ബാര്‍ കോഴക്കേസില്‍ വീണ്ടും തിരിച്ചടി : റിപ്പോര്‍ട്ട് കിട്ടണമെന്ന് ലോകായുക്ത

Tuesday 6 October 2015 10:56 pm IST

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സംസ്ഥാനസര്‍ക്കാരിന് വീണ്ടും തിരിച്ചടി. കേസില്‍ ആരോപണവിധേയനായ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ നടന്ന ക്വിക് വെരിഫിക്കേഷന്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ വിജിലന്‍സിനോട് ലോകായുക്ത നിര്‍ദ്ദേശിച്ചു. 15 ദിവസത്തിനകം രേഖകള്‍ ഹാജരാക്കണമെന്ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് വിജിലന്‍സ് ഡയറക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ പയസ് സി. കുര്യാക്കോസ്, കെ.പി. ബാലചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. ബാറുകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസ് 30 ലക്ഷം രൂപയില്‍ നിന്ന് 23 ലക്ഷമായി കുറയ്ക്കുന്നതിന് ബാര്‍ ഉടമകള്‍ പത്തു കോടി രൂപ മന്ത്രിക്ക് കൈക്കൂലി നല്‍കിയെന്ന് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയത്. ഈ അന്വേഷണം സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് വിജിലന്‍സ് ഡയറക്ടറോട് ലോകായുക്ത നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാത്രമല്ല മന്ത്രി കെ.എം. മാണിക്കെതിരെ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി കോടതിയില്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് ഹാജരാക്കാനും ലോകായുക്ത വിജിലന്‍സ് ഡയറക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രി മാണിക്കെതിരായ ആരോപണം അന്വേഷിച്ച വിജിലന്‍സ് എസ്പി: സുകേശനെ വിളിച്ചുവരുത്തി മൊഴി എടുക്കണമെന്ന പരാതിക്കാരന്‍ ഖാലിദ് മുണ്ടപ്പള്ളിയുടെ ഹര്‍ജി പിന്നീട് പരിഗണിക്കുമെന്ന് ലോകായുക്ത അറിയിച്ചു. ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് എറണാകുളം സ്‌പെഷ്യല്‍ യൂണിറ്റിലെ എസ്പി കെ.എം. ആന്റണിയുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി എം.എന്‍. രമേശാണ് മന്ത്രി ബാബുവിനെതിരെ ക്വിക് വെരിഫിക്കേഷന്‍ നടത്തിയത്. മന്ത്രി ബാബു കോഴ വാങ്ങിയതിന് വ്യക്തമായ തെളിവില്ലെന്ന നിഗമനത്തിലായിരുന്നു ക്വിക് വെരിഫിക്കേഷനു ശേഷം വിജിലന്‍സ് എത്തിച്ചേര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്വിക് വെരിഫിക്കേഷന്‍ നടത്തിയ ഉദ്യോഗസ്ഥന്‍ മന്ത്രിക്കെതിരെ തെളിവില്ലെന്നും കേസെടുക്കേണ്ടെന്നും കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് ഹാജരാക്കാനാണ് ലോകായുക്ത ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേസ് ഈ മാസം 15ന് വീണ്ടും പരിഗണിക്കും. അതേ സമയം ബാര്‍ കോഴ കേസില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, റവന്യൂമന്ത്രി അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ തെളിവില്ലെന്നും ലോകായുക്ത നിരീക്ഷിച്ചു. കെ.എം. മാണിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടും സാക്ഷി മൊഴികളും ഉള്‍പ്പെടെ അന്വേഷണ സംഘം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച രേഖകളുടെ പകര്‍പ്പ് ഹര്‍ജിക്കാരന്‍ ലോകായുക്തയില്‍ നേരിട്ട് ഹാജരാക്കി. കെ.എം. മാണിക്കെതിരായ കേസ് ഫയലുകള്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയെന്ന് അന്വേഷണ സംഘം ലോകായുക്തയെ നേരത്തെ അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.