മറ്റൊരു ഭാരതം സാധ്യമാണ്

Sunday 11 October 2015 10:03 pm IST

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശപര്യടനങ്ങള്‍ കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങളെ വിറളിപിടിപ്പിക്കുന്നു. വിദേശയാത്രകളില്‍ പ്രധാമന്ത്രി നടത്തുന്ന പ്രസംഗങ്ങളെ, അഭിപ്രായ പ്രകടനങ്ങളെ, പ്രവൃത്തികളെ അതിസൂക്ഷ്മമായാണ് കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് സഖ്യം പരിശോധിക്കുന്നതും വിശകലനം ചെയ്യുന്നതും. നല്ലതുതന്നെ. കോണ്‍ഗ്രസ് ഇക്കാര്യങ്ങള്‍ക്കു ചുമതലപ്പെടുത്തിയിരിക്കുന്ന ആനന്ദ് ശര്‍മയെന്ന 'യുവകോമള'നെയാണ്. 1980 ലോ മറ്റോ ആണ് ആനന്ദ് ശര്‍മയെന്ന പേര് രാജ്യം ശ്രദ്ധിക്കപ്പെടുന്നത്. മോസ്‌കോയില്‍ നടന്ന ലോകയുവജന സമ്മേളനത്തില്‍ ഭാരതീയ പ്രതിനിധി സംഘത്തെ നയിച്ചത് അന്നത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവായ ഒരു ആനന്ദ് ശര്‍മയായിരുന്നു. അദ്ദേഹം തന്റെ അനുയായികളോടൊപ്പം സമ്മേളന നഗരിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അനുഷ്ഠാനകലകള്‍ നടത്തിയെന്നും മോസ്‌കോവിലെ 'സുരക്ഷാ കര്‍മചാരികള്‍' ശര്‍മയെയും സംഘത്തേയും ഉചിതമായ രീതിയില്‍ കൈകാര്യം ചെയ്തുവെന്നും അക്കാലത്തെ പത്രങ്ങളില്‍ വായിച്ചത് ഓര്‍മവരുന്നു. മൂന്നു ദശാബ്ദങ്ങളിലധികം കഴിഞ്ഞു. അന്നു മുഴുനീള വാര്‍ത്താചാനലുകള്‍ ഭാരതത്തിന് അന്യമായിരുന്നത് ശര്‍മാജിയുടെ ഭാഗ്യം. അതൊക്കെ പഴയ കഥ. പുതിയ ആനന്ദ് ശര്‍മ ഒരു കൗതുകകഥാപാത്രമാണ്. നരേന്ദ്രമോദിയെ വിമര്‍ശിക്കാന്‍ വിദേശപരിശീലനം നേടിയ ചുരുക്കം നേതാക്കളില്‍ ഒരാള്‍. (മാഡത്തിന് സ്തുതി!)പ്രധാനമന്ത്രി മോദി വിദേശപര്യടനവേളകളില്‍ പ്രവാസി ഭാരതീയരോടു സംസാരിക്കുന്നത് ആനന്ദ് ശര്‍മക്കും അദ്ദേഹത്തിന്റെ മാഡത്തിനും രസിക്കുന്നില്ല. ''ഇതിന്റെയൊക്കെ ആവശ്യമുണ്ടോ'' എന്നാണ് ശര്‍മയും അദ്ദേഹത്തിന്റെ തന്നെ സഹപ്രവര്‍ത്തകനുമായ തിവാരിയും ചോദിക്കുന്നത്. ''ആരുടെയൊക്കെയോ മരുമക്കള്‍ യുപിഎ ഭരണകാലത്ത് നിയമവിരുദ്ധമായി ആയിരക്കണക്കിന് കോടികള്‍ സമ്പാദിച്ചു'' എന്നാണ് പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. അതും പ്രവാസി ഭാരതീയരെ അഭിസംബോധന ചെയ്തപ്പോള്‍ മാത്രം. ഹിന്ദിയിലാണ് അദ്ദേഹം സംസാരിച്ചതെന്ന് ഓര്‍ക്കണം. മരുമകന്‍ ആരാണെന്നോ, അമ്മായി അപ്പന്‍/അമ്മായി അമ്മ ആരാണെന്നോ പ്രധാനമന്ത്രി പറഞ്ഞില്ല. (ഗൂഗിളില്‍ പോയി  ീെിശിഹമം എന്ന് ടൈപ്പ് ചെയ്താല്‍ സകലവിവരവും കിട്ടുന്ന കാലമാണ് ഇത്. ശര്‍മയും തിവാരിയും 80 കളുടെ ഹാങ് ഓവറിലാണ് ഇപ്പോഴും). ഒരു ഭാരതപ്രധാനമന്ത്രി ഇത് ആദ്യമായാണ് തന്റെ ഔദ്യോഗിക  സന്ദര്‍ശനവേളകളില്‍ പ്രവാസി ഭാരതീയരെ അഭിസംബോധന ചെയ്യുന്നത്. കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരും വിദേശസന്ദര്‍ശനം നടത്തിയിരുന്നു. അവര്‍ക്കും ഇതൊക്കെ ആകാമായിരുന്നു. അതെങ്ങനെയാ? യുപിഎയുടെ ഭരണകാലത്തും അതിനുമുമ്പും പിമ്പും മാഡവും യുവരാജാവും ധാരാളം വിദേശയാത്രകള്‍ നടത്തിയിരുന്നു. പക്ഷേ, സംഗതികളെല്ലാം ഗോപ്യമായിരുന്നു. പുറത്തുപറയാന്‍ കൊള്ളാവുന്ന കാര്യങ്ങള്‍ക്കായിരുന്നോ ഈ രഹസ്യയാത്രകള്‍? 56 ദിവസത്തെ ചികിത്സ, 90 ദിവസത്തെ ഉഴിച്ചില്‍... ഇങ്ങനെ നീളുന്നു അമ്മയുടെയും പുത്രന്റെയും വിദേശയാത്രാ വിശേഷങ്ങള്‍... മൊത്തം സീക്രട്ട് ഓപ്പറേഷന്‍! പ്രധാനമന്ത്രി മോദിയുടേത് ഇങ്ങനെ വല്ലതുമാണോ? ദല്‍ഹിയില്‍നിന്ന് വിമാനം കയറുന്നതു മുതല്‍ എല്ലാം തത്സമയ ദൃശ്യങ്ങളായി സ്വീകരണമുറികളില്‍ എത്തിക്കുന്നതിന് ചാനലുകള്‍ മത്സരിക്കുന്നു. പ്രധാനമന്ത്രി ആരൊക്കെയുമായി ചര്‍ച്ച നടത്തുന്നു, സംഭാഷണം നടത്തുന്നു. ഇവയൊക്കെ ഒരു ദൃശ്യംപോലും നഷ്ടപ്പെടാതെയല്ലെ പൊതുജനസമക്ഷം അവതരിപ്പിക്കുന്നത്? മറ്റേത് ഇതുപോലെയാണോ? മാഡവും പുത്രനും മരുമകനും കൂടിക്കാഴ്ച നടത്തുന്നവരുടെ പേരുകള്‍ പുറത്തുപറയാന്‍ കൊള്ളുന്നതാണോ? ചെയ്യുന്ന പ്രവൃത്തികള്‍ നാലുപേരുമായി സംസാരിക്കാന്‍ കൊള്ളുമോ? പ്രധാനമന്ത്രി മോദി നടത്തിയ യുഎഇ സന്ദര്‍ശനം തന്നെയെടുക്കാം. അബുദാബി രാജകുമാരനും സഹോദരന്മാരും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തുന്നു. പ്രോട്ടോക്കോള്‍ അവഗണിച്ച് മുഖ്യാതിഥിയെ അനുഗമിക്കുന്നു... ഇതെല്ലാം കോണ്‍ഗ്രസ് നേതാക്കള്‍ക്കു ദഹിക്കുമോ? മാര്‍ക്‌സിസ്റ്റ് സഖാക്കള്‍ക്കു സഹിക്കുമോ? ലക്ഷക്കണക്കിന് ഭാരതീയര്‍ക്ക് തൊഴിലെടുക്കാനും ബിസിനസ് നടത്തുന്നതിനും അവസരം നല്‍കിയ പശ്ചിമേഷ്യന്‍ ഭരണാധികാരികളെ ഹൃദയത്തില്‍നിന്നുള്ള വാക്കുകളിലൂടെ അഭിനന്ദിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി തന്റെ പര്യടനം തുടങ്ങിയത്. ഒരു രാഷ്ട്രത്തലവന്‍ മറ്റൊരു രാഷ്ട്രത്തലവന് നല്‍കേണ്ടുന്ന ആദരവും ബഹുമാനവും പ്രധാനമന്ത്രി രാജകുമാരനും യുഎഇ ഭരണാധികാരിക്കും നല്‍കി. അധികാരമേറ്റ് ആഴ്ചകള്‍ക്കുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പശ്ചിമേഷ്യന്‍ രാഷ്ട്രത്തലവന്മാരുമായി നേരിട്ട് ബന്ധപ്പെടേണ്ടിവന്നത് ഓര്‍മിക്കുക. