മൂന്നാര്‍ സമരം തുടരുന്നു: പള്ളിവാസലിലെ തേയില ഫാക്ടറി പൂട്ടി

Friday 9 October 2015 11:59 pm IST

മൂന്നാര്‍: തോട്ടം തൊഴിലാളികള്‍ 500 രൂപ മിനിമം കൂലി ആവശ്യപ്പെട്ട് നടത്തി വരുന്ന സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. തോട്ടം മേഖല ആഴ്ചകളായി നിശ്ചലമായതോടെ പള്ളിവാസലിലെ ടാറ്റയുടെ ഉടമസ്ഥതയിലുളള തേയില പായ്ക്കിങ് ഫാക്ടറി പൂട്ടി. ഇന്നലെ സമരം സമാധാനപരമായിരുന്നു. പോസ്റ്റ് ഓഫീസ് ജങ്ഷനില്‍ പെമ്പിളൈ ഒരുമൈക്കാരും ആര്‍.ഒ ജങ്ഷനില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലുള്ള തൊഴിലാളികളും സമരം നടത്തി. വൈകിട്ടോടെ ഇരുവിഭാഗം സമരക്കാരും ലയങ്ങളിലേക്ക് മടങ്ങി. പോലീസിന്റെ അഭ്യര്‍ത്ഥന മാനിച്ച് തൊഴിലാളികള്‍ ഇന്നലെ റോഡ് ഉപരോധത്തിന് മുതിര്‍ന്നില്ല. ഇന്നും തൊഴിലാളികള്‍ സമരം തുടരും. സംസ്ഥാന സര്‍ക്കാര്‍ സമരം ഒത്തുതീര്‍ക്കാന്‍ കാര്യമായ ഒരു നടപടിയും ചെയ്യുന്നില്ല. കൂലിവര്‍ദ്ധനവ് നടക്കില്ലെന്ന് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത എല്ലാ പിഎല്‍സി യോഗങ്ങളിലും ആവര്‍ത്തിച്ചിട്ടും വീണ്ടും പ്രഹസനമായി യോഗം വിളിക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സമരമുഖത്തായതോടെ തൊഴിലാളികള്‍ കടുത്ത പട്ടിണിയിലേക്കും വഴുതിവീണിരിക്കുകയാണ്. മൂന്നാറിലെ വ്യാപാര സ്ഥാപനങ്ങളില്‍ ലക്ഷക്കണക്കിന് രൂപയാണ് വീട്ടുസാധനങ്ങള്‍ വാങ്ങിയ ഇനത്തില്‍ തൊഴിലാളികള്‍ നല്‍കാനുള്ളത്. എന്നാല്‍ സംയുക്ത തൊഴിലാളി യൂണിയനുകള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. സമരത്തില്‍ പങ്കെടുക്കാന്‍ വാഹനം വിട്ടുകൊടുക്കുകയും ആഹാരം നല്‍കുകയും ചെയ്യുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.