നെല്ല് സംഭരണം മില്ലുടമകള്‍ അട്ടിമറിക്കുന്നതായി ആക്ഷേപം

Tuesday 6 October 2015 8:25 pm IST

ആലപ്പുഴ: കുട്ടനാട്ടിലെ നെല്ല് സംഭരണം അട്ടിമറിക്കാന്‍ മില്ലുകാര്‍ ഒത്തുകളിക്കുന്നതായി ആക്ഷേപം. നെല്ല് സംഭരണത്തിന് 40 മില്ലുകള്‍ എത്തേണ്ടതാണെങ്കിലും ആകെ എട്ടു മില്ലുകളെ വന്നിട്ടുള്ളൂ. മഴ തുടരുന്ന സാഹചര്യത്തില്‍ കൊയ്‌തെടുക്കുന്ന നെല്ല് ഉടന്‍തന്നെ ഉണക്കി സംഭരിച്ചില്ലെങ്കില്‍ കര്‍ഷകര്‍ക്ക് വന്‍ നഷ്ടമുണ്ടാകും. നെല്ലിന്റെ ഈര്‍പ്പത്തിന്റെ പേരില്‍ കര്‍ഷകരെ കൊള്ളയടിക്കാനുള്ള തന്ത്രമാണ് മില്ലുകാര്‍ നടത്തുന്നതെന്നതാണ് കര്‍ഷകരുടെ ആക്ഷേപം. നേരത്തെ കൈകാര്യച്ചെലവ് തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നെല്ലുസംഭരണം നടത്താന്‍ മില്ലുടമകള്‍ തയ്യാറാകാതിരുന്നതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 143 രൂപയായിരുന്ന കൈകാര്യച്ചെലവ് 190 രൂപയായി ഉയര്‍ത്തിയതിനെതുടര്‍ന്നാണ് മില്ലുടമകള്‍ കഴിഞ്ഞ ദിവസം സംഭരണം തുടങ്ങാന്‍ തയ്യാറായത്. എടത്വ, തകഴി കൃഷിഭവനുകളിലെ ചുങ്കം, ദേവസ്വം വരമ്പിനകം ഇരവുകരി വടക്ക്, തായങ്കരി ചിറയ്ക്കകം തകഴി പോളൈപ്പാടം എന്നീ പാടശേഖരങ്ങളിലാണ് രണ്ടാംകൃഷി വിളവെടുപ്പ് പൂര്‍ത്തിയായത്. രണ്ടാഴ്ചയായി കൊയ്തുകൂട്ടിയ നെല്ലുമായി സംഭരണത്തിന് കര്‍ഷകര്‍ മുറവിളി കൂട്ടുകയായിരുന്നു. വിളവെടുപ്പിന് പിന്നാലെ കനത്തമഴയെത്തിയത് കര്‍ഷകരെ കടുത്ത ദുരിതത്തിലാക്കി. പാടത്ത് സൂക്ഷിച്ചിരുന്ന നെല്ല് മഴവെള്ളത്തില്‍ കുതിര്‍ന്ന് നശിച്ചും കനത്ത നഷ്ടമാണുണ്ടായത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കേണ്ടത് പാഡി മാര്‍ക്കറ്റിങ് ഓഫീസിലെ ഉദ്യോഗസ്ഥരാണ്. മില്ലുകളെ നിയോഗിക്കാനുള്ള ചുമതലയും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍മാര്‍ക്കാണ്. എന്നാല്‍ ഈ സീസണില്‍ പാഡി ഓഫീസര്‍മാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. നെല്ല് സംഭരണത്തിനു മുന്നോടിയായി നടത്തേണ്ട കര്‍ഷക റജിസ്‌ട്രേഷനും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ആകെ 40ശതമാനം കര്‍ഷകരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. സംഭരണം സംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങള്‍ പലയിടത്തും നിലനില്‍ക്കുന്നതിനിടെ കൈനകരിയില്‍ വിളവെടുപ്പിനു പാകമായ നെല്ലുവീണ് കിളിര്‍ത്തുതുടങ്ങി. കൈനകരി കൃഷിഭവന്‍ പരിധിയിലെ ഇരുമ്പനം, പഴൂര്‍ പാടശേഖരങ്ങളിലെ 250 ഓളം ഹെക്ടര്‍ നെല്‍കൃഷിയാണ് നശിക്കുന്നത്. 420 ഏക്കര്‍ വരുന്ന ഇരുമ്പനം പാടശേഖരത്തില്‍ നെല്‍ച്ചെടികള്‍ വീണുകിടക്കാന്‍ തുടങ്ങിയിട്ടു ഒരാഴ്ചയായി. ഇവയില്‍ പലതും കിളിര്‍ത്തും തുടങ്ങി. വിളവെടുപ്പിനു ഏഴുദിവസം മാത്രമാണ് ഇനി ശേഷിക്കുന്നത്. വീണുകിടക്കുന്ന നെല്‍ച്ചെടികള്‍ വെള്ളത്തിലാണ്. വ്യാപകമായി വീണുകിടക്കുന്ന നെല്ലു കൊയ്‌തെടുക്കാന്‍ ഏറെ പ്രയാസപ്പെടും. തുടര്‍ച്ചയായി പെയ്യുന്ന മഴ കൊയ്ത്തുയന്ത്രം ഇറക്കുന്നതിനും തടസമാണ്. ജില്ലയില്‍ 14,719 ഹെക്ടറിലാണ് രണ്ടാംകൃഷി നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.