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്)എന്ന ഭീകരസംഘടന തട്ടിക്കൊണ്ടുപോയ ഭാരതീയരെ സ്വതന്ത്രരാക്കുന്നതിനും ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും ഔദ്യോഗിക സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിന് നടുവില്‍പ്പെട്ട ബന്ധികളെ മോചിപ്പിക്കുന്നതിനും പ്രധാനമന്ത്രി മിക്ക പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി അന്നേതന്നെ ദിനംപ്രതിയെന്നോണം ബന്ധപ്പെട്ടിരുന്നു. അവര്‍ക്ക് അന്നേ മനസ്സിലായി, ഇതാ ഭാരതത്തിലെ മാന്യനായ രാഷ്ട്രീയ നേതാവാണ് തങ്ങളോടു സംവദിക്കുന്നതെന്ന്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഉടനെ മുന്‍ സര്‍ക്കാര്‍ നടത്തിയ നിയമനങ്ങളൊന്നും റദ്ദാക്കാന്‍ ശ്രമിച്ചിരുന്നില്ല. കാബിനറ്റ് സെക്രട്ടറി മുതല്‍ താഴോട്ടുള്ളവരെ തുടരാന്‍ അനുവദിക്കുകയായിരുന്നു. വിദേശകാര്യസെക്രട്ടറിയായിരുന്ന സുജാതാ സിംഗിന് സ്ഥാനചലനം സംഭവിക്കുമെന്ന് മാധ്യമങ്ങള്‍ തുടര്‍ച്ചയായി എഴുതിയിരുന്നെങ്കിലും മാസങ്ങള്‍ക്കുശേഷമാണ് അവരെ മാറ്റി ജയ്ശങ്കറിനെ നിയമിച്ചത്. ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സയ്യദ് അസിഫ് ഇബ്രാഹിം എന്ന മധ്യപ്രദേശുകാരനായിരുന്നു ഇന്റലിജന്‍സ് ബ്യൂറോയുടെ മേധാവി. അദ്ദേഹം റിട്ടയര്‍ ചെയ്തു കഴിഞ്ഞപ്പോള്‍, പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി നിയമിതനായി. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെയും പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലേയും ഭീകരസംഘങ്ങളെക്കുറിച്ചും ഭാരതവിരുദ്ധ തീവ്രവാദ പ്രസ്ഥാനങ്ങളെക്കുറിച്ചും ഇബ്രാഹിമിനുള്ള പ്രാവീണ്യമായിരുന്നു അദ്ദേഹത്തിന് ഈ സ്ഥാനം ലഭിക്കാന്‍ കാരണമായത്. ദീര്‍ഘകാലം, രാജ്യത്തെ ഏറ്റവും വലിയ രഹസ്യാന്വേഷണ ഏജന്‍സിയില്‍ പ്രവര്‍ത്തിച്ച ഇബ്രാഹിമിന് നരേന്ദ്രമോദി എന്ന രാഷ്ട്രീയ നേതാവിനെ നല്ലതുപോലെ അറിയാം. അദ്ദേഹം ആ സ്ഥാനം സ്വീകരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖിലും സിറിയയിലും നടത്തുന്ന ക്രൂരകൃത്യങ്ങളും അവരുടെ അവസാന ലക്ഷ്യമായ ഇസ്ലാമിക് കാലിഫേറ്റ് രൂപീകരണവും ഏറ്റവും പ്രതികൂലമായി ബാധിക്കുക അബുദാബി, യുഎഇ തുടങ്ങിയ രാഷ്ട്രങ്ങളെയായിരിക്കും എന്ന വിവരം കാര്യകാരണ സഹിതം ഭാരതം അതതു രാഷ്ട്രത്തലവന്മാര്‍ക്കു നല്‍കിയിരുന്നു. തങ്ങള്‍ക്ക് ഈ രാഷ്ട്രങ്ങളുമായുള്ള സുഹൃദ്ബന്ധത്തിലുപരി, സ്ഥാപിത താല്‍പ്പര്യങ്ങളൊന്നും തന്നെയില്ലെന്ന് ഭാരതത്തിന്റെ പ്രത്യേകിച്ച് മോദി ഭരണത്തിന്റെ ശില്‍പ്പികള്‍ ഈ രാഷ്ട്രത്തലവന്മാരെ അറിയിച്ചിരുന്നു. ഐഎസ് എന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രധാന ഇരകള്‍ ഈ രാഷ്ട്രത്തലവന്മാരായിരിക്കും എന്ന വിവരം അവര്‍ക്കു നല്‍കിയത് ഭാരതത്തിലെ സുരക്ഷാ വിദഗ്ദ്ധരാണ്. അമേരിക്കക്കോ, യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കോ സ്വന്തം വാണിജ്യ താല്‍പ്പര്യങ്ങള്‍ മാത്രമാണ് പ്രധാനമെന്നും പശ്ചിമേഷ്യന്‍ ഭരണാധികാരികള്‍ക്ക് മനസ്സിലായി. അതിനുള്ള നന്ദിപ്രകടനമായിരുന്നു അബുദാബിയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിന്, ആ രാജ്യത്ത് രാജാവ് ഭാരതത്തിനു നല്‍കിയ അനുമതി. പ്രധാനമന്ത്രിയെ ഇസ്ലാമിക വിരുദ്ധനായി ചിത്രീകരിച്ച രാഷ്ട്രീയനേതാക്കള്‍ക്കും ബുദ്ധിജീവികള്‍ക്കും ഇരുട്ടടിയായി ഈ പ്രഖ്യാപനം. മുസ്ലിം രാഷ്ട്രത്തലവന്മാരും സത്യം മനസ്സിലാക്കിത്തുടങ്ങി. സ്വതന്ത്രഭാരത ചരിത്രത്തില്‍ ഇത് ആദ്യമായി ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഭാരതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറ്റുവാന്‍ നിര്‍ബന്ധിതരായത് നരേന്ദ്രമോദിയുടെ രാജ്യതന്ത്രജ്ഞത ഒന്നുകൊണ്ടുമാത്രം. ഇന്ന് ഭാരതത്തിനകത്തുള്ള മതേതര-ലിബറലുകളാണ് ഏറ്റവും വലിയ രാജ്യരക്ഷാ ഭീഷണികള്‍. യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ത്തത് ഇക്കൂട്ടരാണ്. മറ്റേതു രാജ്യങ്ങളിലും ഭീകരവാദ പ്രസ്ഥാനങ്ങളുമായി ബന്ധം പുലര്‍ത്തുന്നതുപോലും വധശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. ഭാരതത്തിലെ ലിബറലുകള്‍ക്കാണ് സ്വന്തം രാജ്യത്തെ നീതിന്യായ വ്യവസ്ഥയോട് പരമപുച്ഛം. രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ 'നിരപരാധിത്വ'ത്തെക്കുറിച്ച് ഇക്കൂട്ടര്‍ക്ക് എത്ര ഉറപ്പാണെന്നോ! ടാഡ പ്രത്യേക കോടതി മുതല്‍ സുപ്രീംകോടതിയിലുള്ള ന്യായാധിപന്മാര്‍വരെ ശരിവെച്ച വധശിക്ഷയുടെ സാധുതയെയാണ് ഇക്കൂട്ടര്‍ ചോദ്യം ചെയ്യുന്നത്. ഒരുകാലത്ത് 'മാതൃഭൂമി'പോലുള്ള പ്രമുഖ ദിനപത്രങ്ങളില്‍ ''കൊറിയന്‍ ജനതയുടെ അഭിവന്ദ്യനേതാവ്-കിം ഇല്‍-സുങ്'' എന്ന തലക്കെട്ടോടെ 'മുഴുവന്‍ പേജ്' പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത് മാന്യവായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും. ഉത്തരകൊറിയ എന്ന ഏകാധിപത്യ രാജ്യത്തെ 'മാലാഖ രാഷ്ട്ര'മായി പൊതുജനസമക്ഷം അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ പരസ്യ പരമ്പരകള്‍. ഇവയുടെ സാധുതയെക്കുറിച്ച് അന്വേഷിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ ഈ പരസ്യങ്ങളുടെ പിന്നിലെ 'ഹിഡന്‍ അജണ്ട'. കാവിവല്‍ക്കരണമെന്ന് രാവും പകലും വിളിച്ചുകൂവി പൊതുജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഈ പരസ്യങ്ങളെക്കുറിച്ച് ഒരിക്കലെങ്കിലും ഓര്‍ക്കണം. നരേന്ദ്രമോദി പ്രധാനമന്ത്രി ആയതോടെ പശ്ചിമേഷ്യയിലെ രാഷ്ട്രത്തലവന്മാര്‍ക്ക് ഒരു കാര്യം പകല്‍പോലെ വ്യക്തമായി. ഹൈന്ദവത തീരെ  അപകടകാരിയില്ല. ഹൈന്ദവതയില്‍ വിശ്വാസമില്ലാത്തവരെ അവിശ്വാസികളെന്നും അപകടകാരികളെന്നും ഒരു ഹിന്ദുഗ്രന്ഥമോ ആചാര്യനോ വിശേഷിപ്പിച്ചിട്ടില്ല. എല്ലാവരോടും സമഭാവനയാണ് ഹിന്ദുമതവും ഹൈന്ദവതയും അനുശാസിക്കുന്നത്. ഹൈന്ദവവല്‍ക്കരണത്തിനോ, ഹിന്ദുമതത്തിലേക്ക് ആളെ കൂട്ടാനോ ഇസ്ലാമിക് രാഷ്ട്രങ്ങളില്‍ ശ്രമം നടന്നതായി ഒരു തെളിവുമില്ല. ''ഇവര്‍ തങ്ങള്‍ക്ക് ഭീഷണിയേ അല്ല'' എന്ന സത്യം അറബ് നേതാക്കള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഭാരതത്തിലെ മുന്‍ ഭരണാധികാരികള്‍ അവരെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്ന നരേന്ദ്രമോദിയെയല്ല അവര്‍ കണ്ടതും സംവദിച്ചതും. 'ഇസ്ലാമിക് കാലിഫേറ്റ്' എന്ന ആശയത്തിനു പിന്നിലെ പാക്കിസ്ഥാന്റെ കളികളും താല്‍പ്പര്യവും അറബ് രാഷ്ട്രത്തലവന്മാര്‍ക്ക് മനസ്സിലായിരിക്കുന്നു, അതും തെളിവുകള്‍ സഹിതം. ജനാധിപത്യത്തിനുവേണ്ടി എന്നപേരില്‍ ആ നാടുകളില്‍ അരങ്ങേറുന്നത് സുവിശേഷവല്‍ക്കരണത്തിനുള്ള ശ്രമങ്ങളാണ്. ഈ നില തുടര്‍ന്നാല്‍ അത്ഭുതരോഗശാന്തി ശുശ്രൂഷയും സംഗീതവിരുന്നും മിറക്കിള്‍ ക്രൂസേഡും സാക്ഷ്യം പറയലും പശ്ചിമേഷ്യയിലെ നിത്യസംഭവങ്ങളായി മാറും. പോപ്പ് ഫ്രാന്‍സിസും മുന്‍ഗാമി ബനഡിക്ടും എന്തുകൊണ്ടാണ് അറബ് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാത്തത് എന്ന് സഭാ നേതാക്കള്‍ വ്യക്തമാക്കണം. സുവിശേഷവല്‍ക്കരണത്തിനായി അറബ് നാടുകളില്‍ വിമാനമിറങ്ങുന്നവര്‍ 'വികലാംഗരായേ' തിരിച്ചുവരൂ എന്ന് ചങ്ങനാശ്ശേരിയിലെ പൗവ്വത്തില്‍ ബിഷപ്പിനും അടുത്ത മാര്‍പ്പാപ്പയാകുന്നതിന് കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ക്ലീമസ് കര്‍ദ്ദിനാളിനും നല്ലതുപോലെ അറിയാം. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു മുതല്‍ തുടര്‍ച്ചയായി വിജയം നേടുന്ന നരേന്ദ്രമോദിയേയും ബിജെപിയേയും ചെറുതാക്കി കാണിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന ശ്രമങ്ങള്‍ അപഹാസ്യമായി മാറുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ്, പഞ്ചാബിലെ ഒരു ഗ്രാമത്തിലെ വോളിബോള്‍ ടീം മറ്റൊരു ഗ്രാമത്തിലെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് പോയി. മത്സരം കഴിഞ്ഞ് തിരിച്ചെത്തിയ ടീം അംഗങ്ങളോട് ഗ്രാമത്തിലെ മുഖ്യന്‍ ചോദിച്ചു. ''മക്കളേ, എന്തായി? നിങ്ങള്‍ ജയിച്ചില്ലേ?'' ടീം ക്യാപ്റ്റന്‍ നല്‍കിയ മറുപടി സ്മരണീയമാണ്. ''ചാച്ചാജി, ആദ്യത്തെ രണ്ടു ഗെയിമും അവര്‍ ജയിച്ചു. പിന്നത്തെ രണ്ടു റൗണ്ടിലും നമ്മള്‍ തോറ്റു.'' മുഖ്യന് സന്തോഷമായി. അവസാനത്തെ രണ്ടു ഗെയിം മാത്രമേ ഗ്രാമത്തിലെ കുട്ടികള്‍ തോറ്റുള്ളൂ!! ആദ്യ റൗണ്ടുമാത്രമേ  ഏതിരാളികള്‍ ജയിച്ചുള്ളൂ! ആ ഗ്രാമമുഖ്യന്റെ അവസ്ഥയാണ് കോണ്‍ഗ്രസിന്. അടല്‍ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം അധികാരത്തിലിരുന്ന ദിനങ്ങളിലാണ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം ഇസ്ലാമിക ഭീകരര്‍ അഫ്ഗാനിലെ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയത്. വിമാന റാഞ്ചല്‍ നാടകത്തിന് രമ്യമായ പരിഹാരം കണ്ടെത്തുവാന്‍ പ്രധാനമന്ത്രി വാജ്‌പേയിയും സുരക്ഷാ-നയതന്ത്ര വിദഗ്ദ്ധരും ശ്രമിക്കുന്ന വേളയില്‍, ലോകശ്രദ്ധ പിടിച്ചുപറ്റാന്‍ ഒരു മാര്‍ക്‌സിസ്റ്റ് സുന്ദരി നടത്തിയ പ്രകടനം ഇന്ന് അധികം പേരും ഓര്‍ക്കുന്നില്ല. വിമാനത്തിലുള്ള ബന്ദികളെ ഉടനെ മോചിപ്പിക്കണം എന്ന ആവശ്യവുമായി വൃന്ദ കാരറ്റ് (ക്ഷമിക്കണം, ബൃന്ദ എന്നുവായിക്കുക) എന്ന മാര്‍ക്‌സിസ്റ്റ് നേതാവ്, വിമാനയാത്രക്കാരുടെ ബന്ധുക്കള്‍ എന്ന് അവകാശപ്പെടുന്നവരുമായി പ്രധാമന്ത്രിയുടെ ഔദ്യോഗികവസതിയിലേക്ക് പ്രകടനം നടത്തിയതും കേന്ദ്രസര്‍ക്കാരിനെ കടുത്ത സമ്മര്‍ദത്തിലാക്കിയതും ഓര്‍ക്കുന്നില്ലേ? സിപിഎം നേതൃത്വത്തിന്റെ സൂത്രപ്പണിയായിരുന്നു പ്രസ്തുത പ്രകടനം!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.