രാഹുല്‍ ഗാന്ധിയുടെ റാലിക്കായി നശിപ്പിച്ചത് വിളവെടുക്കാറായ അഞ്ചേക്കര്‍ പാടം

Wednesday 7 October 2015 3:24 pm IST

ബംഗളൂരു: വരള്‍ച്ച മൂലം കൃഷി നശിച്ച്‌ കടക്കെണിയിലായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിക്ക് വേണ്ടി വെട്ടി നിരത്തിയത് വിളവെടുക്കാറായ പാടം. മധ്യ കര്‍ണാടകയിലെ റാണിബെന്നൂര്‍ ഗ്രാമത്തിന് സമീപമായാണ് പാടം വെട്ടിനിരത്തി മൈതാനം ഒരുക്കിയത്. അഞ്ച് ഏക്കറോളം സ്ഥലത്ത് വിളവെടുക്കാറായി നിന്ന ചോളമാണ് രാഹുലിന് റാലി നടത്താന്‍ വേണ്ടി നശിപ്പിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ വിളവെടുക്കാറായ ചോളമാണ് നശിപ്പിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. ഇതിനെതിരെ വിമര്‍ശനവുമായി പ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് വരാനും പോകാനുമായി വിലപ്പെട്ട കാര്‍ഷിക വിളകള്‍ വെട്ടിനശിപ്പിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു. ഹെലികോപ്റ്ററില്‍ സ്ഥലത്തെത്തുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ഒന്‍പത് കിലോമീറ്റര്‍ പദയാത്ര നടത്തുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ഉപാധ്യക്ഷന് അസൗകര്യം ഉണ്ടാകാതിരിക്കാന്‍ പദയാത്ര നടക്കുന്ന മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായും വിമര്‍ശനമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.