മലയും പുഴയും കൂടി അറുപതിലെത്തിയപ്പോള്‍

Saturday 10 October 2015 6:53 pm IST

മുല്ലപ്പെരിയാറിന്റെ പകുതി പ്രായം, പീച്ചിയേക്കാള്‍ രണ്ട് വയസ്സുകൂടും, ഇടുക്കി 18 വര്‍ഷം പിന്നിലാണ്. അങ്ങനെ നോക്കുമ്പോള്‍ മലമ്പുഴയുടെ അറുപത് ആഘോഷിക്കേണ്ടതുതന്നെയാണ്. അണക്കെട്ടുകളുടെ കാര്യമാണ് പറയുന്നത്. മലമ്പുഴ ഡാമിന് ഷഷ്ടിപൂര്‍ത്തിയാകുന്നു. എന്നാല്‍ ജന്മംകൊണ്ടു രണ്ടാമത്തേതാണെങ്കിലും ലക്ഷ്യംകൊണ്ട് ഒന്നാമത്തേതാണ് ഈ മലമ്പുഴക്കാരി. അതും കേരളത്തിലെ കാര്യം മാത്രമല്ല, തെക്കന്‍ഭാരതത്തില്‍ത്തന്നെ മൂത്ത പുത്രി. നാടിന്റെ നട്ടെല്ലായ കാര്‍ഷികാവശ്യങ്ങള്‍ക്കു ജലസംഭരണിയായിട്ടാണ് മലമ്പുഴയില്‍ ഈ അണക്കെട്ടുയര്‍ന്നത്. അങ്ങനെ നോക്കുമ്പോള്‍ മൂത്തവള്‍. പക്ഷേ, ജനസേവനത്തിനു ജലസേചനം മാത്രം പോരെന്നറിഞ്ഞപ്പോള്‍ അവള്‍ കുടിവെള്ളമായി, വൈദ്യുതിയായി, വ്യവസായമായി. അവളെ കാണാനും സൗന്ദര്യം കൊതിക്കാനും ആളുകള്‍ എത്താന്‍ തുടങ്ങിയതോടെ കൂടുതല്‍ അണിഞ്ഞൊരുങ്ങാന്‍ തുടങ്ങി. മലമ്പുഴയില്‍ ചെന്നു നോക്കൂ, പരസ്യത്തില്‍ പറയുന്നതുപോലെ പ്രായം പറയുകയേ ഇല്ല. എന്തായാലും ഉറപ്പ്, അറുപതു പറയില്ല ഒറ്റനോട്ടത്തില്‍. മലമ്പുഴയില്‍ ഒരണക്കെട്ടെന്ന ആശയം ഉദിച്ചത് 1914ലാണ്. അന്ന് പാലക്കാട്, മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. പിന്നീട് ചര്‍ച്ചകള്‍ക്കും കണ്ടെത്തലുകള്‍ക്കും, പഠനങ്ങള്‍ക്കും ശേഷം 1949 മാര്‍ച്ച് 27നാണ് മദിരാശി സര്‍ക്കാരിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന എം. ഭക്തവത്സലം അണക്കെട്ടിന് തറക്കല്ലിട്ടത്. റെക്കോര്‍ഡ് വേഗത്തിലായിരുന്നു അണക്കെട്ടിന്റെ നിര്‍മ്മാണം. കേവലം അഞ്ച് വര്‍ഷം കൊണ്ട് 2,069 മീറ്റര്‍ നീളത്തില്‍ മലമ്പുഴ നദിക്ക് കുറുകെയുള്ള അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. മൂവായിരത്തോളം തൊഴിലാളികള്‍, അഞ്ഞൂറ് സൂപ്പര്‍വൈസര്‍മാര്‍, മുപ്പത് എഞ്ചിനീയര്‍മാര്‍, നൂറോളം സഹായികള്‍ എന്നിവര്‍ ഒറ്റക്കെട്ടായി അദ്ധ്വാനിച്ചതിന്റെ ഫലമാണ് ആയിരക്കണക്കിന് കര്‍ഷകര്‍ക്കും ലക്ഷക്കണക്കിന് ജനങ്ങള്‍ക്കും ആശ്വാസദായകമായി നിലകൊള്ളുന്ന മലമ്പുഴ. ഇതില്‍ 1849 മീറ്റര്‍ മനുഷ്യനിര്‍മ്മിതവും, പ്രകൃതിദത്ത നീളം 220 മീറ്ററുമാണ്. 