വൈദികന്‍ ചമഞ്ഞ് തട്ടിപ്പ്; പ്രതി പിടിയില്‍

Thursday 8 October 2015 8:57 pm IST

തൊടുപുഴ: വൈദികന്‍ ചമഞ്ഞ് മഠങ്ങള്‍ കേന്ദ്രീകരിച്ചു വ്യാപക തട്ടിപ്പു നടത്തിയ വനവാസി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഉപ്പുതറ സ്വദേശി രാജേഷി(27) നെയാണ് കരിമണ്ണൂര്‍ എസ്.ഐ സോള്‍ജിമോന്റെ നേതൃത്വത്തില്‍ കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നും പിടികൂടിയത്. കാളിയാര്‍, മുള്ളരിങ്ങാട് എന്നിവിടങ്ങളില്‍ നിന്നായി 9000 രൂപ പ്രതി തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാള്‍ കരിമണ്ണൂരിലെ എഫ്‌സിസി മഠത്തിലെത്തി മിഷിനറി വൈദികനായി ചമഞ്ഞ് തട്ടിപ്പു നടത്താന്‍ ശ്രമിച്ചത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മഠാധികൃതര്‍ തന്ത്രപരമായി പിടികൂടി ഏല്പിച്ചെങ്കിലും പോലീസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. സംഭവത്തില്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ വി ജോസഫ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മഠത്തിലെത്തിയ യുവാവ് മിഷനറി വൈദികനാണെന്നും മദര്‍ സൂപ്പിരിയറിനെ കാണണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മദര്‍ ധ്യാനത്തിനു പോയിരിക്കുന്നതു കൊണ്ടു പിന്നെ വരാന്‍ പറഞ്ഞു വിട്ടു. ഇതിനിടെ മദര്‍ ധ്യാനം കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ സിസ്റ്റര്‍മാര്‍ വിവരങ്ങള്‍ പറഞ്ഞു. ഇതേസമയം ഒരാള്‍ മഠങ്ങളിലെത്തി വൈദികന്‍ ചമഞ്ഞ് പണം തട്ടുന്നതായി വാഴപ്പിള്ളി, വാഴക്കാല തുടങ്ങിയ മഠത്തിലെ സിസ്റ്റര്‍മാര്‍ ഇവിടെ അറിയിച്ചു. ഇതോടെ സിസ്റ്റര്‍മാര്‍ക്കു സംശയം വര്‍ധിച്ചു. തിങ്കളാഴ്ച രാവിലെ മഠത്തിലെത്തിയ രാജേഷ് മദറിനെ അന്വേഷിച്ചു. ഉടന്‍ തന്നെ കരിമണ്ണൂര്‍ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ് റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.