നവരാത്രി വിഗ്രഹങ്ങള്‍ ഇന്ന് തിരിക്കും

Saturday 10 October 2015 10:10 pm IST

തിരുവനന്തപുരം: നവരാത്രി പൂജയ്ക്കായി പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് നവരാത്രി വിഗ്രഹങ്ങള്‍ ഇന്ന് യാത്ര തിരിക്കും. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉപ്പിരിക്ക മാളികയിലെ ഉടവാള്‍ കൈമാറ്റ ചടങ്ങ് നിര്‍വഹിക്കും. നഗരാതിര്‍ത്തിയായ കളിയിക്കാവിളയില്‍ നാളെ എത്തുന്ന നവരാത്രി വിഗ്രഹങ്ങളെ രാവിലെ 11ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വരവേല്‍ക്കും. ഉച്ചയോടുകൂടി ദേവസ്വംബോര്‍ഡിന്റെ പാറശാല ശ്രീ മഹാദേവ ക്ഷേത്രത്തിലെത്തും. രാത്രി നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് തങ്ങുക. 13ന് രാവിലെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് നവരാത്രി ഘോഷയാത്ര പുനരാരംഭിച്ച് ഉച്ചയോടെ കരമന ആവടയമ്മന്‍ കോവിലില്‍ (സത്യവാഗീശ്വരി അമ്മന്‍കോവില്‍) എത്തിച്ചേരും. വൈകിട്ട് 6.30ന് കോട്ടയ്ക്കകം ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിനു മുന്നിലുള്ള നവരാത്രി മണ്ഡപത്തില്‍ (സരസ്വതി മണ്ഡപം) എത്തിച്ചേരും. അവിടെ തിരുവിതാംകൂര്‍ രാജപ്രതിനിധി കാണിക്കയിട്ട് സ്വീകരിക്കും. തുടര്‍ന്ന് സരസ്വതി ദേവിയെ അവിടെ കുടിയിരുത്തും. ശുചീന്ദ്രത്തു നിന്നുവരുന്ന മുന്നൂറ്റിനങ്കയെയും കുമാരകോവിലില്‍ നിന്നു വരുന്ന സുബ്രഹ്മണ്യ സ്വാമിയെയും യഥാക്രമം ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളായ ആര്യശാല ചെന്തിട്ട എന്നീ ദേവസ്വങ്ങളില്‍ പ്രതിഷ്ഠിക്കും. അതോടെ 9 ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ഉത്സവത്തിന് തിരുവനന്തപുരത്ത് നാന്ദി കുറിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.