സ്‌ത്രൈണവചനത്തിന്റെ ഋതുഭേദങ്ങള്‍

Saturday 10 October 2015 4:42 pm IST

ആവിഷ്‌കാരത്തിലും പ്രമേയത്തിലും ആഖ്യാനത്തിലും പുലര്‍ത്തുന്ന സൂക്ഷ്മതയും വൈവിധ്യവുമാണ് കവിതയിലെ നവഭാവുകത്വം. വ്യക്തിപരമായതോ സാമൂഹികമോ ആയ ജീവിതമെന്നപോലെ കവിതയും വളരെ വേഗത്തില്‍ മാറുകയാണ്. കുഞ്ഞുകുഞ്ഞു പദങ്ങളാല്‍ വലിയൊരു ആശയലോകം പുതുകവിത പണിതുയര്‍ത്തുന്നു. കവിത ആലോചനാമൃതമാകണം എന്ന വിചാരമാണ് പുതുതലമുറക്കവികളും വച്ചുപുലര്‍ത്തുന്നത് എന്നുകാണാം. വാക്കുകളുടെ ധാരാളിത്തം കവിതയുടെ ശില്‍പത്തെ ബാധിക്കുമെന്ന് അവര്‍ ആശങ്കപ്പെടുന്നുണ്ട്. ആവേശഭരിതമല്ലാത്ത കാലത്താണ് നല്ല കവിത എഴുതാന്‍ പറ്റുന്നതെന്ന് മികച്ച കവിതകള്‍ സാധൂകരിക്കുന്നു. ആത്മഹത്യ ഒരു കാര്യമല്ല,. കാരണമാവുന്നതുപോലെ. നഷ്ട സ്വര്‍ഗ്ഗത്തിനെക്കുറിച്ചുള്ള വിലാപങ്ങളോ കാഴ്ചയുടെ വസന്തത്തെയോ കവിതയുടെ പരമ്പരാഗത ചിട്ടവട്ടത്തിനെയോ അത് തള്ളിയകറ്റുന്നു. ജനസാമാന്യത്തിലേക്കിറങ്ങി നിന്ന് നിസ്വരുടെ നിലവിളിയെ കവിതയിലാവാഹിക്കുകയും, മാളികയിലെ വൃത്തികേടുകളൊന്നൊന്നായി ഒരുളുപ്പും കൂടാതെ വിളിച്ചുപറയുന്നുമുണ്ട്. പുതിയ കവിത ഒറ്റയ്ക്കുനിന്ന് എതിര്‍സ്വരമുയര്‍ത്തുന്ന പുതുകവിത ജൈവികമായ താളമുള്‍ക്കൊള്ളുകയും ചിരന്തനമായ ഭാരതീയദര്‍ശനത്തിലേക്ക് പ്രതീക്ഷയോടെ നോക്കുകയും ചെയ്യുന്നു. കവിതയ്ക്ക് വൃത്തം ഒഴിച്ചു കൂടാനാവാത്തതാണോ, അല്ലയോ എന്നല്ല ചര്‍ച്ച ചെയ്യപ്പെടേണ്ടത്. എങ്ങനെയെഴുതിയാലും അതില്‍ കവിതയുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. . വൃത്തത്തിലെഴുതി എന്നതിനാല്‍ മാത്രം ഒരു കവിത ഉദാത്തമാകുന്നില്ല. അതേപോലെ വൃത്തത്തിലെഴുതിയില്ല എന്നതിനാല്‍ ഒരു കവിത മോശമാകുന്നുമില്ല എന്നത് തിരിച്ചറിയപ്പെടണം. കവി ഒരു വാക്കാണ്. ആ വാക്കിന്റെ ഊര്‍ജ്ജത്തില്‍ നിന്ന് അനേകായിരം പ്രത്യാശകള്‍ ഉടലെടുക്കുന്നു. കാലവും സങ്കല്‍പ്പവും കെട്ടുപിണയുമ്പോഴാണ്, അക്ഷരാലിംഗനത്തിലമരുമ്പോഴാണ് കവിതയുടെ കര്‍ണികാരപൂവുകള്‍ വിടരുന്നത്. മലയാള കവിതയുടെ രൂപപരിണാമങ്ങളില്‍ വ്യത്യസ്ത കാലങ്ങളിലായി ഉണ്ടായിവന്ന പ്രസ്ഥാനങ്ങള്‍ കവിതയെക്കുറിച്ചുള്ള ഗഹനമായ ചിന്താപദ്ധതിയുടെ ഭാഗമായിരുന്നില്ല. മറിച്ച്, അതാതു കാലത്തെ സാമൂഹികാന്തരീക്ഷം കവികളില്‍ സൃഷ്ടിച്ച പ്രതികരണങ്ങളാണ് ഇതിനടിസ്ഥാനം. ഏതെങ്കിലും അക്കാദമിക താല്‍പ്പര്യത്തിന്റെ പ്രകടിതരൂപമല്ലാതെ ഉയര്‍ന്നുവന്ന ഈ ചിന്തകള്‍ മലയാളകവിതയുടെ ശക്തിസൗന്ദര്യങ്ങളായി