ചെറുവത്തൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ സംരക്ഷണസമിതി രൂപീകരിച്ചു

Tuesday 6 October 2015 12:56 pm IST

കാസര്‍കോട്: ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖത്ത് സമാധാനം നിലനിര്‍ത്താന്‍ തീരുമാനമായി. ജില്ലാകളക്ടര്‍ പിഎസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംമ്പറില്‍ ചേര്‍ന്ന പരമ്പരാഗതമത്സ്യതൊഴിലാളികളുടെയും ബോട്ടുടമകളുടെയും ട്രേഡ്‌യൂണിയന്‍ പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. ചെറുവത്തൂര്‍ മടക്കര തുറമുഖത്തിനായി നിലവിലുണ്ടായിരുന്ന വികസനസമിതിയെ മാറ്റി ഉദ്യോഗസ്ഥ പ്രതിനിധികള്‍ ഉള്‍പ്പെട്ട ചെറുവത്തൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ സംരക്ഷണ സമിതി രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനര്‍ ആയിരിക്കും. ചെറുവത്തൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ ഡെവലപ്‌മെന്റ് കമ്മറ്റി അംഗങ്ങള്‍ക്ക് പുറമെ റെവന്യു ഡിവിഷന്‍ ഓഫീസര്‍, എക്‌സിക്യുട്ടീവ് എഞ്ചീനീയര്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്, ഡിവൈഎസ്പി കാഞ്ഞങ്ങാട്, ലേബര്‍ഓഫീസര്‍, അംഗീകൃത ട്രേഡ് യൂണിയനുകള്‍, ബോട്ടുടമകള്‍, പരമ്പരാഗത മത്സ്യതൊഴിലാളികള്‍, മത്സ്യ കച്ചവടക്കാര്‍, പരമ്പരാഗത മത്സ്യവിപണന തൊഴിലാളികള്‍ എന്നിവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് ചെറുവത്തൂര്‍ ഫിഷറീസ് ഹാര്‍ബര്‍ സംരക്ഷണ സമിതി രൂപീകരിച്ചിട്ടുള്ളത്. സമിതി ഉടന്‍ യോഗം ചേരും. തുറമുഖത്ത് ശാശ്വത സമാധാനത്തിന് തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പുതിയ സമിതി ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. അന്യസംസ്ഥാന ബോട്ടുകള്‍ ഈ മാസം 31 നകം ജില്ല വിട്ടുപോകുന്നതിന് നിര്‍ദേശം നല്‍കി. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ ഇന്‍ബോഡ് എന്‍ഞ്ചിന്‍ ഘടിപ്പിച്ചതുള്‍പ്പടെയുള്ള യാനങ്ങള്‍ക്ക് മത്സ്യം പിടിക്കുവാനും വില്‍പന നടത്താനും തടസ്സമുണ്ടാക്കില്ലെന്നും യോഗം തീരുമാനിച്ചു. ആരും നിയമം കയ്യിലെടുക്കരുത്. തുറമുഖത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിയമവിധേയമായിരിക്കണം. സമാധാനം നിലനിര്‍ത്താന്‍ സംയമനം പാലിക്കണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ആര്‍ഡിഒ ഡോ പികെ ജയശ്രീ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ കെ പത്മനാഭന്‍, ഫിഷറീസ് അസി ഡയറക്ടര്‍ കെ.അജിത, ചന്തേര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി രാജേഷ്, മത്സ്യഫെഡ് ജില്ലാ അസി മാനേജര്‍ കെഎച്ച് ഷറീഫ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് അസി എക്‌സിക്യുട്ടീവ് എഞ്ചീനീയര്‍ വി ടി ബാലകൃഷ്ണന്‍, വിവിധ ട്രേഡ് യൂണിയന്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍, ബോട്ടുടമകള്‍, ചെറുവത്തൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ ഡെവലപ്‌മെന്റ് കമ്മറ്റി, മത്സ്യകച്ചവടക്കാര്‍, പരമ്പരാഗത മത്സ്യ വിപണനക്കാര്‍ എന്നിവരുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.