പ്രചാരണ നേതൃത്വം വിഎസിന് നല്‍കണമെന്ന് യെച്ചൂരി

Saturday 8 April 2017 11:35 pm IST

ന്യൂദല്‍ഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ നേതൃത്വം വിഎസിന് നല്‍കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഎസിനെ വിശ്വാസത്തിലെടുത്ത് പാര്‍ട്ടി ഐക്യം ശക്തിപ്പെടുത്താനും കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദ്ദേശം നല്‍കി. എസ്എന്‍ഡിപി യോഗവുമായി സിപിഎം പരസ്യമായ യുദ്ധത്തിനിറങ്ങിയതോടെയാണ് വിഎസിനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് നേരിടാന്‍ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം. എസ്എന്‍ഡിപിയും ബിജെപിയും തമ്മിലുള്ള സഖ്യം വിജയിക്കില്ലെന്ന് സിതാറാം യെച്ചൂരി ഇന്നലെ പാട്‌നയില്‍ വ്യക്തമാക്കി. എന്നാല്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ട് സിപിഎമ്മിനുണ്ടാക്കുന്ന ഭീഷണി തിരിച്ചറിയുന്നു. കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാനാണ് പാര്‍ട്ടിയുടെ ശ്രമം. സംസ്ഥാനത്ത് പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും യെച്ചൂരി പറഞ്ഞു. എന്നാല്‍ യെച്ചൂരിയുടെ നീക്കങ്ങളോട് സിപിഎം സംസ്ഥാന ഘടകം കരുതലോടെയുള്ള നിലപാടാണ് സ്വീകരിക്കുകയെന്നാണ് സൂചന. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് വിഎസിന്റെ പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള തിരിച്ചുവരവ് വെല്ലുവിളിയാകും. സംസ്ഥാന സമിതിയില്‍ പോലും ഉള്‍പ്പെടുത്താതെ സംസ്ഥാന സിപിഎം നേതൃത്വത്തില്‍ നിന്നും വിഎസിനെ മാറ്റി നിര്‍ത്തിയവര്‍ക്ക് മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ വിഎസിനെ പിന്തുണയ്ക്കാതെ നിവൃത്തിയില്ലെന്ന സ്ഥിതിയാണ്. വിഎസിനെ വീണ്ടും തിരികെ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് പിണറായി വിജയനുള്‍പ്പെടെയുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് അതൃപ്തിയുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതു പാര്‍ട്ടി വേദിയില്‍ ഉന്നയിക്കാനാവില്ല. സീതാറാം യെച്ചൂരിയും വിഎസ് അച്യുതാനന്ദനും തമ്മിലുള്ള അടുപ്പവും വിഎസിന് സംസ്ഥാന രാഷ്ട്രീയത്തില്‍ ലഭിക്കുന്ന സ്വീകാര്യതയും മറുവിഭാഗത്തെ നിശബ്ദമാക്കുന്നു. എന്നാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും സീറ്റ് ലഭിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ വിഎസ് പാര്‍ട്ടിക്ക് മുന്നില്‍ വെച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.