വലിയ വാഹനങ്ങളുടെ പാര്‍ക്കിംഗ് അപകടക്കെണിയാകുന്നു

Monday 5 October 2015 10:15 pm IST

എരുമേലി: സംസ്ഥാന പാതയോരത്തെ രാത്രികാല വലിയ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് അപകടക്കെണിയാകുന്നതായി പരാതി. എരുമേലി-റാന്നി സംസ്ഥാന പാതയില്‍ വലിയമ്പലത്തിന് മുന്‍വശത്തുള്ള റോഡിലാണ് സംഭവം. ടൗണിലെ ഏറ്റവും വീതികൂടിയ ഭാഗമാണ് വലിയമ്പലത്തിന്റെ മുന്‍വശം. റോഡിന്റെ ഒരുവശത്ത് കെഎസ്ആര്‍ടിസി ബസും മറുവസത്ത് മണല്‍, തടി ലോറികളുമാണ് മിക്കപ്പോഴും പാര്‍ക്ക് ചെയ്യുന്നത്. ലോറികള്‍ വന്നില്ലെങ്കില്‍ റോഡിന്റെ ഇരുവശവും കെഎസ്ആര്‍ടിസി ബസ് പാര്‍ക്ക് ചെയ്യുന്ന സ്ഥിരം കാഴ്ചയാണ്. റോഡിന്റെ ഇരുവശത്തുമായി വലിയ വാഹനങ്ങള്‍ കിടക്കുന്നതോടെ മറ്റു വാഹനങ്ങളുടെ സ്വതന്ത്രമായ സര്‍വ്വീസിന് വലിയ ഭീഷണിയാണുയര്‍ത്തുന്നതെന്നും ഡ്രൈവര്‍മാരും നാട്ടുകാരും പറയുന്നു. പോലീസ് അടക്കമുള്ള ഉന്നതാധികാര നിയമപാലകര്‍ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന പ്രധാന റോഡിന്റെ ഈ അപകടകെണിക്കെതിരെ ജനകീയ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കൊള്ളാവുന്നതിലുമധികം ബസുകളാണ് നിലവിലുള്ളത്. സെന്ററില്‍ അധികം വരുന്ന ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഏറ്റെടുക്കാന്‍ വര്‍ഷങ്ങളായി പഞ്ചായത്തും നെട്ടോട്ടമോടുകയാണ്. ശബരിമല തീര്‍ത്ഥാടന വേളയില്‍ കെഎസ്ആര്‍ടിസിക്ക് പഞ്ചായത്ത് താല്‍ക്കാലിക പാര്‍ക്കിംഗ് സ്ഥലം എടുത്തുകൊടുക്കുന്നത് ഒഴിച്ചാല്‍ കെഎസ്ആര്‍ടിസിയുടെ വികസനത്തിന് പഞ്ചായത്തടക്കമുള്ള ബന്ധപ്പെട്ടവര്‍ ഒന്നും ചെയ്യുന്നില്ലെന്നും ആക്ഷേപം ഉണ്ട്. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യേണ്ട ബസുകള്‍ റോഡുനീളെ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതിലൂടെ വന്‍ അപകടമാണ് ക്ഷണിച്ചുവരുത്തുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന എരുമേലി കെഎസ്ആര്‍ടിസിക്ക് ആവശ്യമായി വരുന്ന അധികസ്ഥലം എടുത്തുകൊടുക്കുവാന്‍ അടിയന്തിര നടപടി ഉണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ശബരിമല തീര്‍ത്ഥാനടവേളയില്‍ കെഎസ്ആര്‍ടിസിക്കായി പഞ്ചായത്ത് താത്ക്കാലിക സ്ഥലം വാടകയ്ക്ക് എടുത്തുകൊടുക്കുന്നതിലും അഴിമതിയും ദുരൂഹതയുമുള്ളതായി പറയപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.