നാറ്റോ ആക്രമണത്തില്‍ ഒബാമ ഖേദം പ്രകടിപ്പിച്ചു

Monday 5 December 2011 12:44 pm IST

വാഷിങ്‌ടണ്‍: നാറ്റോ ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുമ്എസ് പ്രസിഡന്റ് ബരാക് ഒബാമ ഖേദം പ്രകടിപ്പിച്ചു. പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ ഫോണില്‍ വിളിച്ചാണു ഖേദം അറിയിച്ചത്. സംഭവം നടന്ന് എട്ടു ദിവസത്തിനു ശേഷമാണു ഖേദപ്രകടനം. ആക്രമണം ആസൂത്രിതമായിരുന്നില്ലെന്ന്‌ വ്യക്തമാക്കിയ ഒബാമ എന്നാല്‍ അന്വേഷണത്തില്‍ യു.എസിനുള്ള പൂര്‍ണ ഉത്തരവാദിത്തവും പ്രകടമാക്കി. സംഭാഷണം വളരെ സൗഹാര്‍ദത്തോടെയായിരുന്നുവെന്നും യു.എസും പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധത്തോടുള്ള പ്രതിബദ്ധത ഇരുനേതാക്കളും പ്രകടിപ്പിച്ചുവെന്നും വൈറ്റ്‌ ഹൗസ്‌ വൃത്തങ്ങള്‍ അറിയിച്ചു. ഫോണ്‍ സംഭാഷണം അര മണിക്കൂര്‍ നീണ്ടു. പാക്കിസ്ഥാനെതിരേ കരുതിക്കൂട്ടി നടത്തിയ ആക്രമണമല്ല നാറ്റോ നടത്തിയതെന്നും ഒബാമ ആസിഫ് അലിയെ അറിയിച്ചു. സംഭാഷണത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം കോട്ടം വരുത്താതെ മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യം ആവര്‍ത്തിച്ചുറപ്പിച്ചെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇതിനിടെ പാകിസ്ഥാനിലെ ഷംസി വ്യോമ താവളത്തില്‍ നിന്നും നാറ്റോ സൈന്യത്തിന്റെ പിന്‍മാറ്റം തുടങ്ങി. ആക്രമണമുണ്ടായ ഉടനെ താവളത്തില്‍ നിന്നും പിന്‍വാങ്ങണമെന്ന്‌ പാക്കിസ്ഥാന്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ഇതിനിടെ അഫ്‌ഗാന്റെ ഭാവിയെ കുറിച്ച്‌ ആലോചിക്കാന്‍ അന്താരാഷ്‌ട്ര അഫ്‌ഗാന്‍ പ്രശ്‌ന പരിഹാര സമ്മേളന (ബോണ്‍ സമ്മേളനം) ത്തില്‍ നിന്നും പാക്കിസ്ഥാന്‍ വിട്ടു നില്‍ക്കുകയാണ്‌. സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന്‌ യു. എസ്‌ പാക്കിസ്ഥാനോട്‌ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.