സാന്റിയാഗോ: 2018ലെ റഷ്യന്‍ ലോകകപ്പിന് യോഗ്യത തേടിയുള്ള പോരാട്ടത്തിന്റെ ആദ്യ മത്സരത്തില്‍ കരുത്തരായ ബ്രസീലിനും അര്ജന്റീനക്കും തോല്‍വി. ബ്രസീല്‍ 2-0ന് ചിലിയോട് പരാജയപ്പെട്ടപ്പോള്‍ ഇക്വഡോറാണ് എവേ മത്സരത്തില്‍ അര്‍ജന്റീനയെ കെട്ടുകെട്ടിച്ചത്. അതേസമയം ഉറുഗ്വെ, പരാഗ്വെ, കൊളംബിയ ടീമുകള്‍ വിജയത്തോടെ യോഗ്യതാ റൗണ്ടിന് തുടക്കം കുറിച്ചു.
സൂപ്പര്‍ താരം നെയ്മറുടെ അഭാവത്തില്‍ നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിക്കെതിരെ ഇന്നലെ കളത്തിലിറങ്ങിയ ബ്രസീലിന് കനത്ത തിരിച്ചടിയാണ് അലക്സി സാഞ്ചസും കൂട്ടരും സമ്മാനിച്ചത്. ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ കളിയുടെ 72-ാം മിനിറ്റില്‍ എഡ്വേര്‍ഡോ വര്‍ഗാസിലൂടെ ചിലി ലീഡ് നേടി. പിന്നീട് 88-ാം മിനിറ്റില്‍ അലക്സി സാഞ്ചസും ഗോള്‍ നേടിയതോടെ കാനറികളുടെ ചിറകറ്റു. പിന്നീട് തിരിച്ചടിക്കാനുള്ള സമയവുമണ്ടായില്ല. നെയ്മറുടെ അഭാവം ബ്രസീല്‍ നിരയില്‍ നിഴലിച്ചുനില്ക്കുകയും ചെയ്തു. കഴിഞ്ഞ കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാഗ്വെയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് പുറത്തുപോയശേഷം കോസ്റ്ററിക്കക്കെതിരെയും അമേരിക്കക്കെതിരെയും വിജയം നേടിയ ബ്രസീലിന് ഇന്നലെ ചിലിയന്‍ കരുത്തിന് മുന്നില്‍ പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല. അടുത്ത കൡയില്‍ 13ന് ബ്രസീലിന് വെനസ്വേലയാണ് എതിരാളികള്‍. ചിലിക്ക് എതിരാളികള്‍ പെറുവും.
ബ്യൂണസ് അയേഴ്സില്‍ നടന്ന മത്സരത്തില്‍ രണ്ട് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടിയാണ് ഇക്വഡോര്‍ മെസ്സിയില്ലാത്ത അര്‍ജന്റീയെ കീഴടക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 81-ാം മിനിറ്റില്‍ ഫ്രിക്സണ്‍ ഇരാസോയും 82-ാം മിനിറ്റില്‍ ഫിലിപ്പെ കെയ്സിഡോയും നേടിയ ഗോളുകളാണ് അര്‍ജന്റീനക്ക് കനത്ത തോല്‍വി സമ്മാനിച്ചത്. 24-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോ പരിക്കേറ്റ് തിരിച്ചുകയറിയതും അര്‍ജന്റീനക്ക് തിരിച്ചടിയായി. അര്‍ജന്റീനക്ക് പരാഗ്വെയും ഇക്വഡോറിന് ബൊളീവിയയുമാണ് അടുത്ത മത്സരത്തിലെ എതിരാളികള്‍.
ബൊളീവിയയെ 2-0ന് പരാജയപ്പെടുത്തിയാണ് ഉറുഗ്വെ ആദ്യ മത്സരത്തില്‍ തന്നെ വിജയം നേടിയത്. 10-ാം മിനിറ്റില്‍ മാര്ട്ടിന് കസേര്സും 68-ാം മിനിറ്റില്‍ ഡീഗോ ഗോഡിനും ഉറുഗ്വെക്കായി ഗോളുകള്‍ നേടി. പെറുവിനെ കൊളംബിയ കീഴടക്കിയതും ഇതേ സ്കോറിന്. 36-ാം മിനിറ്റില്‍ തിയോഫിലോ ഗ്വിറ്റാരസും ഇഞ്ചുറി സമയത്ത് എഡ്വിന് കാര്‍ഡോണയും കൊളംബിയക്കായി ഗോള്‍ നേടി. വെനസേ്വലക്കെതിരായ മത്സരത്തില്‍ 85-ാം മിനിറ്റില്‍ ഡെര്‍ലിസ് ഗൊണ്‍സാലസ് നേടിയ ഏക ഗോളിന് പരാഗ്വെ വിജയം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: