കൊച്ചി: സ്വന്തം മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സ് അതി ശക്തരാണെന്ന് മുംബൈ സിറ്റി സഹപരിശീലകന്‍ ഓസ്കര് ബ്രൂസോണ് പറഞ്ഞു. പതിനായിരക്കണക്കിന് ആരാധകരുടെ പിന്തുണയോടെ ബ്ലാസ്റ്റേഴ്സ് കളിക്കാനിറങ്ങുമ്പോള്‍ തങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാകുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ബ്രൂസോണ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബ്ലാസ്റ്റേഴ്സ് ടീം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള മത്സരം കാണുമ്പോള്‍ വ്യക്തമാകുന്നത്. പ്രത്യാക്രമണം നടത്താനുള്ള അവരുടെ കഴിവും പ്രത്യേകം ശ്രദ്ധിക്കണം. മധ്യനിരയില്‍ അവര്‍ക്കെതിരേ ആധിപത്യം നേടുകയെന്നത് പ്രധാനമാണ്. കഴിഞ്ഞ സീസണെ അപേക്ഷിച്ച് മുംബൈ എഫ്സിയും കൂടുതല്‍ കരുത്തരാണെങ്കിലും പൂനെ എഫ്സിക്കെതിരായ ആദ്യ കളിയില്‍ തോറ്റു. പ്രതിരോധത്തിന്റെ പാളിച്ചയായിരുന്നു അതിന് കാരണം. ഇനി അത്തരം പിഴവുകളുമായി മുന്നോട്ടുപോകാന്‍ കഴിയുകയില്ലെന്നും ബ്രൂസോണ് പറഞ്ഞു.
ഗോളടിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാക്കുക എന്നതാണ് കേരളത്തിനെതിരായ മത്സരത്തില്‍ പരമ പ്രധാനം. തികച്ചും വ്യത്യസ്തമായ ശൈലിയില്‍ കളിക്കുന്ന ഇരുടീമുകളുടെ മത്സരം ഏറെ രസകരമായിരിക്കും. അവര്‍ക്ക് ഇംഗ്ലീഷ് ശൈലിയാണ് വശമെങ്കില്‍ കൂടുതല്‍ പന്തടക്കമാണ് ഞങ്ങളുടെ ശൈലി. പന്തടക്കം കൊണ്ട് മാത്രം ഗോള്‍ നേടാനാവില്ല. അതിലൂടെ കൂടുതല്‍ ഗോളവസരങ്ങള്‍ നേടാനായിരിക്കും ഞങ്ങളുടെ ശ്രമം, ബ്രൂസോണ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: