അടുക്കളയില്‍ നിന്നും യോഗയിലേക്ക്...

Monday 12 October 2015 4:29 pm IST

അടുക്കളയില്‍ നിന്നും അരങ്ങത്തേക്കല്ല യോഗയുടെ നടുത്തളത്തിലേക്കിറങ്ങി യവളാണ് കോക്കര ഇല്ലത്തെ ഷീജ അന്തര്‍ജനം. യോഗ എന്നത് ഷീജ കൃഷ്ണന് രോഗമുക്തിക്കുപരി ദിനചര്യ കൂടിയാണ്. അതുകൊണ്ടാണ് കഷ്ടപ്പെട്ടു പഠിച്ച യോഗയുടെ ഗുണങ്ങള്‍ മറ്റുള്ളവരിലേക്കും പകരണമെന്ന് ഈ വീട്ടമ്മ ആഗ്രഹിച്ചതും. അങ്ങനെയാണ് തൃശൂര്‍ ജില്ലയിലെ എരവിമംഗലം എന്ന കൊച്ചുഗ്രാമത്തിലെ സ്ത്രീകളും യോഗയുടെ ഗുണമറിഞ്ഞത്. ഒപ്പം കോക്കര മന ആയിരക്കണക്കിനാളുകള്‍ക്ക് യോഗയുടെ വേദപാഠശാലയായിത്തീര്‍ന്നതും. കോക്കര മനയുടെ അകത്തളങ്ങളില്‍ ഒതുങ്ങിക്കഴിയേണ്ട ഒരാളായിരുന്നു ഷീജയും. എന്നാല്‍ കടുത്ത സന്ധിവേദനയക്ക് രണ്ടു വര്‍ഷത്തിലധികം വേദന സംഹാരികള്‍ മാത്രം ഉപയോഗിച്ചിട്ടും ഫലമില്ലാതായപ്പോഴാണ് യോഗ ഒരു പരീക്ഷണമെന്ന നിലയില്‍ പരിശീലിച്ചത്. യോഗാഭ്യാസം ജീവിതം തന്നെ മാറ്റിമറിച്ചതായി ഷീജ പറയുന്നു. ഇന്നു താന്‍ ആരോഗ്യവതിയായി ജീവിക്കുന്നത് യോഗയുടെ ഗുണഫലമാണെന്ന് ഷീജ സമ്മതിക്കുന്നു. ആ തിരിച്ചറിവാണ് മറ്റുള്ളവരിലേക്കുകൂടി പകര്‍ന്നു നല്‍കാന്‍ ഷീജ തയ്യാറായതും. ആധുനിക കാലഘട്ടത്തിലെ സംഘര്‍ഷഭരിതമായ മനസ്സുകള്‍ക്ക് യോഗയോളം ഫലപ്രദമായ മരുന്ന് വേറെയില്ലെന്നാണ് ഷീജയുടെ കണ്ടെത്തല്‍. കഴിഞ്ഞ 14 വര്‍ഷത്തിനുള്ളില്‍ ആയിരത്തിലേറെ പേര്‍ക്കാണ് ഷീജ യോഗയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. എരവിമംഗലം സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തോടനുബന്ധിച്ച പരിശീലന പരിപാടി നടത്തിവരികയാണിപ്പോള്‍ ഷീജ. 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സൗജന്യമായിട്ടാണ് ഷീജ പരിശീലനം നല്‍കുന്നത്. ആര്‍ത്തവ വിരാമകാലത്ത് സ്ത്രീകള്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങളാണ് അമ്പതുകഴിഞ്ഞവര്‍ക്ക് യോഗ പരിശീലനം നല്‍കാന്‍ ഷീജയ്ക്ക് പ്രേരണയായത്. ഷഡ്ദര്‍ശനങ്ങളില്‍ ഒന്നായ യോഗ അഭ്യസിക്കുന്നതിലൂടെ ശരീര കോശങ്ങളിലേക്ക് പോസിറ്റീവ് എനര്‍ജി പ്രവഹിക്കുകയും കോശങ്ങള്‍ കൂടുതല്‍ കര്‍മോത്സുകമാവുകയും ചെയ്യുമെന്ന് ഷീജ പറയുന്നു. സങ്കീര്‍ണമായ അഭ്യാസമുറകള്‍ക്കു പകരം വളരെ ലളിതമായ വ്യായാമ രീതിയിലാണ് ഷീജ യോഗ അഭ്യസിപ്പിക്കുന്നത്. അതുകൊണ്ട് അവര്‍ക്ക് അനായാസേന ഇതിലേക്ക് ഇഴുകിച്ചേരാനാകും. മനസും ശരീരവും വളരെപ്പെട്ടന്നുതന്നെ യോഗയിലര്‍പ്പിക്കാനും കഴിയും. ശരീര ശോഷണം, അമിതവണ്ണം, നടുവേദന, പ്രമേഹം, തുടങ്ങി സ്ത്രീകളെ അലട്ടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തമപ്രതിവിധിയാണ് യോഗ. സിസേറിയനുകള്‍ വര്‍ധിച്ച ഈ കാലത്ത് യോഗാഭ്യാസം സുഖപ്രസവത്തിനുവരെ സഹായകമാകുമെന്നാണ് ഷീജയുടെ അഭിപ്രായം. അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും യോഗയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട് ഷീജ. എരവിമംഗലത്തു മാത്രമല്ല, കുട്ടനെല്ലൂര്‍, പുത്തൂര്‍, ആനന്ദപുരം, ചാലക്കുടി, എന്നീ സ്ഥലങ്ങളിലും യോഗാക്ലാസുകള്‍ നടത്തിവരുന്നുണ്ട്. ഭര്‍ത്താവ് എരവിമംഗലം ക്ഷേത്രം മേല്‍ശാന്തിയായ കോക്കര കൃഷ്ണന്‍ നമ്പൂതിരി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.