സൌദിയില്‍ ഇന്ത്യാക്കാരിയുടെ കൈ വെട്ടിയ സംഭവത്തില്‍ പ്രതിഷേധവുമായി സുഷമ

Friday 9 October 2015 1:02 pm IST

ന്യൂദല്‍ഹി: സൗദി അറേബ്യയില്‍ തമിഴ്‌നാട് സ്വദേശിനിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ഈ ക്രൂരത സൌദി അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടു വരുമെന്നും അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു. കടുത്ത ഭാഷയിലാണ് സൗദിയിലെ സംഭവത്തെ സുഷമ സ്വരാജ് വിമര്‍ശിച്ചത്. ഒരിയ്ക്കലും അംഗീകരിയ്ക്കാന്‍ കഴിയാത്ത പ്രവൃത്തിയാണിതെന്നും സുഷമ സ്വരാജ് പറഞ്ഞു. തമിഴ്നാട് നോര്‍ത് ആര്‍ക്കാട് ജില്ലയിലെ കാട്പാഡിക്ക് സമീപം മൂങ്കിലേരി സ്വദേശിനിയായ കസ്തൂരി മുനിരത്നത്തിന്റെ വലതുകൈയാണ് ഒരാഴ്ച മുമ്പ് സ്പോണ്‍സര്‍ തോളറ്റം വരെ വെട്ടിമാറ്റിയത്. കസ്തൂരി മുനിരത്നത്തിനെ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചതായും സുഷമ സ്വരാജ് അറിയിച്ചു. കൈ വെട്ടിയ സൗദി സ്വദേശിയ്ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പീഡനത്തെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നിനിടെയായിരുന്നു കസ്തൂരിക്ക് നേരെയുള്ള ആക്രമണം. റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ അവശനിലയില്‍ കഴിയുകയാണ് ഇവര്‍. വലതുകൈ പൂര്‍ണമായും നഷ്ടപ്പെട്ടതിന് പുറമെ ശരീര ഭാഗങ്ങളിലെല്ലാം ഗുരുതരമായ പരിക്കുകളുമുണ്ട്. വീട്ടുജോലിയ്ക്കായി മൂന്ന് മാസം മുമ്പാണ് കസ്തൂരി സൗദിയിലെത്തിയത്. ആക്രമണത്തില്‍ കസ്തൂരിയുടെ നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. സഹോദരിക്ക് മികച്ച ചികിത്സ നല്‍കാനും നാട്ടിലെ ത്തിക്കാനും കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കസ്തൂരിയുടെ സഹോദരി വിജയകുമാരി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.