കെഎസ്ഇബി കരാര്‍ തൊഴിലാളികള്‍ ഷോക്കേറ്റ് മരിച്ചു

Tuesday 6 October 2015 10:10 pm IST

കൊല്ലം: ജില്ലയില്‍ വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് കെഎസ്ഇബി ജീവനക്കാര്‍ ഷോക്കേറ്റ് മരിച്ചു. കൊട്ടാരക്കരയിലും ചവറയിലുമാണ് മരണം. രണ്ടുപേരും കരാര്‍ തൊഴിലാളികളാണ്. കൊട്ടാരക്കരയില്‍ കെഎസ്ഇബി കരാര്‍ ജീവനക്കാരനായ കൊല്ലം മങ്ങാട് ചേരിയില്‍ പുന്നമൂട് പൂത്തന്‍വീട്ടില്‍ രാജന്റെ മകന്‍ വിഷ്ണുരാജ് (24) ആണ് മരിച്ചത്. പോസ്റ്റില്‍ നിന്ന് വീണായിരുന്നു അപകടം. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കുളക്കട കെഎസ്ഇബി ഓഫിസിനു മുന്നിലാണ് സംഭവം. ഇരുമ്പ്‌പോസ്റ്റില്‍ കയറി അറ്റകുറ്റപണി നടത്തുന്നതിനിടയില്‍ താഴെക്ക് വീഴുകയായിരുന്നു. വൈദ്യുതാഘാതമേറ്റാണ് താഴെ വീണതെന്ന് സംശയിക്കുന്നു. തലയിടിച്ച് താഴെ വീണ വിഷ്ണുവിനെ ഉടന്‍തന്നെ അടൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അമ്മ ഉഷ, ഭാര്യ പുഷ്പലത, സഹോദരന്‍ രാജേഷ് രാജ്. ചവറയില്‍ വൈദ്യുതി ലൈനിന് സമീപത്തെ വൃക്ഷങ്ങളുടെ ശാഖകള്‍ മുറിക്കുന്നതിനിടെ ചവറ പയ്യലക്കാവ് കൊച്ചുകുന്നേല്‍ കിഴക്കതില്‍ ആനന്ദന്‍(48)ആണ് മരിച്ചത്. കുളത്തൂര്‍ ജംഗ്ഷനിന് കിഴക്ക് ഇന്നലെ രാവിലെ 9നാണ് അപകടം. ആനന്ദനൊപ്പമുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന്‍ ബിജുവിനും ഷോക്കേറ്റു. ഇദ്ദേഹം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. എട്ടുവര്‍ഷമായി ആനന്ദന്‍ കെഎസ്ഇബി കരാര്‍ ജീവനക്കാരനാണ്. ജയയാണ് ഭാര്യ. മക്കള്‍: പ്രണവാനന്ദ്, അമലാനന്ദ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.