കുറുമാലിപ്പാലത്തില്‍ വീണ്ടും അപകടം

Friday 16 October 2015 3:32 pm IST

പുതുക്കാട്: കുറുമാലിപ്പാലത്തില്‍ കൈവരിയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് അപകടം. തൃശൂര്‍ ഭാഗത്തുനിന്നും ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കൈവരിയില്‍ ഇടിച്ചു നിന്നത്. ആക്‌സില്‍ ഒടിഞ്ഞതാണ് അപകടകാരണം. ചൊക്കന സ്വദേശി എളുപ്പൂങ്കല്‍ രാജീവിന്റേതാണ് അപകടത്തില്‍ പെട്ട വാഹനം. ഇടിച്ച വാഹനം പാലത്തിന്റെ കൈവരി തകര്‍ത്തുവെങ്കിലും പുഴയിലേക്ക് മറയാതെ നില്‍ക്കുകയായിരുന്നു. കഴിഞ്ഞ മാസം പാലത്തിന്റെ ഇതേ കൈവരി തകര്‍ത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചിരുന്നു. ഇതിനുശേഷം കൈവരി പുന:സ്ഥാപിക്കാത്ത ടോള്‍ കമ്പനി താത്കാലികമായി പൈപ്പുകൊണ്ട് കൈവരി കെട്ടി വച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ മാസത്തെ ദുരന്തത്തിനുശേഷം നാട്ടുകാര്‍ പ്രതിഷേധിക്കുകയും ഇതേ തുടര്‍ന്ന് പുതുക്കാട് പോലീസ് സ്ഥലത്തെത്തി ടോള്‍ കമ്പനിയോട് ഒരാഴ്ചക്കകം പാലത്തിന്റെ കൈവരി നിര്‍വ്വഹിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെയും കൈവരിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ടോള്‍ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല.