ആലപ്പുഴ: മുദ്രപ്പത്രത്തിന് കടുത്ത ക്ഷാമം, ജനം വലയുന്നു. 10, 50, 100, 200 രൂപയുടെ പത്രങ്ങളാണ് എങ്ങും കിട്ടാനില്ലാത്തത്. സംസ്ഥാനവ്യാപകമായി മുദ്രപ്പത്രത്തിന് മാസങ്ങളായി കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്.
ജില്ലയില്‍ ആവശ്യമായ മുദ്രപ്പത്രങ്ങള്‍ക്ക് ജില്ലാ ട്രഷറിയില്‍നിന്ന് മൂന്നുമാസം മുന്‍പുതന്നെ ഇന്‍ഡന്റ് നല്‍കിയിരുന്നു. തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോയില്‍നിന്നാണ് മുദ്രപ്പത്രം ജില്ലാ ട്രഷറിയില്‍ എത്തേണ്ടത്. ഡിപ്പോയിലും നിലവില്‍ ചെറിയ തുകയ്ക്കുള്ള പത്രങ്ങള്‍ ലഭ്യമല്ലെന്നാണ് വിവരം. നാസിക്കിലെ സര്‍ക്കാര്‍ പ്രസില്‍നിന്ന് അച്ചടിച്ച് കൊണ്ടുവരുന്ന പത്രങ്ങള്‍ സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോയിലെത്തിച്ച് അതത് ജില്ലകളിലേക്ക് വിതരണം ചെയ്യുകയാണ്.
ജനന സര്‍ട്ടിഫിക്കറ്റ്, വാടകച്ചീട്ട്, നഗരസഭയുമായി ബന്ധപ്പെട്ട കരാറുകള്‍, പുതിയ വൈദ്യുതി കണക്ഷനും മറ്റാവശ്യങ്ങള്‍ക്കുമായുള്ള കരാറുകള്‍ എന്നിവയ്ക്കാണ് പൊതുജനങ്ങള്‍ക്ക് മുദ്രപ്പത്രങ്ങള്‍ കൂടുതലായി വേണ്ടിവരുന്നത്. ചെറിയ തുകയ്ക്കുള്ള മുദ്രപ്പത്രം കിട്ടാതെ അവശ്യ കാര്യങ്ങള്‍ക്ക് വലിയ തുകയ്ക്ക് പത്രം വാങ്ങേണ്ട ഗതികേടാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: