ഇഞ്ചവിള പട്ടികജാതികോളനി അക്രമിച്ചത് സിപിഎം പാര്‍ട്ടിപത്രത്തിന്റെ കള്ളക്കഥ പൊളിയുന്നു

Tuesday 6 October 2015 3:53 pm IST

കൊല്ലം: അഞ്ചാലൂംമൂട് തൃക്കരുവ ഇഞ്ചവിളയില്‍ പട്ടികജാതിക്കാര്‍ക്ക് നേരെ നടന്ന അക്രമത്തിന് പിന്നില്‍ സിപിഎം ക്രിമിനലുകളെന്ന് വ്യക്തമാകുന്നു. സംഭവം നടത്തിയതിന് ശേഷം അത് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവയ്ക്കുവാനുള്ള സിപിഎമ്മിന്റെയും പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെയും ശ്രമമാണ് പൊളിയുന്നത്. സിപിഎമ്മിന് സ്വാധീനമുണ്ടായിരുന്ന പ്രദേശത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അജിത്ത്, വിഷ്ണു, നൗഫല്‍, കൊച്ചു, അനു, ജിത്തു, മിഥുന്‍, അഖില്‍, അമ്പാടി, ബാബു, സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരസ്യമായ മദ്യപാനവും കഞ്ചാവ് ഉപയോഗവും സ്ഥിരമായി നടന്നിരുന്നു. ഇത് പ്രദേശവാസികളായ സിപിഎം കുടുംബങ്ങള്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് വൈകിട്ടോടെ സംഘടിച്ചെത്തിയ ഈ സംഘമാണ് സിപിഎം പ്രവര്‍ത്തകയായ അംബികയുടെ വീട്ടില്‍ കടന്നുകയറി ജോലി കഴിഞ്ഞ് ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന മകനെ ഇരുമ്പുകമ്പി ഉപയോഗിച്ച് തലയ്ക്ക് അടിച്ചത്. ഇത് കണ്ട് തടസം പിടിച്ച അംബികയെ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ഓടികൂടിയ പ്രദേശവാസിയും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകയുമായ ഇഞ്ചവിള സുധീഷ് ഭവനത്തില്‍ സുശീലയെയും മര്‍ദ്ദിക്കുകയായിരുന്നു. സുശീലയെ അക്രമിക്കുന്നതു കണ്ട് തടഞ്ഞ മക്കളായ സുമേഷിനെയും സുധീഷിനെയും സംഘം മര്‍ദ്ദിക്കുകയായിരുന്നു. ഇവര്‍ സിപിഎം പ്രവര്‍ത്തകരാണ്. സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം സജീവിന്റെ സഹോദരിയായ സുലോചനയെയും സംഘം അക്രമിച്ചു. സമീപത്തെ വീടുകള്‍ക്ക് നേരെ വ്യാപകമായി കല്ലേറു നടത്തുകയും ചെയ്തു. കല്ലേറിലാണ് സംഗീത, ലീല എന്നിവര്‍ക്ക് പരുക്കേറ്റത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനു ശേഷമാണ് സംഘം മടങ്ങിയത്. ഇതിനിടെ ഇതേ സംഘം അനീഷിനെ പ്രവേശിപ്പിച്ച സ്വകാര്യശുപത്രിക്ക് മുന്നിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി. സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ അക്രമിച്ചുവെന്നു കാട്ടി തുടര്‍ന്ന് ഈ സംഘം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തൃക്കരുവയില്‍ നടന്ന യഥാര്‍ത്ഥ സംഭംവം ഓരോന്നായി പുറത്തുവരുകയാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ഇഞ്ചവിളയില്‍ നടന്നത് രാഷ്ട്രീയ അക്രമമല്ല. സാമൂഹികവിരുദ്ധ പ്രവര്‍ത്തനം നടത്തിയത് പ്രദേശവാസികള്‍ ചോദ്യം ചെയ്തതാണ് അക്രമത്തിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചതെന്ന് ബിജെപി പനയം പഞ്ചായത്ത് സമതി പ്രസിഡന്റ് രതീഷ് പനയം ചൂണ്ടിക്കാട്ടി. വൈകുന്നേരം മദ്യപിച്ചെത്തി വീടുകള്‍ക്ക് നേരെ അക്രമണം നടത്തിയ സാമൂഹികവിരുദ്ധ സംഘത്തെ സംരക്ഷിക്കാന്‍ സിപിഎം പ്രാദേശികഘടകം ശ്രമിക്കുന്നു. ആര്‍എസ്എസിനുമേല്‍ കുറ്റം ചുമത്തി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നുവെന്നും രതീഷ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.