അരവണ നിര്‍മ്മാണം 13 മുതല്‍

Saturday 10 October 2015 9:06 pm IST

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്കു തീര്‍ഥാടനകാലത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ 50 വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും. അരവണ നിര്‍മ്മാണം 13 ന് ആരംഭിക്കും, ശബരിമല മണ്ഡല കാലത്തിനു മുന്നോടിയായി ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ ദേവസ്വംബോര്‍ഡ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. വാട്ടര്‍ കിയോസ്‌കുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം ജലഅഥോറിറ്റിയുടെ നേതൃത്വത്തില്‍ ജല എടിഎമ്മുകള്‍ സ്ഥാപിക്കുന്നതും പരിഗണിക്കും. പമ്പയിലും സന്നിധാനത്തും സ്ഥിരം തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചതായി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ മരത്തില്‍ താത്കാലികമായി വിളക്കുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കാനാവും. വനംവകുപ്പിന്റെ അനുമതി ലഭിച്ചാല്‍ ചക്കുവള്ളി ഒന്ന്, രണ്ട് മേഖലകളിലെ പാര്‍ക്കിംഗ് സ്ഥലത്തും സ്ഥിരം ലൈറ്റുകള്‍ സ്ഥാപിക്കും. ഇതിനാവശ്യമായ തുക കെഎസ്ഇബി തന്നെ കണെ്ടത്തും. വൈദ്യുതി മുടങ്ങുന്ന അവസ്ഥ ഒഴിവാക്കാനായി സന്നിധാനത്ത് ഏരിയല്‍ ബഞ്ച് കേബിളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 20ന് പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്ക് സുരക്ഷായാത്ര നടത്തും. റോഡരികില്‍ മരങ്ങളും ശിഖരങ്ങളും അപകടാവസ്ഥയിലുണേ്ടായെന്ന് യാത്രയില്‍ പരിശോധിക്കും. ദുരന്തനിവാരണ യൂണിറ്റിന്റെ എമര്‍ജന്‍സി ഓപ്പറേഷന്‍ കേന്ദ്രം നവംബര്‍ 15 മുതല്‍ 2016 ജനുവരി 20 വരെ ശബരിമലയില്‍ പ്രവര്‍ത്തിക്കും.ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ദുരന്ത നിവാരണം സംബന്ധിച്ച് പ്രത്യേക സംഘം പഠനം നടത്തും. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം ശബരിമലയിലെ അപകട മേഖലകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കി ജില്ലാ കളക്ടര്‍ക്ക് നല്‍കും. ബിഎസ്എന്‍ എല്‍ സാധാരണയുള്ള ഒരു ടവറിന് പുറമെ പുതിയ രണ്ട് താത്കാലിക ടവര്‍ സംവിധാനം ഒരുക്കാമെന്ന് യോഗത്തില്‍ അറിയിച്ചു. വനംവകുപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇതിനാവശ്യമായ നടപടി സ്വീകരിക്കും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പരിശോധനാ ലാബുകള്‍ പ്രവര്‍ത്തിക്കും. സന്നിധാനത്തും പമ്പയിലുമുള്ള ഭക്ഷണകേന്ദ്രങ്ങളിലുള്ളവര്‍ക്ക് ഭക്ഷ്യസുരക്ഷയെക്കുറിച്ച് പരിശീലനം നല്‍കാനും തീരുമാനിച്ചു. വനംവകുപ്പിന്റെ റാപ്പിഡ് ആക്ഷന്‍ ടീം ഇത്തവണ പ്രവര്‍ത്തിക്കും. ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ പോലീസ് ഒരുക്കും. തങ്ക അങ്കി ഘോഷയാത്രയെ അനുഗമിക്കുന്ന പോലീസുകാര്‍ക്ക് താമസത്തിനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കണമെന്ന് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ആവശ്യപ്പെട്ടു. 13 മുതല്‍ അരവണ നിര്‍മ്മാണം ആരംഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.