ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രധാനപ്രതി അറസ്റ്റില്‍

Saturday 10 October 2015 9:38 am IST

കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. മലേഷ്യയില്‍ കപ്പലില്‍ സീമാന്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതി കോയമ്പത്തൂര്‍ ശിങ്കാനല്ലൂര്‍ തരുനഗറില്‍ കുടിച്ചൈപകുതി വീട്ടില്‍ കാര്‍ത്തികേയന്‍(24)ആണ് പിടിയിലായത്. നടക്കാവ് എസ് ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ട്രിച്ചി വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(നാല്)യില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. കുന്നമംഗലം സ്വദേശി കുറുക്കന്‍കുന്ന് സാവിത്രി നിവാസില്‍ സബിന്‍ദാസിന്റെ പരാതി പ്രകാരമാണ് അറസ്റ്റ്. നടക്കാവ് എസ് ഐ ജി ഗോപകുമാര്‍, എ എസ് ഐമാരായ കെ ശ്രീനിവാസന്‍, എ അനില്‍കുമാര്‍, സീനിയര്‍ സി പി ഒ ഷാജി, സി പി ഒ കെ മോഹന്‍ദാസ് എന്നിവരടങ്ങുന്ന സംഘമാണ് കാര്‍ത്തികേയനെ പിടികൂടിയത്. കേസിലെ മറ്റുപ്രതികളായ പാലക്കാട് കൊല്ലംകോട് പുതുഗ്രാമം പുത്തന്‍വീട്ടില്‍ രാജന്‍ (63), മകന്‍ സുനില്‍കുമാര്‍(29) എന്നിവരെ കഴിഞ്ഞ സെപ്തംബര്‍ 22 ന് അറസ്റ്റ് ചെയ്തിരുന്നു. കപ്പലില്‍ ജോലി വാഗ്ദാനം ചെയ്ത് പാസ്‌പോര്‍ട്ടും 1,70,000 രൂപയും തട്ടിയെടുത്തെന്നായിരുന്നു പരാതി. കാര്‍ത്തികേയനും, രാജനും, സുനില്‍കുമാറും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. പ്രതിമാസം 40,000 രൂപയായിരുന്നു സംഘം വാഗ്ദാനം ചെയ്തത്. തൊഴില്‍ വിസയ്ക്ക് പകരം ടൂറിസ്റ്റ് വിസ നല്‍കി സംഘം സബിന്‍ദാസിനെയും സുഹൃത്തുക്കളെയും സെപ്തംബര്‍ നാലിന് മലേഷ്യയ്ക്ക് അയച്ചു. മലേഷ്യയില്‍ എത്തിയശേഷമാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്ന് സബിന്‍ദാസിനും സുഹൃത്തുക്കള്‍ക്കും മനസ്സിലായത്. രാജനും, സുനില്‍കുമാറും പിടിയിലായ വിവരമറിഞ്ഞ് കാര്‍ത്തികേയന്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണമുപയോഗിച്ച് മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെത്തി ആര്‍ഭാട ജീവിതം നയിക്കുന്നതാണ് കാര്‍ത്തികേയന്റെ പതിവെന്ന് പൊലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.