ചിറ്റാരിപ്പറമ്പ് പഞ്ചായത്തില്‍ സിപിഐ-സിപിഎം പോര് രൂക്ഷം സ്വാധീനമുറപ്പിക്കാന്‍ ബിജെപി

Friday 9 October 2015 2:13 pm IST

കൂത്തുപറമ്പ്: വികസന പിന്നോക്കാവസ്ഥക്കൊപ്പം സിപിഐ-സിപിഎം പോരും ചിറ്റാരിപ്പറമ്പ് പഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ പിന്നോട്ടടിപ്പിക്കുന്നു. അഭിപ്രായ വ്യത്യാസം കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും ഇതുവരെ പൂര്‍ത്തിയാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടില്ല. നിലവില്‍ എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണിത്. കഴിഞ്ഞ വര്‍ഷം മത്സരിച്ചതില്‍ നിന്നും രണ്ട് സീറ്റ് കൂടുതല്‍ വേണമെന്ന സിപിഐയുടെ അവകാശവാദമാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ബാധിച്ചിരിക്കുന്നത്. നേരത്തേ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കെ.കെ.അടിയോടിയുടെ നേതൃത്വത്തില്‍ ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് ഭരിച്ചിരുന്നത് സിപിഐ ആയിരുന്നു. കണ്ണൂര്‍ ജില്ലയില്‍ തങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള പഞ്ചായത്തില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ഉറച്ച തീരുമാനത്തിലാണ് സിപിഐ ജില്ലാ നേതൃത്വം. സിപിഎമ്മിന്റെ ചില ശക്തികേന്ദ്രങ്ങളില്‍ സിപിഐക്ക് സ്വാധീനം വര്‍ധിക്കുന്നതും എല്‍ഡിഎഫില്‍ അസ്വസ്തതക്ക് കാരണമാണ്. സിപിഐയുടെ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎമ്മുകാരന്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് ഇരുപാര്‍ട്ടികളും തമ്മില്‍ തുറന്ന പോരിന് വഴിവെച്ചിരുന്നു. കേസില്‍ പ്രതിയായ സിപിഎം പ്രാദേശിക നേതാവിനെ കാപ്പ ചുമത്തി നാടുകടത്തുകയായിരുന്നു. പഞ്ചായത്തില്‍ നിലവില്‍ തങ്ങള്‍ക്കാണ് കൂടുതല്‍ സ്വാധീനമെന്നാണ് സിപിഎം വാദം. സിപിഐക്ക് നേരത്തെ നല്‍കിയ സീറ്റുകള്‍ നല്‍കാനാവില്ലെന്നും വിജയ സാധ്യതയുള്ള സീറ്റുകള്‍ വെച്ച് മാറണമെന്നുമാണ് സിപിഎം ആവശ്യപ്പെടുന്നത്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പഞ്ചായത്തില്‍ സ്വാധീനമുറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ പരമാവധി ജനങ്ങളിലെത്തിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. പ്രദേശത്തെ നിരവധി ചെറുപ്പക്കാരണ് സിപിഎം വിട്ട് ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍ പ്രതിഷ്ധിച്ച് പാര്‍ട്ടി വിട്ടവരെ പാര്‍ട്ടി നേതൃത്വത്തിന്റെ ഒത്താശയോടെ അക്രമിച്ച് പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ അക്രമത്തെ ജനാധിപത്യരീതിയില്‍ ചെറുക്കമെന്ന ദൃഢനിശ്ചയതത്തില്‍ നിരവധി പേരാണ് ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബിജെപി ചിട്ടയായ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഓരോ പ്രദേശത്തെയും ജനകീയ മുഖമുള്ളവരെയാണ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ബിജെപിയുടെ സാഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായിക്കവിഞ്ഞു. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ശക്തമായ മത്സരം കാഴ്ചവെക്കാനാണ് ബിജെപിയുടെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.