പേര് ചേര്‍ക്കല്‍: പരാതികളേറെ, നിസ്സഹായതയുമായി കമ്മീഷന്‍

Saturday 8 April 2017 11:34 pm IST

തിരുവന്തപുരം : വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസാനം നിമിഷം വരെ കാത്തുനിന്നവരെ ഓണ്‍ലൈന്‍ സംവിധാനം ചതിച്ചു. ഇതിനെത്തുടര്‍ന്ന് സംസ്ഥാന തെരഞ്ഞെടുപ്പ്് കമ്മീഷനില്‍ പരാതികളുടെ പ്രളയമാണുണ്ടായത്. ഇപ്പോഴും പരാതികള്‍ തുടരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ നിവേദനവും ആവശ്യവും ഉന്നയിക്കുന്നു. പക്ഷേ, കമ്മീഷന്‍ കൈമലര്‍ത്തുകയാണ്. നിസ്സഹായത അറിയിക്കുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ കമ്മീഷന്‍ പ്രഖ്യാപിച്ച ദിവസം ഒക്‌ടോബര്‍ അഞ്ചിനായിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്റെ ഓണ്‍ ലൈന്‍ സംവിധാനത്തില്‍ പേരു ചേര്‍ക്കാനും തെറ്റായി ചേര്‍ത്ത പേരുകള്‍ നീക്കം ചെയ്യാനുമുള്ള അവസരമായിരുന്നു അത്. പക്ഷേ, അന്ന് കാലത്തുതന്നെ ഈ സംവിധാനം തകരാറിലായി. കമ്മീഷന്‍ ഓണ്‍ലൈനിന്റെ സെര്‍വര്‍ പലതവണ സ്തംഭിച്ചു. സാങ്കേതികമായി പലകാരണങ്ങള്‍ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ പേര് ചേര്‍ക്കാന്‍ കമ്പ്യൂട്ടറുകള്‍്ക്ക് മുന്നിലിരുന്ന പലര്‍ക്കും കഴിഞ്ഞില്ല. പേര് ചേര്‍ക്കാന്‍ കഴിയാതിരുന്നത് സെര്‍വര്‍ തകരാറുമൂലമായതിനാല്‍ കമ്മീഷന്റെ പിഴവായികണ്ട്്  അവസരം നീട്ടണമെന്നവശ്യപ്പെട്ട് രാഷ്ടീയ പാര്‍ട്ടികള്‍ ഔദ്യോഗികമായി പരാതി നല്‍കി. അതിനു പുറമെ ചേര് ചേര്‍ക്കാന്‍ കഴിയാഞ്ഞവര്‍ നേരിട്ടും ഫോണിലൂടെയും ഇ മെയില്‍ മുഖേനയും ഒക്കെ പരാതി അയച്ചു കൊണ്ടിരിക്കുകയാണ്. ശരാശരി കാല്‍ ലക്ഷം പേര്‍ക്കുവരെ ഒരു ദിവസം സുഗമമായി ഉപയോഗിക്കാവുന്ന ശേഷിയേ തെരഞ്ഞെടുപ്പ്് കമ്മീഷന്റെ സെര്‍വറിനുള്ളു. പേര് ചേര്‍ക്കുന്നതിന് അവസാന ദിവസമായ അഞ്ചിന് ഇതിന്റെ നാലിരട്ടി പേരാണ് ഓണ്‍ ലൈന്‍ രജിസ്‌ടേഷന് ശ്രമിച്ചത്. ഇതില്‍ 34,242 പേര്‍ക്ക്് സൗകര്യം ഉപയോഗപ്പടുത്താനായി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും മണ്ഡലം മാറുന്നതിനുമായിരുന്നു ഓണ്‍ലൈന്‍ സൗകര്യം അനുവദിച്ചിരുന്നത്. പരാതികള്‍ ഏറെയുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. നിയമം അനുവദിക്കാത്തതാണ് കാരണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ കെ. ശശിധരന്‍ നായര്‍ ജന്മഭൂമിയോടു പറഞ്ഞു. ഓണ്‍ ലൈനില്‍ പേര് ചേര്‍ത്താല്‍ അവരുമായി നേരിട്ടഭിമുഖത്തിന് ഏഴു ദിവസം വരെ അനുവദിക്കണമെന്നാണ് ചട്ടം. നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചുതുടങ്ങിയാല്‍ പിന്നെ പേരുചേര്‍ക്കലും പാടില്ല. ഇതെല്ലാം പരിഗണിച്ചാണ് അവസാന തീയതി നിശ്ചയിച്ചത്, അദ്ദേഹം പറഞ്ഞു അര്‍ഹതയുള്ള എല്ലാവരേയും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുക എന്നതാണ് കമ്മിഷന്റെ താല്‍പര്യം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷവും കഴിഞ്ഞ മാസം 23 മുതല്‍ ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാക്കിയതും ഇതിനാലാണ്. മൊത്തം 3,57,610 അപേക്ഷകളാണ് ഇക്കാലയളവില്‍ പേര് ചേര്‍ക്കുന്നതിന്പുതുതായി ലഭിച്ചത്. ചട്ട പ്രകാരമുള്ള നേര്‍വിചാരണയ്ക്കുശേഷം ഈ അപേക്ഷകളിന്മേല്‍ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ഉചിതമായ തീരുമാനമെടുക്കും. തുടര്‍ന്ന് സപ്ലിമെന്റെറി പട്ടികയായി പ്രസിദ്ധീകരിക്കും, മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. അതേസമയം, ചേര്‍ക്കാനും തിരുത്താനും കൂടുതല്‍ അപേക്ഷകള്‍ വന്നാല്‍ അതിന്റെ നടപടികള്‍ യഥാവിധി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുമ്പോള്‍ തെരഞ്ഞെടുപ്പു ഷെഡ്യൂള്‍ തെറ്റുമെന്നതിനാല്‍ 'സാങ്കേതിക തകരാര്‍' വാദത്തിനുപിന്നില്‍ ദുരൂഹതയുണ്ടെന്നും ആരോപണങ്ങളുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.