1955 ഒക്‌ടോബര്‍ ഒമ്പതിന് മദ്രാസ് മുഖ്യമന്ത്രിയും പിന്നീട് എഐസിസി പ്രസിഡന്റുമായ കെ. കാമരാജാണ് ഡാം ഉദ്ഘാടനം ചെയ്തത്. ഒരു ഡാം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് നിര്‍മ്മിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കാം എന്നുള്ളതിന് ഏറ്റവും വലിയ തെളിവാണിത്. ഡാമിന്റെ അന്നത്തെ നിര്‍മ്മാണ ചെലവ് 5.3 കോടി രൂപയായിരുന്നു. 23.13 ച.കി.മീ. വ്യാപ്തിയാണ് മലമ്പുഴ ഡാമിനുള്ളത്. (അതേസമയം അഞ്ച് പതിറ്റാണ്ടായിട്ടും കോടികള്‍ ചെലവഴിച്ച് ഇനിയും നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത കാഞ്ഞിരപ്പുഴ ഡാമും ഈ ജില്ലയില്‍ തന്നെയാണ്. ഇച്ഛാശക്തിയും ദൃഢവ്രതവുമുണ്ടെങ്കില്‍ നിര്‍മാണത്തിന് യാതൊരു വിധ ഭംഗവുമുണ്ടാകില്ലെന്നതിന് മലമ്പുഴ തെളിവാണ്) അണക്കെട്ടിന്റെ നിര്‍മാണത്തിന് മുമ്പ് പുന്‍പ്പാറ, ചോവങ്കാട്, ഇടുപ്പാടി, വടക്കമ്പാടം, താഞ്ഞികപ്പള്ളം, കാരക്കാട്, തൂപള്ളം, വാരാനി, അക്കരക്കാട്, കടുക്കാംകുന്നം, ആനക്കുഴിക്കാട്, തമ്പുരാട്ടിപോട്ട, ആനമുക്കര, പാണ്ടിപോട്ട. തെക്കുമ്പാടം, കൊശവന്‍ഇടുക്ക് എന്നിങ്ങനെയുള്ള സ്ഥലങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാല്‍ അണക്കെട്ടിന്റെ നിര്‍മാണത്തോടെ ഈ പ്രദേശം മൊത്തത്തില്‍ മലമ്പുഴ എന്നറിയപ്പെടാന്‍ തുടങ്ങി. ഡാമിന് കാര്യമായ തകരാറുകളൊന്നുമില്ലെന്നത് നിര്‍മ്മാണ വൈദഗ്ദ്ധ്യം വിളിച്ചോതുന്നു. പാലക്കാട്ടുകാര്‍ക്ക് വെള്ളം ഇന്ന് അത്ര സുലഭമല്ല. ലോകം ശ്രദ്ധിച്ച പ്ലാച്ചിമട സമരവും ലോകബ്രാന്‍ഡായ കൊക്കകോളയും പുതുതലമുറയ്ക്ക് ഏറെ പരിചയമായിരിക്കും. പക്ഷേ, പാലക്കാടിന്റെ പുഴകളും നദികളും സംബന്ധിച്ച കണക്കൊന്നും അവരോടു ചോദിക്കരുത്. കാരണം ഇതു നദിയായിരുന്നുവെന്നു ചൂണ്ടിക്കാണിക്കാനേ പുതിയ തലമുറയ്ക്കുകഴിയൂ എന്നതാണ് കാലാവസ്ഥയുടെ ദുസ്ഥിതി. എന്നാല്‍ മലമ്പുഴ ഡാമിന്റെ മുകളില്‍ കയറിനിന്നു ഡാമിലേക്കു നോക്കിയാല്‍ അവര്‍ അമ്പരക്കും. ഇത്രയും