ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നേതാക്കള്‍ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്, ഒ. രാജഗോപാല്‍, എ.എന്‍. രാധാകൃഷ്ണന് എന്നിവരാണ് അദ്വാനിയുമായി കൂടിക്കാഴ്ച നടത്തിയത്.
മുല്ലപ്പെരിയാര്‍ പ്രശ്നം അടിയന്തരമായി പരിഹരിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വി മുരളീധരന് പറഞ്ഞു. ഇതിനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് എല്‍.കെ അദ്വാനിയോട് അഭ്യര്‍ത്ഥിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാട് കേന്ദ്ര നേതൃത്വം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി, ലോക്സഭ, രാജ്യസഭ പ്രതിപക്ഷ നേതാക്കള്‍, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തും. മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് അനുകൂല നിലപാടെടുക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ ആവശ്യപ്പെടുമെന്നു രാജഗോപാല്‍ പറഞ്ഞു.
കാവേരി നദീജല തര്‍ക്കം പരിഹരിച്ച പോലെ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: