യുഡിഎഫ് സമ്പന്നവര്‍ഗ്ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടിയായി മാറി: ആര്‍എസ്പി

Saturday 10 October 2015 10:07 pm IST

എരുമേലി: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിട്ടും നാഥനില്ലാതെ നട്ടംതിരിയുന്ന യുഡിഎഫ് സമ്പന്നവര്‍ഗ്ഗത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടിയായി മാറിയതായി ആര്‍എസ്പി. യുഡിഎഫിലെ ഒരു ഘടക കക്ഷിയെന്ന നിലയില്‍ തങ്ങളെ സീറ്റുകളുടെ ചര്‍ച്ചയിലോ യുഡിഎഫ് കമ്മറ്റി പോലും വിളിച്ചുകൂട്ടാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ്. ആര്‍എസ്പി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ഉന്നയിച്ചത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനോ ഘടകകക്ഷികളെക്കൂടി ചര്‍ച്ച ചെയ്യാനോ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ആര്‍എസ്പിക്ക് സ്വാധീനമുള്ള പഞ്ചായത്തിലെ 9 വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഘടകകക്ഷിയെന്ന നിലയ്ക്ക് കോണ്‍ഗ്രസ് തോറ്റതടക്കം വരുന്ന 5 സീറ്റുകള്‍ വേണമെന്നാണ് ആര്‍എസ്പി ആവശ്യപ്പെട്ടത്. എന്നാല്‍ 3 സീറ്റുകള്‍ നല്‍കാമെന്ന് പറയുന്നുവെങ്കിലും ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ പോലും നേതാക്കള്‍ തയ്യാറാകുന്നില്ലെന്നും അവര്‍ പറഞ്ഞു. മുതലാളിത്ത പാര്‍ട്ടിയായി മാറിയ യുഡിഎഫ് ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ ജയിപ്പിക്കാന്‍ മാത്രമല്ല, തോല്‍പ്പിക്കാനും ആര്‍എസ്പിക്ക് കഴിയുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. എരുമേലിയില്‍ ആര്‍എസ്പിയെ അടിച്ചമര്‍ത്താനുള്ള നീക്കത്തെ ചെറുക്കുമെന്നും വാര്‍ഡുകളില്‍ ചെറുപാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചാല്‍ അവര്‍ക്ക് പിന്തുണ നല്‍കുമെന്നും അവര്‍ പറഞ്ഞു. യുഡിഎഫ് മുന്നണിയില്‍ നിന്നും പുറത്താക്കുന്നതുവരെ മുന്നണിയില്‍ തന്നെ തുടരുമെങ്കിലും 9 വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും നേതാക്കള്‍ പറഞ്ഞു. എല്‍ഡിഎഫിലെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ഒഴക്കാനാട്, വാഴക്കാല, ചെറുവള്ളി, കനകപ്പലം, തുമരംപാറ, ശ്രീനിപുരം, പ്രൊപ്പോസ്, മുട്ടപ്പള്ളി, നേര്‍ച്ചപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളിലേക്കും ചില ബ്ലോക്ക് പഞ്ചായത്തിലേക്കും മത്സരിക്കാന്‍ തയ്യാറായതായും നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ആര്‍എസ്പി ഇലക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ എന്‍. സദാനന്ദന്‍, ജില്ലാ കമ്മറ്റിയംഗങ്ങളായ കെ.പി. ബാബു, പി.ബി. മോഹനന്‍, പി.കെ. റസാക്ക്, ആര്‍വൈഎഫ് ജില്ലാ പ്രസിഡന്റ് റജി ചെറുവള്ളി, യുടിയുസി നേതാക്കളായ താജുദീന്‍, സതീഷ്‌കുമാര്‍, റാജിവാളിപ്ലാക്കല്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.