രാഷ്ട്രീയക്കാരില്‍ വായന കുറഞ്ഞുവരുന്നു: ശ്രീധരന്‍പിള്ള

Friday 9 October 2015 12:19 pm IST

കോഴിക്കോട്: രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വായന അനിവാര്യമാണെന്നും എന്നാല്‍ ഇപ്പോള്‍ അത് കുറഞ്ഞുവരുന്ന സ്ഥിതിയാണുള്ളതെന്നും ബിജെപിയുടെ മുതിര്‍ന്ന നേതാവും എഴുത്തുകാരനുമായ അഡ്വ. പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ വായനയുടെ സംസ്‌കാരവും അധികാര രൂപങ്ങളും എന്ന വിഷയത്തെ ക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിന്റെ വഴികള്‍ എന്തൊക്കെയാണെന്ന് അറിയണമെങ്കില്‍ ചരിത്രത്തിന്റെ വായന അനിവാര്യമാണ്. പണ്ട് വായനയിലൂടെയാണ് പാര്‍ട്ടി പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും വളര്‍ത്തിയിരുന്നത്.എന്നാല്‍ ഇന്ന് അത് അന്യം നിന്നുപോയിരിക്കുന്നു. ദൂരക്കാഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍വഴി ശ്രദ്ധനേടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വായനയില്‍ നിന്ന് മാറി സമൂഹത്തെ ഛിന്നഭിന്നമാക്കാനുള്ള ബീഫ് സമരത്തില്‍ വരെ എത്തിനില്‍ക്കുന്ന സ്ഥിതിവിശേഷം ഗുരുതരമാണ്. ഗൗരവപൂര്‍ണമായ ചര്‍ച്ചയും തദനുബന്ധമായ കാര്യങ്ങളുമാണ് ആരോഗ്യകരമായ ജനാധിപത്യത്തിന് താങ്ങാവുന്നത്. നിര്‍ഭാഗ്യവശാല്‍ ഇന്നതില്ല. രാഷ്ട്രീയക്കാര്‍ ജനങ്ങളെ പഠിപ്പിക്കേണ്ടേവരാണെന്നു പറഞ്ഞത് ജവഹര്‍ലാല്‍ നെഹ്‌റുവാണ്. സ്വാതന്ത്ര്യംകിട്ടിയ അവസരത്തില്‍ ഇവിടുത്തെ ജനത വേണ്ടത്ര സാക്ഷരരോ ഉള്‍ക്കാഴ്ചയുള്ളവരോ ആയിരുന്നില്ല. അതുകൊണ്ടുതന്നെയാണ് നെഹറു അങ്ങിനെ പറഞ്ഞത്. ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ പറ്റുന്നവരും രാഷ്ട്രീയക്കാരാണ് എന്നതും ഓര്‍ക്കേണ്ടതുണ്ട്. '50, '60 കാലഘട്ടങ്ങളില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ഒട്ടേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടത് ശ്രീധരന്‍പിള്ള എടുത്തു പറഞ്ഞു. ഇന്ന് എഴുത്തും വായനയും അന്യംനിന്നു. വെറുകയ്യടിക്കുവേണ്ടിയുള്ള പ്രസംഗങ്ങള്‍ മാത്രമായി രാഷ്ട്രീക്കാരുടേത്. ചരിത്രമായാലും സാഹിത്യമായാലും ഒന്നും പഠിക്കുന്നില്ല. അതുകൊണ്ട്തന്നെ അപഭ്രംശങ്ങളും അപചയങ്ങളും ഉണ്ടാകുന്നു. ഈ അപചയം മാധ്യമങ്ങളെയും പിടികൂടിയിട്ടുണ്ട്. ജനങ്ങളിലെ വൈകാരിക താല്‍പര്യങ്ങളെ ആളിക്കത്തിക്കാന്‍ ഇടവെക്കാത്ത രീതിയിലായിരുന്നു മുമ്പത്തെ വാര്‍ത്താവതരണവും പ്രസിദ്ധീകരണവുമെങ്കില്‍ ഇന്ന് മറിച്ചായിരിക്കുന്നു. ജനമനസ്സുകളെ ഒന്നിപ്പിച്ചുനിര്‍ത്താനുള്ള തിരിച്ചറിവ് അന്ന് വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിയന്ത്രണം വരുത്തിയെങ്കില്‍ ഇന്ന് ഭിന്നിപ്പിക്കാന്‍ ഉപകരിക്കുന്ന രീതിയിലായിരിക്കുന്നു. ഇന്ത്യയെ വിവിധ സംസ്ഥാനങ്ങളായി വേര്‍തിരിച്ച് സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട അതേ കക്ഷികള്‍ തന്നെയാണ് ഇന്ന് ബീഫ് സമരത്തിന്റെ മുന്നിലെന്നത് യാദൃച്ഛികമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടീഷുകാരോട് പറഞ്ഞിട്ട് നടക്കാത്തകാര്യം ഇത്തരം വൈകാരിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി നടത്താന്‍ പറ്റുമോ എന്നാണവര്‍ നോക്കുന്നത്. ഭാരതത്തിന്റെ പാരമ്പര്യം വൈവിധ്യത്തിലെ ഏകതയാണ്. അത് വൈരുദ്ധ്യമാക്കാന്‍ ഇവിടുത്തെ സംസ്‌കാരം അനുവദിക്കില്ല, ശ്രീധരന്‍പിള്ള പറഞ്ഞു. ശശിധരന്‍ പേരാമ്പ്ര അധ്യക്ഷനായിരുന്നു.കൃപകുമാര്‍ സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.