പ്രാചീന വട്ടെഴുത്ത്, തമിഴ് ശിലാലിഖിതങ്ങള്‍ കണ്ടെത്തി

Monday 5 October 2015 10:48 pm IST

കൊച്ചി: ജില്ലയില്‍ അങ്കമാലിക്ക് സമീപം കരായാമ്പറമ്പ് ഉണ്ണിമഠം ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ സഹസ്രാബ്ദങ്ങള്‍ പഴക്കമുളള ശിലാലിഖിതങ്ങള്‍ കണ്ടെത്തി. ക്ഷേത്ര അധിഷ്ഠാനത്തിന്റെ വൃത്തകുമുദത്തില്‍ രണ്ടു ഭാഗങ്ങളിലായാണ് ശിലാലിഖിതങ്ങള്‍ ഉളളത്. സോപാനത്തിന്റെ ഇടതുഭാഗത്ത് 70 സെ.മീ. നീളത്തിലും 25 സെ.മി. വീതിയിലും നാലുവരികളിലാണ് ലിപികള്‍ ആലേഖനം ചെയ്തിട്ടുളളത്. സോപാനത്തിന്റെ വലതുഭാഗത്തുളള വൃത്തകുമുദത്തില്‍ 20 സെ.മി. നീളത്തിലും 25 സെ.മി. വീതിയിലുമായി 4 വരിയിലാണ് തമിഴ് ലിപിയുളളത്. പ്രാചീന ചരിത്രത്തില്‍ ഗവേഷണം നടത്തുന്ന പുല്ലുവഴി ജയകേരളം ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ അധ്യാപകന്‍ ഡോ.വി.സനല്‍കുമാറാണ് ക്ഷേത്രം സന്ദര്‍ശിച്ച് ലിപികളുടെ ചരിത്ര പ്രാധാന്യം തിരിച്ചറിഞ്ഞത്. എ.ഡി. 8,9 നൂറ്റാണ്ടില്‍ വികാസം പ്രാപിച്ച ലിപിയോടാണ് ഇതിനു സാദൃശ്യം. 285 സെ.മി.നീളത്തില്‍ സമചതുരാകൃതിയിലുളള ക്ഷേത്രം പൂര്‍ണ്ണമായും കരിങ്കല്‍ നിര്‍മ്മിതമാണ്. മാങ്ങാട് രാജകുടുംബവുമായി ബന്ധമുളള ക്ഷേത്രം ഇന്ന് ജീര്‍ണ്ണാവസ്ഥയും അവഗണയേറ്റും കിടക്കുകയാണ്. ടിപ്പുവിന്റെ പടയോട്ടകാലത്ത് നശിപ്പിക്കപ്പെട്ടതായി കരുതപ്പെടുന്ന ക്ഷേത്രം പിന്നീട് ഭാഗികമായി പുനരുദ്ധരിക്കപ്പെടുകയായിരിന്നു. തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലുളള ക്ഷേത്രം വിജനമായ പ്രദേശത്ത് അവഗണനയേറ്റു കിടക്കുകയാണ്.ഇവിടെനിന്ന് കണ്ടെത്തിയ പ്രാചീന ശിലാലിഖിതത്തിന്റെ പ്രാധാന്യം സംസ്ഥാന പുരാവസ്തു വകുപ്പിനേയും ചരിത്രഗവേഷകരായ ഡോ.എം.ജി.എസ്. നാരായണനേയും ഡോ.എം.ആര്‍. രാഘവവാരിയരേയും അറിയിച്ചിട്ടുണ്ട് എന്ന് സനല്‍കുമാര്‍ പറഞ്ഞു. ഈ ശിലാലിഖിതങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികളായ എം.ആര്‍ രാമകൃഷ്ണന്‍ നായരും ഘനശ്യാമും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.