ചികിത്സയിലെ പിഴവ്: സ്വകാര്യ ആശുപത്രി 3.5 ലക്ഷം നല്‍കണം

Thursday 8 October 2015 12:41 pm IST

പാലക്കാട്: ചികിത്സയിലെ പിഴവിന് സ്വകാര്യ ആശുപത്രിയും ഡോക്ടറും 3,05,000 രൂപ നല്‍കാന്‍ ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാരഫോറം വിധിച്ചു. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിക്കും ന്യൂറോ സര്‍ജന്‍ ഡോ. ജ്ഞാനദാസിനുമെതിരെ ചെര്‍പ്പുളശ്ശേരി വാക്കേക്കളം ദാസന്‍ നല്‍കിയ പരാതിയിലണ് വിധി. തലവേദനയും ഛര്‍ദ്ദിയും നടക്കാനുള്ള ബുദ്ധിമുട്ടും മൂലം ദാസന്‍ പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയില്‍ ചികിത്സ തേടി. 2011 ഒക്‌ടോബര്‍ 27ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. തുടര്‍ന്ന് വീട്ടിലെത്തി വീണ്ടും തലവേദനയുണ്ടായതിനെ തുടര്‍ന്ന് പലതവണ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തി ഡോക്ടര്‍ തുടര്‍ച്ചയായി മരുന്നുകള്‍ നിര്‍ദ്ദേശിച്ചുകൊണ്ടിരുന്നു. തലവേദ സഹിയ്ക്കാന്‍ കഴിയാതെയും ശസ്ത്രക്രിയ ചെയ്ത ഭാഗം മുഴപോലെ തള്ളിവരുവാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ഇതേ ആശുപത്രിയില്‍ സി.ടി. സ്‌കാന്‍ എടുത്തു. റിപ്പോര്‍ട്ടില്‍ തലയില്‍ ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ മുഴ പൂര്‍ണ്ണമായും നീക്കം ചെയ്തിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. വിവരം ഡോക്ടറുമായി സംസാരിച്ചപ്പോള്‍ വീണ്ടും ഓപ്പറേഷന്‍ വേണമെന്നും ഓപ്പറേഷന്റെ വിജയത്തെപ്പറ്റി ഉറപ്പു പറയാന്‍ കഴിയില്ലെന്നുമായിരുന്നു. തുടര്‍ന്ന് ദാസനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് 2012 ഫെബ്രുവരിയില്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാക്കി. മുഴ പൂര്‍ണ്ണമായും നീക്കം ചെയ്തു. രോഗം നിശ്ശേഷം മാറുകയും ചെയ്തു. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സ നടത്തിയ ഡോക്ടറും ആശുപത്രിയും സേവനത്തില്‍ വീഴ്ച വരുത്തിയതിന് ഒരുപോലെ കുറ്റക്കാരാണെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന് ബോധ്യപ്പെട്ടു. പരാതിക്കാരന് ചികിത്സ ചെലവിലേക്കായി രണ്ട് ലക്ഷം രൂപയും, മാനസിക വിഷമത്തിന് 50,000 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവിലേക്കായി 5,000 രൂപയും ഉള്‍പ്പെടെ 3,05,000 രൂപ എതിര്‍കക്ഷികള്‍ ഒരു മാസത്തിനകം നല്‍കണമെന്ന് ഫോറം ഉത്തരവിടുകയായിരുന്നു. ഫോറം പ്രസിഡണ്ട് പി.ആര്‍ ഷൈനി, മെമ്പര്‍ കെ.പി. സുമ എന്നിവരാണ് വിധി പ്രസ്താവിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.