ടികെ റോഡ് പുനര്‍നിര്‍മ്മാണം : ശബരിമല തീര്‍ത്ഥാടകര്‍ വലയും

Sunday 11 October 2015 8:28 pm IST

പത്തനംതിട്ട: തിരുവല്ല - കുമ്പഴ സംസ്ഥാനപാതയുടെ നവീകരണജോലികള്‍ പൂര്‍ത്തിയാകാത്തത് ശബരിമല തീര്‍ത്ഥാടകരടക്കമുള്ളവരെ വലച്ചേയ്ക്കും. കാലാവസ്ഥ പ്രതികൂലമായതോടെ ടി.കെ.റോഡിലെ നവീകരണജോലികള്‍ ഇഴയുകയാണ്. സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കില്‍ ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മുമ്പ് റോഡിലെ പണികള്‍ പൂര്‍ത്തിയാകാനിടയില്ല. മാസങ്ങള്‍ക്കുമുമ്പ് ആരംഭിച്ച നവീകരണം തിരുവല്ല - കോഴഞ്ചേരി റോഡിലെ കലുങ്കുകളുടെ പുനര്‍നിര്‍മാണത്തിലുണ്ടായ കാലതാമസം മൂലമാണ് ഇഴയാന്‍ ഇടയാക്കിയത്. തിരുവല്ല - കോഴഞ്ചേരി, കോഴഞ്ചേരി - കുമ്പഴ എന്നിങ്ങനെ രണ്ട് ഘട്ടമായാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായത്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി തിരുവല്ല സബ്ഡിവിഷന്‍ പരിധിയില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ മൂന്ന് റോഡുകളുടെ കരാറാണ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ഏറ്റെടുത്തിട്ടുള്ളത്. തീര്‍ഥാടനകാലം അടുത്തെത്തിയിട്ടും ടികെ റോഡിന്റെ ആദ്യറീച്ച് ജോലികള്‍ മാത്രമാണ് ഇതേവരെ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ആദ്യറിച്ചില്‍പെട്ട തിരുവല്ല മുതല്‍ കോഴഞ്ചേരി വരെയുള്ള 16.65 കിലോമീറ്റര്‍ റോഡിന് 13.2 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരുന്നത്. 2013ല്‍ തയാറാക്കിയ എസ്റ്റിമേറ്റ് നിരക്കില്‍ വന്ന വ്യതിയാനം ചൂണ്ടിക്കാട്ടി 50 ശതമാനം വര്‍ധനയിലാണ് കോര്‍പറേഷന്‍ കാരാര്‍ എറ്റെടുത്തത്. ഈ ഭാഗത്തെ കലുങ്കുകളുടെ പുനര്‍നിര്‍മാണം മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. മുട്ടുമണ്‍ മുതല്‍ മാരാമണ്‍വരെയുള്ള ഭാഗത്ത് ഏഴു മീറ്റര്‍ വീതിയുള്ള ടാറിംഗ് 7.5 മീറ്ററായി ഉയര്‍ത്തി ജോലികള്‍ ആരംഭിച്ചിരുന്നു. റോഡിന് വീതി കൂട്ടിയതോടെ വഴിമധ്യത്തിലായ വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലികളും തുടങ്ങിയിട്ടില്ല. രണ്ട് ലെയറിലായി നടത്തേണ്ട ടാറിംഗ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ തീര്‍ഥാടനകാലത്തിന് മുമ്പായി ഒരു ലെയര്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. തീര്‍ത്ഥാടനക്കാലം ആരംഭിക്കുന്നതിന് മുമ്പ് റോഡ് പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ലെങ്കില്‍ വാഹനങ്ങള്‍ ദിശമാറ്റിവിടേണ്ട സാഹചര്യത്തിലേക്ക് എത്തിച്ചേരും. ഇത് വന്‍ ഗതാഗതക്കുരുക്കിനും ഇടയാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.