യന്ത്രസഹായത്തോടെ ആദ്യ ത്രിതല തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ ഒരുങ്ങുന്നു

Saturday 10 October 2015 10:09 pm IST

കോട്ടയം: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് ആദ്യമായി ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പു നടത്തുന്നതിന് ജില്ലയിലെ ഉദ്യോഗസ്ഥര്‍ തയ്യാറെടുക്കുന്നു. ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നിര്‍മ്മിച്ചിട്ടുള്ള ഏത് കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്ന വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് റിട്ടേണിംഗ് ഓഫീസര്‍-അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റും അടങ്ങുന്ന വോട്ടിംഗ് മെഷീനുകളുടെ വിവിധ ഭാഗങ്ങള്‍,അവ പ്രവര്‍ത്തിപ്പിക്കുന്ന രീതികള്‍, പോളിങ്ങ് തുടങ്ങുന്നതിനു മുന്‍പും പോളിങ്ങ് അവസാനിച്ചതിനു ശേഷവും മെഷീനില്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വിദഗ്ദ പരിശീലനമാണ് നല്‍കിയിട്ടുള്ളത്.ഇലക്ഷന്‍ കമ്മീഷന്‍ പരിശീലനം നല്‍കിയിട്ടുള്ള 11 ജില്ലാതല മാസ്റ്റര്‍ ട്രെയിനേഴ്‌സാണ് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഉന്നത തല പരിശീലനം നല്‍കുന്നത്. ഇവര്‍ക്കുപുറമേ ഒരു ബ്ലോക്കില്‍ അഞ്ച് ഉദ്യോഗസ്ഥരെവീതം മറ്റുദ്യോഗസ്ഥര്‍ക്ക് പരിശീലനം നടത്തുന്നതിന് സജ്ജമാക്കിയിട്ടുണ്ട്. 2350 വോട്ടിംഗ് മെഷീനുകളാണ് ഇലക്ഷന്‍ കമ്മീഷന്‍ കോട്ടയം ജില്ലയ്ക്കായി നല്‍കിയിട്ടുള്ളത്. ഇലക്ഷന്‍ കമ്മീഷന്റെ എഞ്ചിനീയര്‍മാര്‍ ഇവയുടെ ഒന്നാം ഘട്ട പരിശോധന പൂര്‍ത്തിയാക്കി സീല്‍ ചെയ്തു കഴിഞ്ഞു. വോട്ടിംഗ് നടക്കുന്നതിനിടെ യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിന് തടസ്സമോ കേടുപാടുകളോ ഉണ്ടായാല്‍ ഉടനടി നന്നാക്കുന്നതിന് വില്ലേജ് ഓഫീസര്‍-അസി.വില്ലേജ് ഓഫീസര്‍മാരെ പ്രത്യേക പരിശീലനം നല്‍കി സജ്ജമാക്കാനാണ് നടപടി. അടുത്ത പതിനഞ്ചു വര്‍ഷത്തെ തെരഞ്ഞെടുപ്പാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തില്‍ ഉദ്യോഗസ്ഥര്‍ യന്ത്രങ്ങള്‍ കൈകാര്യം ചെയ്യണമെന്നാണ് ഇലക്ഷന്‍ കമ്മീഷന്റെ കാഴ്ചപ്പാടെന്ന് പരിശീലകര്‍ പറയുന്നു. ദേശീയ സമ്പാദ്യ ഭവന്‍ ഹാളില്‍ ഇന്നലെ നടന്ന പരിശീലന പരിപാടിയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ മോഹനന്‍പിള്ള, നാഷ്ണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിലെ ഉദ്യോഗസ്ഥരും ജില്ലാതല മാസ്റ്റര്‍ ട്രെയിനേഴ്‌സുമായ ദിലീപ്.കെ.നായര്‍,പി.ടി.ജോസഫ്,ആര്‍.രാജേഷ് എന്നിവര്‍ ക്ലാസ്സെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.