പെരുന്നയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു :വന്‍ ദുരന്തം ഒഴിവായി

Friday 9 October 2015 9:28 pm IST

ചങ്ങനാശേരി: പെരുന്നയില്‍ കെ.എസ്.ആര്‍.ടി സി ബസ് അപകടത്തില്‍പ്പെട്ടു. ഡ്രൈവര്‍ക്ക് പെട്ടെന്ന് അപസ്മാരം സംഭവിച്ചതാണ് അപകടത്തിനു കാരണം. ഓടി വന്ന ബസ് നിയന്ത്രണം വിട്ടതോടെ സമീപത്ത് പാര്‍ക്കു ചെയ്തിരുന്ന രണ്ടു കാറും ഒരു സ്‌കൂട്ടറും ഇടിച്ച് തെറിപ്പിച്ചശേഷം ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് തകര്‍ത്തശേഷം ബസ് നില്‍ക്കുകയായിരുന്നു. ഇലക്ട്രിക് ലൈനുകള്‍ പൊട്ടി എം.സി റോഡില്‍ ചിതറിയതോടെ നാട്ടുകാരും വഴിയാത്രക്കാരും പരിഭ്രാന്തരായി. പെട്ടെന്ന് ലൈന്‍ ഓഫ് ചെയ്തതോടെ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് 12.15ഓടെ –യാണ് അപകടം നടന്നത്. കോട്ടയത്തുനിന്നും കരുനാഗപ്പള്ളിയിലേക്കുപോയ മാവേലിക്കര ഡിപ്പോയിലെ ബസാണ് അപകടത്തില്‍പെട്ടത്. ചങ്ങനാശേരി എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ കമ്മറ്റി മെമ്പര്‍മാരുടെ രണ്ടു കാറുകളാണ് നിശേഷം തകര്‍ന്നത്. യൂണിയന്‍ മീറ്റിംഗില്‍ പങ്കെടുക്കാനെത്തിവരുടെ കാറുകളും കൂത്രപ്പള്ളി പുതുപറമ്പില്‍ മിനി കൃഷ്ണന്‍കുട്ടിയുടെ സ്‌കൂട്ടറും റോഡിന്റെ കിഴക്കുഭാഗത്ത്പാര്‍ക്കു ചെയ്തിരിക്കുകയായിരുന്നു. ഒരാഴ്ചയേയായുള്ളു വാഹനം വാങ്ങിയിട്ടെന്ന് മിനി പറഞ്ഞു. റോഡിന് പടിഞ്ഞാറുവശമുള്ള മെഡിക്കല്‍ഷോപ്പില്‍നിന്നും മരുന്ന് വാങ്ങിയശേഷം തിരികെ സ്‌കൂട്ടര്‍ എടുക്കാനായി റോഡ് കുറുകെ കടക്കാനൊരുങ്ങുമ്പോള്‍ അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസിന്റെ വരവില്‍ അപാകത തോന്നിയതിനാല്‍ മിനിയും മകളും റോഡ് കുറുകെ കടന്നില്ല. മകളെ ഡോക്ടറെ കാണിക്കുന്നതിന് ചങ്ങനാശേരിയില്‍ എത്തിയതായിരുന്നു മിനി. ബസ് നിയന്ത്രണം വിട്ടതോടെ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ നിലവിളിച്ചു. ഈ സമയം എം.സി റോഡില്‍ കാര്യമായ ഗതാഗതം ഇല്ലാതിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ബസ് ഡ്രൈവറെ പെരുന്ന മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. വൈകിട്ടോടെ വൈദ്യുതി ലൈനുകള്‍ പുനസ്ഥാപിച്ചു. ചങ്ങനാശേരി പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.