സിപിഎം ഭീഷണി; വൈദിക സമിതിയുടെ ഉദ്ഘാടനവേദി മാറ്റി

Thursday 8 October 2015 9:16 pm IST

ചേര്‍ത്തല: സിപിഎം ഭീഷണിയെ തുടര്‍ന്ന് ഉദ്ഘാടനവേദി മാറ്റിവെയ്‌ക്കേണ്ടി വന്നു. ചേര്‍ത്തല യൂണിയന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വൈദികസമിതിയുടെ ഉദ്ഘാടനമാണ് വടക്കുംകര ദേവീക്ഷേത്രത്തിലേക്ക് മാറ്റേണ്ടി വന്നത്. ഗുരുദേവന്‍ കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവംകോടം ക്ഷേത്രത്തിലാണ് ആദ്യം നടത്തുവാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സ്വാഗതസംഘ രൂപീകരണ ചടങ്ങില്‍ സിപിഎം നടത്തിയ ഗുരുനിന്ദയ്‌ക്കെതിരെ പ്രമേയം പാസാക്കിയതോടെ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തില്‍ നിന്ന് വൈദിക സമിതി പ്രവര്‍ത്തകര്‍ക്ക് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നു. ഇതിനെ തുടര്‍ന്നാണ് ഉദ്ഘാടന ചടങ്ങ് വടക്കുംകര ദേവീ ക്ഷേത്രത്തിലേക്ക് മാറ്റിയതെന്നാണ് സൂചന. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുകയും, എന്നാല്‍ പാര്‍ട്ടിയ്‌ക്കെതിരെ ശബ്ദിച്ചാല്‍ ഭീഷണിയിലൂടെയും അക്രമത്തിലൂടെയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന നയങ്ങള്‍ അണികള്‍ക്കിടയില്‍ തന്നെ ആശങ്കയുണ്ടാക്കുന്നുണ്ട്. ഈഴവരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രാദേശിക നേതൃത്വത്തിന്റെ ഏകപക്ഷീയ തീരുമാനങ്ങള്‍ കടുത്ത ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. വൈദിക സമിതിയുടെ ഉദ്ഘാടനം 11 ന് വടക്കുംകര ശ്രീഭദ്രവിലാസം ക്ഷേത്രസന്നിധിയില്‍ നടക്കും. ഇതിനു മുന്നോടിയായി 10 ന് ഗുരുദേവലക്ഷാര്‍ച്ചനയും സമൂഹശാന്തിഹവനവും നടത്തുമെന്ന് വൈദിക കേന്ദ്രസമിതി കണ്‍വീനര്‍ ഇ.കെ. ലാലന്‍ ശാന്തിയും, ചേര്‍ത്തല യൂണിയന്‍ ജോയിന്റ് കണ്‍വീനര്‍ രഞ്ജിത്ത് ശാന്തിയും അറിയിച്ചു. പത്തിന് രാവിലെ ഒന്‍പതിന് എസ്എന്‍ഡിപിയുടെ പോഷകസംഘടനകളുടെ ആഭിമുഖ്യത്തില്‍ ഗുരുദേവ ദിവ്യ ചൈതന്യ രഥപ്രയാണം ആരംഭിക്കും. തണണീര്‍മുക്കം ഗുരുദേവക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന യാത്ര വൈകിട്ടോടെ വടക്കുംകര ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന വൈദീക സദസില്‍ എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം വി.എന്‍. ബാബു യജ്ഞദീപം പ്രകാശിപ്പിക്കും. ഡോ. കാരുമാത്ര വിജയന്‍ തന്ത്രി വൈദിക സന്ദേശം നല്‍കും. 11 ന് രാവിലെ അഞ്ചിന് മഹാഗുരുപൂജ, ആറിന് സമൂഹശാന്തിഹവനത്തിന് കോരുത്തോട് ബാലകൃഷ്ണന്‍ തന്ത്രികള്‍ മുഖ്യകാര്‍മികത്വം വഹിക്കും. 11 ന് സമ്മേളനം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. വൈദികസമിതി ചേര്‍ത്തല യൂണിയന്‍ ചെയര്‍മാന്‍ വി.പി. കുമാരന്‍ തന്ത്രി അദ്ധ്യക്ഷത വഹിക്കും. ഡോ. കാരുമാത്ര വിജയന്‍ തന്ത്രി അനുഗ്രഹപ്രഭാഷണവും, യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണവും നടത്തും. ചേര്‍ത്തല യൂണിയന്‍ കണ്‍വീനര്‍ കെ.കെ. മഹേശന്‍ സംഘടനാസന്ദേശം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.