മീന്‍ വില പൊള്ളില്ല
തൊടുപുഴ : രണ്ടാഴ്ച കാലമായി പച്ചമീന്‍ വിലയില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. എല്ലാത്തരം മീനുകള്‍ക്കും പകുതിയിലേറെ വില കുറഞ്ഞതായി വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. മത്തി, അയല, കിളി തുടങ്ങിയ മീനുകള്‍ക്കാണ് ഏറ്റവും അധികം വില കുറഞ്ഞത്. തൊടുപുഴയ്ക്ക് സമീപം കുമ്മംകല്ലില്‍ അയല, മത്തി മീനുകള്‍ 10 രൂപയ്ക്ക് വരെ വില്‍ക്കുന്നുണ്ട്. മീന്‍ അധികമായി എത്തുന്നതും വില കുറഞ്ഞ് ലഭിക്കുന്നതുമായി ഇത്രയും കുറഞ്ഞ വിലയ്ക്ക് വില്ക്കുവാന് കാരണം. അയല, മത്തി, കിളി തുടങ്ങിയ മീനുകള്‍ക്ക് മൂന്നോളം വെറൈറ്റികള്‍ ഉണ്ട് വിപണിയില്‍. അയല- 50, 60, 80 മത്തി - 20, 80, 100 എന്നിങ്ങനെയാണ് വില. മറ്റ് മീനുകളില്‍ ചാല - 80, പുന്നാര - 180, നെയ്മീന് - 200, ഊളാവ് - 160, ശീലാവ് - 80, ആവോലി - 260, മഞ്ഞപ്പ - 320, ചൂര - 100, കേര - 140, ഓലക്കുടി - 200, കിളി - 100 എന്നിങ്ങനെയാണ് വില. കൂടാതെ പുഴ മീനും വിപണിയില്‍ 200 രൂപയ്ക്ക് ലഭ്യമാണ്. ഇടത്തരക്കാര്‍ക്ക് വിലകുറഞ്ഞ മീനുകളോടാണ് പ്രിയമെങ്കിലും എല്ലാത്തരം മീനുകളും വിറ്റുപോകുന്നതായി മുതലക്കോടത്തെ ഒരു വ്യാപാരി പറഞ്ഞു. ട്രോളിംഗ് നിരോധനത്തിന് ശേഷം മീനുകളുടെ വരവ് വര്‍ദ്ധിച്ചതാണ് വില കുറയാന്‍ കാരണം. വില കുറവാണെങ്കിലും ചിലയിനം മീനുകള്‍ ലഭിക്കുന്നില്ലെന്നും വ്യാപാരികള്‍ പറയുന്നു. മാംസവില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ മീനുകളോടുള്ള പ്രിയം ഏറിവരികയാണ്. വില കുറഞ്ഞെങ്കിലും ഹോട്ടലുകളില്‍ ഇപ്പോഴും മീനിന് തീവില തന്നെയാണ്.