പില്‍ക്കാലം വാഴ്ത്തപ്പെടുകയാണുണ്ടായത്. പുതുതലമുറക്കവിതകള്‍ എല്ലാം മികച്ചതാണന്നോ, കഴിഞ്ഞ കാലങ്ങളിലുണ്ടായ കവിതകള്‍ക്ക് പോരായ്മയുണ്ടന്നോ അല്ല ഇവിടെ അര്‍ത്ഥമാക്കുന്നത്. കാലഘട്ടത്തിന്റെ മാറ്റം കവിതകളിലും സംക്രമിച്ചു എന്നു സൂചിപ്പിക്കാനാണ്. ഞങ്ങളെത്തിക്കഴിഞ്ഞപ്പോഴേക്കും വിരുന്നു കഴിഞ്ഞതിന് ഞങ്ങളെന്തുപിഴച്ചു' എന്ന ഒരു ഉത്തരാധുനിക കവിയുടെ ചോദ്യം ഇവിടെ പ്രസക്തമാണ്. പുതിയ ടെക്‌നോളജി വന്നു. പുതിയ ഉപകരണങ്ങള്‍ വന്നു. അതിനെക്കൂടി അഭിമുഖീകരിച്ചുകൊണ്ടേ പുതിയ കവിയ്‌ക്കെഴുതാന്‍ സാധിക്കൂ. പുതിയ ലോകത്തോട് നമ്മുടെ ഭാഷ എങ്ങനെ പ്രതികരിച്ചു എന്നു നോക്കുന്നത് രസാവഹവും ചിന്തനീയവുമായിരിക്കും. കവിതകളില്‍ വളര്‍ച്ചകൊള്ളുന്ന സമാന്തരസങ്കല്‍പ്പങ്ങള്‍ നിരവധിപ്പേരെ എഴുത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. വിശ്വാസം മാറി പരസ്പരം അവിശ്വാസത്തിന്റെ കാലത്തെഴുതപ്പെടുന്ന കവിതകളില്‍ അതിന്റെ മുറിവുകളുണ്ട്. താനുള്‍പ്പെടുന്ന ലോകത്തിനു നേര്‍ക്ക് പ്രതീക്ഷാ നിര്‍ഭരമായി നോട്ടമയയ്ക്കുകയും ഉത്ക്കണ്ഠകളെ തുറന്നുപ്രകടിപ്പിക്കുകയും ചെയ്യുന്ന കവയിത്രിയാണ് പ്രശാന്തി ചൊവ്വര. ഹൃദയത്തില്‍നിന്നുമുദിക്കുന്ന കവിതയുടെ വിശുദ്ധനിലാവ് തന്നെ സാന്ത്വനിപ്പിക്കുകയും, ജീവിതകാലുഷ്യങ്ങളില്‍ കവചവുമാകുമെന്ന് ഈ കവയിത്രി കരുതുന്നു. സഹനവും നിസ്സഹായതയും പ്രക്ഷുബ്ദ്ധതയും ഇഴചേര്‍ന്നുനെയ്യുന്ന കാവ്യപ്രപഞ്ചമാണ് പ്രശാന്തിക്കവിതകളില്‍ ഇതള്‍ വിടരുന്നത്. പ്രശാന്തിയുടെ പുതിയ കവിതാസമാഹാരമായ 'ആത്മാവിന്റെ സ്‌കെച്ചുകള്‍' ഇതിന് അടിവരയിടുന്നു. പ്രശാന്തിയുടെ നാലാമത്തെ കവിതാസമാഹാരമാണിത്. ഭാവപരതയിലും പദസന്നിവേശത്തിലും ശ്രദ്ധപുലര്‍ത്തിയിട്ടുള്ള ഈ കവിതകള്‍ പരിക്ഷീണിത സ്ത്രീത്വത്തിന്റെ തുറന്നെഴുത്തായി മാറുന്നു. സ്വന്തമായൊരു ശൈലി രൂപപ്പെടുത്തിയ കവയിത്രിയാണ് പ്രശാന്തി ചൊവ്വരയെന്ന് ഈ സമാഹാരം വെളിവാക്കുന്നുണ്ട്. ഗിരീഷ് മൂഴിപ്പാടത്തിന്റെ ചിത്രങ്ങള്‍ നല്ല നിലവാരം പുലര്‍ത്തുന്നു. ലോകം ഉറങ്ങുമ്പോള്‍ കവി ഉണര്‍ന്നിരിക്കുന്നു എന്നത് സാര്‍ഥകമാക്കുന്നതാണ് ഈ രചനകള്‍. ഏതായാലും, നാട്ടുവര്‍ത്തമാനങ്ങള്‍പോലും കവിതയായി രൂപപ്പെടുന്ന സമകാലികാവസ്ഥയില്‍ ഉള്‍ക്കനം കൊണ്ടും അചുംബിതനിരീക്ഷണങ്ങള്‍ കൊണ്ടും സമ്പന്നമായ സമാഹാരമാണ് പ്രശാന്തിയുടെതെന്ന് ഉറപ്പിച്ചു പറയാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.