ഇ ഡിസ്ട്രിക്ട് പദ്ധതി അട്ടിമറിച്ചു

Tuesday 6 October 2015 8:36 pm IST

തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വെബ് പോര്‍ട്ടല്‍ സംവിധാനം വഴി പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കാന്‍ ആരംഭിച്ച ഇ ഡിസ്ട്രിക്ട് പദ്ധതി അട്ടിമറിച്ചു. വില്ലേജ് ഓഫീസുകളിലും തഹസില്‍ദാര്‍ ഓഫീസുകളിലും സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിച്ച് ദിവസങ്ങളോളം കയറിയിറങ്ങേണ്ടി വരുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണു പദ്ധതി ആരംഭിച്ചത്. എന്നാല്‍ ഈ ജനകീയപദ്ധതി ചില ഉദ്യോഗസ്ഥര്‍ പൊളിച്ചടുക്കുകയാണുണ്ടായത്. വിവരാവകാശ അപേക്ഷകള്‍, ഭൂമി സംബന്ധമായ അപേക്ഷകള്‍, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ഇവയെല്ലാം സേവനാവകാശ നിയമപ്രകാരമുള്ള സമയപരിധിക്കുള്ളില്‍ അപേക്ഷകരുടെ കൈകളില്‍ എത്തിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. തുടക്കത്തില്‍ തന്നെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കി. എന്നാല്‍ വില്ലേജ് ഓഫീസര്‍മാരും താലൂക്ക് ഓഫീസര്‍മാരും ചേര്‍ന്ന് ഇ-ഡിസ്ട്രിക്ട് സംവിധാനത്തെ തകിടംമറിക്കുകയായിരുന്നു. തിരുവനന്തപുരത്ത് വെള്ളയമ്പലം ആസ്ഥാനമായുള്ള സംസ്ഥാന ഐടി മിഷനായിരുന്നു പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഇ-ഡിസ്ട്രിക്ട് പദ്ധതിയില്‍ വീഴ്ച വരുത്തിയ ജില്ലകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതും തിരുവനന്തപുരമാണ്. കോട്ടയം, തൃശൂര്‍ ജില്ലകളാണു രണ്ടും മൂന്നും സ്ഥാനക്കാര്‍. ഇഡിസ്ട്രിക്ട് കേരള റിപ്പോര്‍ട്ട് പ്രകാരം ഈ ജില്ലകളിലെ വില്ലേജ്, തഹസില്‍ദാര്‍ ഓഫീസുകളില്‍ ലഭിച്ച 1000 അപേക്ഷകളില്‍ ആറു മുതല്‍ ഒന്‍പതു പേര്‍ക്ക് മാത്രമാണു ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമായിട്ടുള്ളത്. സംസ്ഥാനത്തെ 45 വില്ലേജ് ഓഫീസുകളില്‍ നിന്നും നാലു താലൂക്ക് ഓഫീസുകളില്‍ നിന്നും കഴിഞ്ഞമാസം ഒരാള്‍ക്കുപോലും ഓണ്‍ലൈന്‍ വഴി രേഖകള്‍ നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 225 വില്ലേജുകളിലും ആറു താലൂക്ക് ഓഫീസുകളിലും 100 ല്‍ താഴെ അപേക്ഷകര്‍ക്കാണു ഓണ്‍ലൈന്‍ സേവനം കിട്ടിയിട്ടുള്ളത്. കോടികള്‍ ചെലവഴിച്ചാണു സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും പദ്ധതി നടപ്പിലാക്കിയത്. ലാപ്‌ടോപ്പുകള്‍, വേഗമേറിയ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍, യുപിഎസ് തുടങ്ങി ആധുനിക ഉപകരണങ്ങള്‍ വാങ്ങിനല്‍കി. പുറമെ വില്ലേജ് ഓഫീസര്‍മാര്‍ക്ക് പ്രത്യേക പരിശീലനം, ഓണ്‍ലൈനായി ഒപ്പിടാന്‍ പെന്‍ഡ്രൈവ് രൂപത്തിലുള്ള ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ എന്നിവയും സര്‍ക്കാര്‍ ചെലവില്‍ നല്‍കി. പേന എടുക്കാതെ സര്‍ട്ടിഫിക്കറ്റുകളും രേഖകളും ജനങ്ങള്‍ക്ക് കൈമാറാന്‍ സാങ്കേതികസൗകര്യം ലഭിച്ചിട്ടും നമ്മുടെ ഉദ്യോഗസ്ഥര്‍ പദ്ധതിയെ അവഗണിക്കുകയായിരുന്നു. കമ്പ്യൂട്ടര്‍വത്കരണത്തോട് ഒരുകൂട്ടം ജീവനക്കാര്‍ ഇന്നും പുറംതിരിഞ്ഞു നില്‍ക്കുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണു ഇ-ഡിസ്ട്രിക്ട് പദ്ധതിയുടെ തകര്‍ച്ച. കണ്ണൂര്‍, പാലക്കാട്, വയനാട്, എറണാകുളം ജില്ലകളാണു പദ്ധതി നടത്തിപ്പില്‍ അല്‍പ്പമെങ്കിലും നില മെച്ചപ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.