ജലസംഭരണമോ. അതിന്റെ ഗഹനതിയില്‍നിന്ന് അവരെ ഉല്ലസിപ്പിക്കാന്‍ താഴെയൊരുക്കിയിരിക്കുന്നത് എന്തെന്തെല്ലാമാണെന്നോ. മലമ്പുഴ അതുകൊണ്ടുതനെ ഒരു ടൂറിസ്റ്റ് അണക്കെട്ടുകൂടിയാണ്. പാലക്കാടിന്റെ സമ്പല്‍സമൃദ്ധിയ്ക്കും കേരളത്തിന്റെ നെല്ലറയാക്കിമാറ്റുന്നതിലും മലമ്പുഴ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. കേരളത്തില്‍ ആകെയുള്ള 3,10,521 ഹെക്ടര്‍ നെല്‍ വയലില്‍ പാലക്കാട്ടുമാത്രം 1,15,910 ഹെക്ടര്‍ വയലാണ് ഉള്ളത്. അതായത് നെല്‍ കൃഷിയുടെ 38ശതമാനത്തോളം ഇന്നും പാലക്കാട്ടാണ്. എന്നാല്‍ കൃഷിഭൂമിയില്‍ അടുത്തകാലത്തായി കുറവുവന്നിട്ടുണ്ടെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. തരിശായി കിടക്കുന്ന സ്ഥലം വേറെയും. എങ്കിലും പാലക്കാട് ജില്ലയുടെ കൃഷിഭൂമിയെ ഇപ്പോഴും സംരക്ഷിക്കുന്നത് മലമ്പുഴതന്നെയാണ്. ഇതുകൂടാതെ പാലക്കാട് നഗരസഭ, പറളി, മങ്കര, ലക്കിടി, ഒറ്റപ്പാലം, മായന്നൂര്‍, ഷൊര്‍ണ്ണൂര്‍, ഓങ്ങല്ലൂര്‍, പട്ടാമ്പി, തൃത്താല എന്നിവിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നു. അതോടൊപ്പം വര്‍ഷം മുഴുവനും ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതും ഇവിടെനിന്നുതന്നെ. അടുത്തകാലത്തായി വ്യവസായങ്ങള്‍ക്കാവശ്യമായ വെള്ളവും മലമ്പുഴയില്‍നിന്നെടുക്കുന്നുണ്ട്. അണക്കെട്ടിന്റെ സംഭരണശേഷി 236.69 ക്യുബിക് മീറ്ററാണ്. ശേഖരിക്കാവുന്ന വെള്ളത്തിന്റെ അളവ് 115.06 മീറ്ററുമാണ.് നിറഞ്ഞുനില്‍ക്കുന്ന ഡാം അപൂര്‍വ കാഴ്ചകളാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ആസൂത്രണം ചെയ്ത ടൂറിസം പദ്ധതികളിലൂടെ മലമ്പുഴ ഒരുകാലത്ത് ഏറെ സഞ്ചാരികളെ ആകര്‍ഷിച്ചു. പിന്നെ ഇടക്കാലത്ത് അതിന്റെ പ്രതാപം കെട്ടു. പിന്നെയും സമൃദ്ധമായിട്ടുണ്ട് ഇപ്പോള്‍. ആസൂത്രണം ആനുകാലികമാക്കിയാല്‍ ഇനിയും ഏറെപ്പേരെത്തും. പക്ഷേ, അവര്‍ക്ക് വീണ്ടും വീണ്ടും വരണമെന്നു തോന്നാനുള്ളതുണ്ടാവണം. അക്കാര്യത്തില്‍ പക്ഷേ, സാദ്ധ്യതകള്‍ സമ്പൂര്‍ണ്ണമായി വിനിയോഗിച്ചിട്ടുണ്ടോ എന്നു സംശയിക്കണം. അല്ലെങ്കില്‍ ദക്ഷിണേന്ത്യയിലെ ആദ്യത്തെ റോപ്‌വേ അത്ഭുതം