കൊച്ചി: രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് പകരം തമാശകള്‍ നിറഞ്ഞു. പൊട്ടിച്ചിരികള്‍ ബഹളത്തിലേക്കെത്തിച്ചു. നന്ദി പറഞ്ഞും ക്ഷമ ചോദിച്ചും സ്നേഹവിരുന്നില്‍ പങ്കെടുത്തും അംഗങ്ങള്‍ കൈകൊടുത്ത് പിരിഞ്ഞു. കൊച്ചി കോര്‍പ്പറേഷന്റെ ഈ ഭരണസമിതിയുടെ അവസാന കൗണ്‍സില്‍ യോഗം തെരഞ്ഞെടുപ്പ് ചൂടിനിടയിലും രാഷ്ട്രീയം മാറ്റിവെച്ച സൗഹൃദ ചര്‍ച്ചയോടെ അവസാനിച്ചു. തന്റേതായ പരിമിതിയില്‍ ചില ഘട്ടങ്ങളില്‍ മെയറെന്ന നിലവിട്ട് പെരുമാറിയിട്ടുണ്ടാകാമെന്നും ഇത് വ്യക്തിപരമായെടുക്കരുതെന്നും മേയര്‍ ടോണി ചമ്മിണി പറഞ്ഞു. കൗണ്‍സില്‍ യോഗം പലപ്പോഴും ‘പരിധി’ കടന്നിട്ടുണ്ടെങ്കിലും വികസനകാര്യങ്ങളില്‍ ഒന്നിച്ചു നില്ക്കാന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യത്യസ്ത നിലപാടുകളുണ്ടാകുന്നത് സ്വാഭാവികമാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കമെന്നും പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബ് പറഞ്ഞു. കൗണ്‍സിലര്‍മാര്‍ക്ക് മേയറുടെ വക ഉപഹാരവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: