ഗ്രാമ-നഗര ചിന്തകള്‍

Sunday 11 October 2015 7:54 pm IST

ഈശ്വരന്‍ സൃഷ്ടിച്ചതാണ് ഗ്രാമങ്ങള്‍. നഗരങ്ങളാവട്ടെ മനുഷ്യന്‍ സൃഷ്ടിച്ചതും. ഈശ്വരസൃഷ്ടിയില്‍ എല്ലാറ്റിനും ഒരു ക്രമമുണ്ട്. എല്ലാ ജിവജാലങ്ങള്‍ക്കും ഒരു സ്ഥാനമുണ്ട്. പ്രകൃതിയിലുണ്ടാകുന്ന മാലിന്യങ്ങള്‍ വീണ്ടും പ്രയോജനമുള്ളവയാക്കി മാറ്റാനും അങ്ങനെ പരിസ്ഥിതി സംരക്ഷിക്കാനുമുള്ള മാര്‍ഗങ്ങള്‍ പ്രകൃതിയില്‍ത്തന്നെയുണ്ട്. എന്നാല്‍ മനുഷ്യന്‍ സ്വാര്‍ഥതയ്ക്കായി പ്രകൃതിസമ്പത്തുകളില്‍ ക്രമാതീതമായ മാറ്റമുണ്ടാക്കുമ്പോള്‍ പ്രകൃതിയുടെ താളംതെറ്റുന്നു. അതിന്റെ ഫലം പ്രകൃതിയിലെ മറ്റു ജീവജാലങ്ങളോടൊപ്പം മനുഷ്യനും അനുഭവിക്കേണ്ടിവരുന്നു. ശാസ്ത്രം പുരോഗമിക്കുമ്പോള്‍ നഗരങ്ങളും ഫാക്ടറികളും ഉണ്ടാകും. മാലിന്യങ്ങള്‍ കുന്നുകൂടും. എന്നാല്‍ ആ മാലിന്യങ്ങള്‍ വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയസംവിധാനങ്ങള്‍ കണ്ടെത്തുകയും അവ പ്രാവര്‍ത്തികമാക്കുകയും വേണം. അല്ലെങ്കില്‍ പരിസ്ഥിതി ദുഷിക്കും. രോഗങ്ങള്‍ പടര്‍ന്നുപിടിക്കും. ആസ്പത്രികള്‍ നിര്‍മിച്ചതുകൊണ്ടോ, പുതിയ ഔഷധങ്ങള്‍ കണ്ടെത്തിയതുകൊണ്ടോ മാത്രം ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ഇന്നെല്ലാം മലിനമായിക്കൊണ്ടിരിക്കുന്നു. വായുവും വെള്ളവും ആഹാരപദാര്‍ഥങ്ങളും എല്ലാം. മനുഷ്യന്‍ ഒരു മാറ്റത്തിന് വിധേയനായില്ലെങ്കില്‍, പ്രകൃതി നമ്മളെ പാഠം പഠിപ്പിക്കും. അത് താങ്ങാന്‍ നമുക്കു കഴിഞ്ഞെന്നു വരില്ല. മനുഷ്യനുവേണ്ട എല്ലാ വിഭവങ്ങളും തന്നനുഗ്രഹിക്കുന്നവളാണ് പ്രകൃതിമാതാവ്. പക്ഷെ, മനുഷ്യന്‍ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ, അവന്റെ ആഗ്രഹങ്ങളെ അഴിച്ചുവിട്ടാല്‍, പ്രകൃതി തിരിച്ചടിക്കും. അതുകൊണ്ട്, ഇനി വൈകരുത്. ശരിയായ തീരുമാനങ്ങളും ശരിയായ പ്രവൃത്തികളും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. അവയെല്ലാതലങ്ങളില്‍ നിന്നുമുണ്ടാകണം. ആത്മീയമായ പരിഹാരമാര്‍ഗങ്ങളും ആലോചിക്കണം. സമൂഹത്തില്‍ നിന്ന് ആത്മീയചിന്തയെ അകറ്റിനിര്‍ത്താന്‍ ശ്രമിച്ചതാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രധാനകാരണം. വിദേശരാജ്യങ്ങളില്‍ ശുചിത്വമുണ്ട്. പക്ഷെ, മൂല്യങ്ങളില്ല. അതാണ് അവിടുത്തെ പ്രശ്‌നം. ശുചിത്വത്തിനെ ഈശ്വരത്വവുമായി ബന്ധിപ്പിക്കുമ്പോഴാണ് അതിന് പരിപൂര്‍ണത കൈവരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.