മലമ്പുഴയിലായിരുന്നുവെന്ന് പറഞ്ഞാല്‍ ആരും അതിശയിക്കില്ലെ. എന്നിട്ട് ഇന്നോ എന്ന് ചോദിക്കില്ലെ... കേരള സംസ്ഥാനം രൂപീകരിച്ചതിനുശേഷം ഡാമിനോടനുബന്ധിച്ച് ഉദ്യാനവും ആരംഭിച്ചു. ഇന്ന് ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഉദ്യാനമായി മാറിയിരിക്കുന്നു മലമ്പുഴ. ഒരുവര്‍ഷം, മുപ്പത് ലക്ഷത്തോളം വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ മലമ്പുഴയിലെത്തുന്നുണ്ടെന്നാണ് കണക്ക്. കേരളത്തിലെ വൃന്ദാവനം എന്നാണ് മലമ്പുഴ അറിയപ്പെടുന്നത്. ഇതോടനുബന്ധിച്ച് അക്വേറിയം, സ്‌നേക് പാര്‍ക്ക്, റോക്ക് ഗാര്‍ഡന്‍, റോപ്പ് വേ എന്നിവയും മലമ്പുഴയില്‍ ഉണ്ട്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള റോക്ക് ഗാര്‍ഡന്‍ മലമ്പുഴയുടെ സവിശേഷതയാണ്. രാജ്യത്ത് ആദ്യത്തെ റോക്ക് ഗാര്‍ഡന്‍ ചണ്ഢിഗഢില്‍ നിര്‍മിച്ച പ്രശസ്ത ശില്‍പി നെക്ക് ചന്ദ് സെയ്‌നി തന്നെയാണ് ഇതും നിര്‍മിച്ചത്. 1996ലാണ് നിര്‍മ്മിതീകേന്ദ്ര മാതൃകയില്‍ നിര്‍മിച്ച ഇതിന്റെ ഉദ്ഘാടനം നടന്നത്. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകള്‍, ടൈല്‍സ്, ഗ്രാനൈറ്റ്, കല്ലുകള്‍, ഫ്യൂസ് കാരിയറുകള്‍, ഇന്‍സുലേറ്ററുകള്‍, പൊട്ടിയ വളകള്‍, മെലാമയിന്‍ ഡിഷ് വയറുകള്‍ എന്നിവകൊണ്ടാണ് അതിമനോഹരമായ രീതിയില്‍ ഗാര്‍ഡന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആരേയും അത്ഭുതപ്പെടുത്തുന്ന നിര്‍മാണ ചാതുര്യമാണ് ഇതിന്. ഡാമില്‍നിന്നും കേവലം 800മീറ്റര്‍ അകലെയാണിത്. പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലവും ഇതിനുണ്ട്. എന്നാല്‍, മലമ്പുഴയില്‍ എത്തുന്നവരെല്ലാം ഈ റോക് ഗാര്‍ഡന്‍ സന്ദര്‍ശിക്കുന്നുണ്ടോ? ഉണ്ടെന്നു പറയാനാവില്ല. ശുചിത്വ ഭാരതത്തിനും മുമ്പ്, മാലിന്യം ഒരു വമ്പന്‍ തലവേദനയാകും മുമ്പ്, ഇലക്‌ട്രോണിക് വേസ്റ്റും റിസൈക്കിള്‍ ചെയ്യാനാവാത്ത മാലിന്യവും നമ്മുടെ തലവേദനയാകും മുമ്പ് ഇങ്ങനെയൊരു സങ്കല്‍പ്പം കൊണ്ടുവന്നത് അത് സന്ദര്‍ശകര്‍ക്കു മാതൃകയാക്കാനായിരുന്നു. എന്നിട്ടോ. കണ്ടിട്ടുവേണ്ടേ അനുകരിക്കാന്‍. ഒരു കണക്കെടുത്തു നോക്കട്ടെ, മലമ്പുഴയില്‍ ഡാം കണ്ടവരും യക്ഷിയെക്കണ്ടവരും റോക് ഗാര്‍ഡന്‍ കണ്ടവരും എത്രയുണ്ടെന്ന്. മലമ്പുഴ സന്ദര്‍ശകര്‍ക്ക് ഒരു സമഗ്ര പദ്ധതി ഇനിയെങ്കിലും അനിവാര്യമാണ്. മദ്രാസ് ഗവര്‍ണറായിരുന്ന സി.