ബിജെപി പ്രവര്‍ത്തകന്റെ വാഹനങ്ങള്‍ കത്തിച്ച ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍

Wednesday 7 October 2015 8:07 pm IST

ആലപ്പുഴ: ബിജെപി പ്രവര്‍ത്തകനായ പത്തിയൂര്‍ കരിയിലക്കുളങ്ങര മാളിയേക്കല്‍ തെക്കടത്ത് കൃഷ്ണകുമാറിന്റെ വീട്ടില്‍ കിടന്ന വാഹനങ്ങള്‍ കത്തിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ കായംകുളം ഏരിയാ ജോയിന്റ് സെക്രട്ടറി പ്രേംജിത്തിനെ കരീലക്കുളങ്ങര പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഒന്നിന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ബിജെപി പ്രവര്‍ത്തകനായ കൃഷ്ണകുമാറനോടുള്ള വൈരാഗ്യമാണ് വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തി. ഈ കേസിലെ മറ്റൊരു പ്രതി ഐവാന്‍ നേരത്തെ അറസ്റ്റിലായിരുന്നു. കരീലക്കുളങ്ങര പമ്പിന്റെ പടിഞ്ഞാറുവശത്തെ ഖാന്‍, ഐവാന്‍, പിടിയിലായ പ്രേംജിത്ത് എന്നിവര്‍ സംഭവദിവസം രാത്രി കരുനാഗപ്പള്ളിയിലുള്ള മാളില്‍ സിനിമ കഴിഞ്ഞെത്തി ബൈക്കിലുണ്ടായിരുന്ന പെട്രോള്‍ ഊറ്റി വീടിന്റെ മതില്‍ ചാടിക്കടന്ന് വാഹനത്തിലൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് കായംകുളം ഡിവൈഎസ്പി എസ്. ദേവമനോഹറിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. കൃത്യത്തിനുശേഷം ഒളിവില്‍ പോയ പ്രതികള്‍ പത്തിയൂര്‍ ഗ്രൗണ്ടില്‍ നില്‍ക്കുന്നുവെന്ന് സിഐ കെ.എസ്. ഉദയഭാനുവിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് കരീലക്കുളങ്ങര എസ്‌ഐ സുധിലാലിന്റെ നേതൃത്വത്തിലുള്ളസംഘം ഇന്നലെ വെളുപ്പിന് ആറുമണിക്ക് അറസ്റ്റുചെയ്തു. കൂടെയുണ്ടായിരുന്ന ഖാനെന്ന പ്രതി ഓടി രക്ഷപെട്ടു. പ്രതികള്‍ സഞ്ചരിച്ചുവന്ന കെഎല്‍ 31 എച്ച് 3113 വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രേംജിത്ത് കരീലക്കുളങ്ങരയില്‍ ബിജെപി നടത്തിയ പ്രകടനത്തിലേക്ക് ബൈക്കോടിച്ച് കയറ്റി പ്രകോപനം സൃഷ്ടിച്ച സംഭവത്തിലും മുഖ്യപ്രതിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.