോലീസുകാരെ കൂടാതെ ഓപ്പറേഷന്‍ കുബേരയില്‍ ഏറ്റവും കൂടുതല്‍ ലാഭം കിട്ടിയ മറ്റൊരു വിഭാഗം രാഷ്ട്രീയക്കാരാണ്. തെരഞ്ഞെടുപ്പ് സമയത്തും അല്ലാത്തപ്പോഴും പാര്‍ട്ടി ഫണ്ടിലേക്ക് സംഭവനകള്‍ നല്‍കിയിരുന്ന പ്രധാന മാഫിയകളെയെല്ലാം രാഷ്ട്രീയക്കാര്‍ സംരക്ഷിച്ചു. കേരളത്തിലെ അറിയപ്പെടുന്ന ഒരു ബ്ലേഡ് മാഫിയേയും ഓപ്പറേഷന്‍ കുബേരക്ക് ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. കടക്കെണിയില്‍പ്പെട്ടവരെ രക്ഷിക്കുന്നതിന് പകരം ബ്ലേഡ് മാഫിയകളെ രക്ഷിക്കാനാണ് പോലീസ് കൂടുതല്‍ ജാഗ്രത കാണിച്ചത്. സാധാരണക്കാരനായ ഒരാള്‍ക്ക് പോലും ഇതിന്റെ ഗുണം കിട്ടിയിട്ടില്ലെന്ന കാര്യത്തില്‍ സംശയമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.