ബീഫ് ഫെസ്റ്റ്: ജമ്മു കശ്മീര്‍ നിയമസഭയില്‍ ബഹളം

Thursday 8 October 2015 8:56 pm IST

ശ്രീനഗര്‍: സ്വതന്ത്ര എംഎല്‍എ എന്‍ജിനിയര്‍ റാഷീദ് എംഎല്‍എ ഹോസ്റ്റലില്‍ ബീഫ് ഫെസ്റ്റ് നടത്തിയത് ജമ്മുകശ്മീര്‍ നിയമസഭയില്‍ ബഹളത്തിന് ഇടയാക്കി. ബുധനാഴ്ച വൈകിട്ടാണ് റാഷീദ് ബീഫ് വിളമ്പി ആഘോഷമാക്കിയത്. ഇന്നലെ രാവിലെ നിയമസഭ സമ്മേളിച്ചയുടന്‍ ബിജെപി അംഗങ്ങള്‍ വിഷയം സഭയില്‍ ഉന്നയിച്ചു. ബീഫ് ഫെസ്റ്റിവല്‍ നടത്തിയത് ശരിയായില്ലെന്നും അവര്‍ പറഞ്ഞു. ഇതിനെ റാഷീദും നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എമാരും എതിര്‍ത്തു. താന്‍ ആയിരം ഫെസ്റ്റ് നടത്തുമെന്ന് പറഞ്ഞ്  റാഷീദ് വെല്ലുവിളിക്കുകയും ചെയ്തു. ഇത് സംഘര്‍ഷത്തിലാണ്  കലാശിച്ചത്.  ബിജെപി എംഎല്‍എ മാര്‍ റാഷിദിനെ സഭയ്ക്കുള്ളില്‍ മര്‍ദ്ദിച്ചെന്നാണ് ആരോപണം. ബഹളവും സംഘര്‍ഷവും ഏറെ നേരം തുടര്‍ന്നു. സഭയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതിന് ഉപമുഖ്യമന്ത്രിയും ബിജെപി നിയമസഭാ കക്ഷി നേതാവുമായ നിര്‍മ്മല്‍ സിംഗ് സഭയോട് മാപ്പു ചോദിച്ചു. എന്നാല്‍ ഹോസ്റ്റലില്‍ ബീഫ് ഫെസ്റ്റ് നടത്തിയത് ഒട്ടും ശരിയായില്ല. നിര്‍മ്മല്‍ സിംഗ് സഭയില്‍ വ്യക്തമാക്കി. സംഭവത്തില്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്തും പ്രതിഷേധിച്ചു.പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നേരത്തെ ജമ്മുകശ്മീര്‍ ഹൈക്കോടതി സംസ്ഥാനത്ത് ബീഫ് വില്പ്പന വിലക്കിയിരുന്നു. സുപ്രീം കോടതി ഈ വിലക്ക് നടപ്പാക്കുന്നത് രണ്ടു മാസത്തേക്ക് തടയുകയും ചെയ്തിരുന്നു. ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ചായിരുന്നു  ഇയാള്‍  ബീഫ് ഫെസ്റ്റു നടത്തിയത്. ഗോവധം വിലക്കുന്ന ഭരണഘടനാ വകുപ്പുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസ് നല്‍കിയതും റാഷീദാണ്. സഭയുടെ ആദ്യ ദിവസവും റാഷീദ് തടസപ്പെടുത്തിയിരുന്നു.ജമ്മുകാശ്മീരിലെ ബിജെപി പിഡിപി സഖ്യത്തിന്റെ, മുഫ്തി മുഹമ്മദ് സെയ്ദ് മുഖ്യമന്ത്രിയായ സര്‍ക്കാര്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നുവെന്നായിരുന്നു റാഷിദിന്റെ ആരോപണം. റാഷിദിനെ ദാദ്രി മോഡലില്‍ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നാണ് മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയുടെ ആരോപണം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.