നഗരചിത്രം തെളിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം

Wednesday 7 October 2015 8:05 pm IST

ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ ഇത്തവണ മുഴുവന്‍ വാര്‍ഡുകളിലും ബിജെപിയോ, ബിജെപി പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥികളോ, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളോ മത്സര രംഗത്തുണ്ടാകും. എല്‍ഡിഎഫില്‍ ഒമ്പതോടെ നഗരസഭാ പരിധിയിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയാകുകയും അത് കമ്മറ്റി ചേര്‍ന്ന് അംഗീകരിക്കുകയും ചെയ്ത ശേഷമാകും അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനമുണ്ടാകുക. നഗരസഭയില്‍ 30 വാര്‍ഡുകളിലാണ് സിപിഎം മത്സരിക്കുന്നത്. 15 വാര്‍ഡുകളില്‍ മത്സരിക്കുന്ന സിപിഐയും പത്തിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. സിപിഎമ്മിനോടൊപ്പം നില്ക്കുന്ന ഗൗരിയമ്മ ജെഎസ്എസ് വിഭാഗത്തിന് മത്സരിക്കാന്‍ സിപിഎം മത്സരിച്ചിരുന്ന രണ്ട് സീറ്റുകള്‍ ഇത്തവണ നല്കും. കൂടാതെ ഘടകകക്ഷികളായ എന്‍സിപി, കേരള കോണ്‍ഗ്രസ് എസ്, ജനതാദള്‍ എസ് തുടങ്ങിയവയ്ക്കും സീറ്റുകള്‍ ലഭിക്കും. എന്‍സിപിക്ക് രണ്ടു സീറ്റുകള്‍ നല്കാമെന്ന് എല്‍ഡിഎഫില്‍ ധാരണയായെങ്കിലും തിരുമല വാര്‍ഡ് വേണമെന്ന നിലപാടില്‍ എന്‍സിപി ഉറച്ചുനിന്നതോടെ സീറ്റുകള്‍ സംബന്ധിച്ച ധാരണയായിട്ടില്ല. സിറ്റിംഗ് സീറ്റ് വിട്ടുനല്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഎം. നഗരസഭയില്‍ സിപിഎമ്മിന്റെ നിലവിലെ കൗണ്‍സിലര്‍മാരില്‍ പലരും വീണ്ടും മത്സരിക്കാനാണ് സാധ്യത. വനിത സംവരണ വാര്‍ഡില്‍ കഴിഞ്ഞതവണ മത്സരിച്ച് വിജയിച്ച കൗണ്‍സിലര്‍മാര്‍ ഇത്തവണ ജനറലായി മാറിയ വാര്‍ഡുകളില്‍ അങ്കത്തിനിറങ്ങും. ഭൂരിഭാഗം സീറ്റുകളില്‍ മത്സരിക്കേണ്ടവരെ സംബന്ധിച്ച ധാരണ താഴെത്തട്ടിലുള്ള കമ്മറ്റികളിലുണ്ടായിട്ടുണ്ട്. മുന്‍ നഗരസഭാ ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ ഇത്തവണ വീണ്ടും നഗരസഭയിലേക്ക് മത്സരിച്ചേക്കും. നഗരസഭാ അധ്യക്ഷയായ മേഴ്‌സി ടീച്ചര്‍ തുമ്പോളിയിലും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരും മത്സരത്തിനുണ്ട്. സിപിഎമ്മിനുള്ളിലെ കടുത്ത വിഭാഗീയത പല സ്ഥാനാര്‍ത്ഥികളുടെയും മത്സരഫലത്തെ ബാധിക്കാനാണ് സാദ്ധ്യത. മുന്‍ ചെയര്‍മാനും, ശിഷ്യനായ മുന്‍ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനും നേതൃത്വം നല്‍കുന്ന രണ്ടു വിഭാഗങ്ങള്‍ നഗരത്തിലെ സിപിഎമ്മിനെ പൂര്‍ണമായും വിഴുങ്ങി കഴിഞ്ഞു. ഇത് സിപിഎമ്മിലെ സാധാരണ പ്രവര്‍ത്തകര്‍ അസംതൃപ്തരാണ്. ആശ്രമം ലോക്കല്‍കമ്മറ്റിയിലുള്‍പ്പടെ ഇതിന്റെ ഭാഗമായി പൊട്ടിത്തെറികള്‍ ഉണ്ടായി കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.