രാജഗോപാലാചാരി 1949 ല്‍ ഉദ്യാനത്തിന്റെ നിര്‍മാണപ്രവര്‍ത്തനം വിലയിരുത്താനായി എത്തിയപ്പോള്‍ അദ്ദേഹം ഇരുന്ന സ്ഥലമാണ് ഗവര്‍ണേഴ്‌സ് സീറ്റ്. മറ്റെവിടെയായിരുന്നെങ്കില്‍ ആ സ്ഥാനം പ്രത്യേക ശ്രദ്ധാകേന്ദ്രമായേനെ. ടൂറിസത്തിന്റെ കാഴ്ച്ചപ്പാടില്‍ അതു മാര്‍ക്കറ്റ് ചെയ്യപ്പെടുകയും ചെയ്‌തേനെ. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍നിന്നാണ് ഇവിടെ വരുന്ന സംസ്ഥാനാന്തര സന്ദര്‍ശകര്‍ കൂടുതലും. ഇപ്പോള്‍ എന്തായാലും അതു മോടിപിടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അറുപതിലെ മുഖം മിനുക്കല്‍ ഫലം കണ്ടേക്കും. കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി അടച്ചിട്ട സാഡില്‍ ഡാം ഇത്തവണ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. മലമ്പുഴ ഡാമും അതിന്റെ വൃഷ്ടി പ്രദേശവും തുരുത്തുകളും ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് ഇതിലൂടെ കഴിയും. ഉദ്യാനത്തിലെ പഴയ ടോയ് ട്രെയിന്‍ എഞ്ചിനടക്കം പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയം ഉദ്യാനത്തിന്റെയും ഡാമിന്റെയും തുടക്കം മുതലുള്ള ആയിരത്തോളം ചിത്രങ്ങള്‍ എന്നിവയടങ്ങിയ മ്യൂസിയം തുറക്കുവാനും പദ്ധതിയുണ്ട്. മാത്രമല്ല ഡാമിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിന് രണ്ട് പുതിയ വ്യൂ പോയിന്റുകള്‍, റോക്ക് ഗാര്‍ഡനില്‍നിന്നും മലമ്പുഴ ഉദ്യാനത്തിലേക്ക് പ്രവേശിക്കുവാന്‍ പുതിയ കവാടം എന്നിവ ഒരുക്കുവാനും പദ്ധതിയുണ്ട്. നവീകരിച്ച കുട്ടികളുടെ പാര്‍ക്ക്, പുതിയ ശില്‍പ്പങ്ങള്‍, വിദേശ പൂക്കളടങ്ങുന്ന പൂന്തോട്ടം, പുതിയ നീന്തല്‍ക്കുളം, നവീകരിച്ച റിസോര്‍ട്ട്, തൂക്കുപാലം, വാട്ടര്‍ പാത്ത് എന്നിവയും ഉദ്യാനത്തിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതിനായി തയ്യാറാകുന്നു. രണ്ടര മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള