മോദി സര്‍ക്കാരിനെ ലക്ഷ്യമിട്ട് മലയാളി എഴുത്തുകാരും

Saturday 10 October 2015 3:40 pm IST

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെ ലക്ഷ്യമിട്ട് കേരളത്തില്‍ നിന്നും ഒരു വിഭാഗം സാംസ്കാരിക നായകര്‍ രംഗത്ത്. കവി കെ. സച്ചിദാനന്ദന്‍, നോവലിസ്റ്റും കഥാകൃത്തുമായ സാറാ ജോസഫ്, കഥാകൃത്ത് പി.കെ പാറക്കടവ്, സാഹിത്യ നിരൂപകന്‍ സി.ആര്‍ പ്രസാദ്, കെ.എസ് രവികുമാര്‍ എന്നിവരാണ് കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. സി.ആര്‍ പ്രസാദും കെ.എസ് രവികുമാറും അക്കാദമി അംഗത്വം രാജിവച്ചു.സച്ചിദാനന്ദന്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവച്ചു. ജനറല്‍ കൌണ്‍സില്‍, എക്‌സിക്യുട്ടീവ് കൌണ്‍സില്‍ എന്നിവയിലെ അംഗത്വമാണ് സച്ചിദാനന്ദന്‍ രാജിവച്ചത്. 2003ല്‍ ആലാഹയുടെ പെണ്‍മക്കള്‍ എന്ന നോവലിന് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സാറാ ജോസഫ് തിരിച്ചു നല്‍കി. മിനിക്കഥകളിലൂടെ ശ്രദ്ധേയനായ പി.കെ പാറക്കടവും കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവച്ചതായി അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കുന്നതിനൊപ്പം സ്വന്തം പ്രതിഛായ വര്‍ദ്ധിപ്പിക്കുക, പൊതുരംഗത്ത് വീണ്ടും ശ്രദ്ധ പിടിച്ചുപറ്റുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇവര്‍ക്കുള്ളത്. സര്‍ക്കാരിന്റെ നയങ്ങള്‍ വര്‍ഗീയ ഫാസിസത്തെ പിന്തുണക്കുന്നതാണെന്നാണ് ഇവരുടെ വാദം. മാധ്യമങ്ങള്‍ പടച്ചുവിടുന്ന വാര്‍ത്തകളല്ലാതെ ദാദ്രിയില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകപോലും ചെയ്യാതെയാണ് ഇവര്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത്. നേരത്തെ പ്രമുഖ ഹിന്ദികവിയും എഴുത്തുകാരനുമായ അശോക വാജ്‌പേയി, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന്റെ മകള്‍ നയന്‍താര സഘാള്‍ എന്നിവര്‍ സാഹിത്യ അക്കാദമി അവാര്‍ഡ് മടക്കിനല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.