മഴയില്‍ നശിച്ചത് രണ്ടായിരത്തിലേറെ ടണ്‍ നെല്ല്

Saturday 10 October 2015 8:18 pm IST

കുട്ടനാട്/അമ്പലപ്പുഴ: മഴ ശക്തമായി തുടരുന്നത് ജില്ലയില്‍ രണ്ടാംകൃഷിയുടെ വിളവെടുപ്പിന് ഭീഷണിയായി. വിളവെടുക്കാറായ പാടശേഖരങ്ങളിലെ 2,000ത്തിലേറെ ടണ്‍ നെല്ല് മഴയില്‍ നശിച്ചതായാണ് കൃഷിവകുപ്പിന്റെ കണക്ക്. 14,709 ഹെക്ടറിലാണ് ഇത്തവണ രണ്ടാംകൃഷിയുള്ളത്. 400 ഹെക്ടറിലായി നാലര കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കരുവാറ്റ, ചെറുതന, അമ്പലപ്പുഴ, കൈനകരി, തകഴി മേഖലകളിലാണ് ഏറെ നാശനഷ്ടമുണ്ടായത്. മഴവെള്ളം കെട്ടിക്കിടന്ന് ഭൂരിഭാഗം പ്രദേശത്തെയും നെല്‍ച്ചെടികള്‍ കിളിര്‍ത്തു. ചില പാടശേഖരങ്ങളില്‍ വെള്ളം കയറിയതോടെ കൊയ്ത്ത് പകുതിയില്‍് ഉപേക്ഷിച്ചു. ആദ്യം വിളവെടുപ്പ് പൂര്‍ത്തിയാക്കിയ പാടശേഖരങ്ങളില്‍ സംഭരണം വൈകിയതുമൂലം നെല്ലിന്റെ 10 ശതമാനത്തോളം നഷ്ടപ്പെട്ടു. വിളവെടുക്കാറായ പാടശേഖരങ്ങളില്‍ മഴമൂലം കൊയ്ത്ത് വൈകുകയാണ്. നെല്ലിന്റെ ഈര്‍പ്പവും കര്‍ഷകരെ വലയ്ക്കുന്നു. 27 മില്ലുകളാണ് ജില്ലയില്‍ സംഭരണം നടത്തുന്നത്. വ്യാഴാഴ്ചവരെയുള്ള കണക്കുപ്രകാരം പതിനായിരത്തോളെ ടണ്‍ നെല്ല് സംഭരിച്ചതായാണ് കണക്ക്. വിളവെടുത്തശേഷം മഴയില്‍ നശിച്ച നെല്ലിനും നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. അമ്പലപ്പുഴ വടക്കുപഞ്ചായത്തില്‍ നാലുപാടം, കാട്ടുകോണം പാടശേഖരങ്ങളിലാണ് ഏക്കര്‍ കണക്കിന് നെല്ല് നശിച്ചത്. മഴ ശക്തമാകുംമുമ്പ് കൊയ്‌തെടുക്കാം എന്ന പ്രതീക്ഷയില്‍ പതിനെട്ടോളം കൊയ്ത്തുയന്ത്രങ്ങളാണ് നാലുപാടത്ത് എത്തിച്ചത്. എന്നാല്‍ യന്ത്രം എത്തിച്ച ദിവസം മുതല്‍ മഴ ശക്തമായതോടെ കൊയ്ത്തു മുടങ്ങുകയും നിരന്തരമായ വൈദ്യുതിമുടക്കം വെള്ളം പമ്പുചെയ്തു കളയുന്നതിനു തടസ്സമാകുകയും ചെയ്തു. ഇതാണ് കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്തത്. ഏക്കറിന് 25,000 രൂപയോളം മുടക്കി വിളവെടുപ്പിന് തയ്യാറായപ്പോഴാണ് മഴ ചതിച്ചത്. 441 ഏക്കറുള്ള നാലുപാടവും 240 ഏക്കര്‍ കാട്ടുകോണവും ഇത്തവണ നല്ല വിളവാണ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്. ഇത്രയേറെ സംഭവങ്ങള്‍ ഉണ്ടായിട്ടും കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കാതിരുന്നത് കര്‍ഷകരോടുള്ള വിവേചനമാണെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി അനില്‍കുമാര്‍ അമ്പലപ്പഴ ആരോപിച്ചു. അടിയന്തരമായി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് അനില്‍കുമാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.