മിനി പവര്‍‌സ്റ്റേഷന്റെ നിര്‍മാണം ആരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇനിയും പൂര്‍ത്തീകരിക്കാനായില്ലെന്നത് ഖേദകരമായ വസ്തുതയാണ്. പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനുമാണ് യാത്രകളും സ്ഥല സന്ദര്‍ശനങ്ങളും വാസ്തവത്തില്‍. ആഹ്ലാദിപ്പിക്കുന്നതും വിനോവദിക്കുന്നതും അതിലേക്കുള്ള ആകര്‍ഷണങ്ങള്‍ മാത്രമാണ്. ഒരു പാഠം, നിത്യജീവിത പാഠം അവിടെനിന്നു കിട്ടുക എപ്പോഴും നല്ലതാണ്. മലയുടെയും പുഴയുടെയും സംഗമ സ്ഥാനമായ മലമ്പുഴ ഒരേ സമയം ഉല്ലാസത്തിന്റെയും സാഹസത്തിന്റെയും കൂട്ടുചേരലിടംകൂടിയാണ്. ഉല്ലാസങ്ങളും സാഹസങ്ങളും ഒന്നു മിഴിതെറ്റിയാല്‍, ശ്രദ്ധപിണങ്ങിയാല്‍ അതു നിത്യദുഃഖങ്ങള്‍ക്കു കാരണമാകുന്ന ദുരന്തങ്ങളാകാറുണ്ട്. ശോകനാശിനിയെന്നൊരു പുഴയുണ്ട് പാലക്കാട്ടെ ചിറ്റൂരില്‍. അത് ശോകമുണ്ടാക്കിയ സംഭവങ്ങള്‍ ഏറെയുണ്ട്. പുഴയില്‍ നീന്താനിറങ്ങി ജീവനാശമുണ്ടായ സംഭവങ്ങള്‍. വന്‍ മരത്തിന്റെ വേരില്‍ കുടുങ്ങിയാണ് ആ മരണങ്ങള്‍ അധികവും സംഭവിച്ചത്. ആ വന്മരത്തിന്റെ വേര് മലമ്പുഴയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മുന്നറിയിപ്പിന്റെ അടിവേരുകള്‍ പോലെ. വനം വകുപ്പിന്റെ കീഴിലുള്ള സ്‌നേക്ക് പാര്‍ക്കാണ് മലമ്പുഴയുടെ മറ്റൊരു സവിശേഷത. വിവിധതരത്തിലുള്ള വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകളുടെ ഒരു വന്‍ശേഖരം തന്നെ ഇവിടെയുണ്ട്. രാജവെമ്പാല, വെള്ള മൂര്‍ഖന്‍, മൂര്‍ഖന്‍, കരിമൂര്‍ഖന്‍, കരിംചേര, പുല്ലാനി മൂര്‍ഖന്‍, മൂവരയന്‍ ചുരുട്ട, ശംഖുവരയന്‍, അണലി, മലമ്പാമ്പ് വെള്ളിവരയന്‍, കാട്ടുപാമ്പ്, മഞ്ഞച്ചേര, നാഗത്താന്‍ പാമ്പ് എന്നിവ ഇതിലുള്‍പ്പെടുന്നു. കേരളത്തിലെ അപൂര്‍വമായ സ്‌നേക്ക് പാര്‍ക്കുകളില്‍ ഒന്നാണിതെന്ന പ്രത്യേകതയുമുണ്ട്. അറുപത് മലമ്പുഴക്ക് ഒരു വിശ്രമ പ്രായമല്ല. കൂടുതല്‍ കരുത്താര്‍ജ്ജിച്ച്, കൂടുതല്‍ അലങ്കാരങ്ങളണിഞ്ഞ്, കൂടുതല്‍ പേരെ ആകര്‍ഷിക്കാനും ആഹ്ലാദിപ്പിക്കാനും മലമ്പുഴ ഒരുങ്ങുകയാണ്....  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.