വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

Friday 9 October 2015 9:31 pm IST

പാലാ: വിദേശജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റിലായി. പാലാ വള്ളിച്ചിറ ചെറുകര മണിയാലില്‍ എസ് സുരേഷ് (46) നെയാണ് പാലാ പോലീസ് അറസ്റ്റു ചെയ്തത്. എറണാകുളം സ്വദേശി ദീപുവിന്റെ പരാതിയെത്തുടര്‍ന്ന് അന്വോഷണം നടത്തിയ പോലീസിന് ഇയാള്‍ നടത്തിയ നിരവധി വിസാ തട്ടിപ്പു കേസുകള്‍ സംബന്ധിച്ച് വിവരം ലഭിച്ചു. സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്താണ് ദീപുവിന്റെയും സുഹൃത്ത് ബിന്റോയുടെയും അമ്പതിനായിരം രൂപ ഇയാള്‍ തട്ടിയെടുത്തത്. ഓട്ടോറിക്ഷ ഡ്രൈവറായ ദീപുവിനെ എറണാകുളത്തു വച്ച് ഓട്ടത്തിനിടെ പരിചയപ്പെട്ട സുരേഷ് 65000 ലധികം രൂപ ശമ്പളം ലഭിക്കുന്ന വിദേശ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. സിംഗപ്പൂരില്‍ ഷിപ്പിയാര്‍ഡില്‍ ഹെല്‍പ്പര്‍ ജോലി തരപ്പെടുത്താമെന്നു പറഞ്ഞ് ദീപുവിനെയും സുഹൃത്തിനെയും മദ്രാസില്‍ എത്തിക്കുകയും രൂപ കൈപ്പറ്റിയ ശേഷം മുങ്ങുകയുമായിരുന്നു. പിന്നീട് സിംഗപ്പൂരിലേയ്ക്കുള്ള വിസിറ്റിംഗ് വിസ നല്‍കി കബളിപ്പിച്ചു. ആലപ്പുഴയിലും എറണാകുളത്തും ഇയാള്‍ക്കെതിരേ സമാനകേസുണ്ട. കുറച്ചു നാള്‍ ഗള്‍ഫില്‍ ജോലി ചെയ്തിട്ടുള്ള ഇയാള്‍ സമീപകാലത്ത് ഭരണങ്ങാനത്ത ഒരു വര്‍ക്ക്‌ഷോപ്പിലും ജോലി ചെയ്തിട്ടുണ്ട്. പാലക്കാട്ടു ലോഡ്ജില്‍ നിന്നും പിടികൂടിയ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. പാലാ സി.ഐ ബാബു സെബാസ്റ്റ്യന്‍, എസ് ഐ ബിന്‍സ് ജോസഫ്, എസ്.ഐ.പി.കെ.രവി, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിനോയ്‌മോന്‍, മഹേഷ് കൃഷ്ണന്‍, രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പാലക്കാട്ടു നിന്നും ഇയാളെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.