വല്ലാര്‍പാടം പദ്ധതി ആര്‍ക്കുവേണ്ടി?

Sunday 11 October 2015 10:04 pm IST

മന്‍മോഹന്‍സിംഗ് പ്രധാമന്ത്രിയായിരിക്കെ കേരളത്തിന്റെ സ്വപ്‌നപദ്ധതിയെന്നു വിശേഷിപ്പിച്ച് ഉദ്ഘാടനം ചെയ്ത വല്ലാര്‍പാടം പദ്ധതി സംസ്ഥാനത്തിന്റെ പേടിസ്വപ്‌നമായി മാറിക്കൊണ്ടിരിക്കയാണ്. വല്ലാര്‍പാടം പദ്ധതി പ്രായോഗികമല്ലെന്നും പദ്ധതി രേഖയില്‍ അശാസ്ത്രീയതയും പ്രശ്‌നങ്ങളും ഉണ്ടെന്നും ഇപ്പോഴത്തെ കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും കേന്ദ്രസര്‍ക്കാരും ഒരുപോലെ ചൂണ്ടിക്കാണിച്ചുകഴിഞ്ഞു. സംസ്ഥാനത്തിന്റെ താല്‍പ്പര്യമെന്ന് കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പദ്ധതി കൊച്ചിന്‍ പോര്‍ട്ടിനെ കടക്കെണിയിലെത്തിച്ചിരിക്കുന്നു. 2005 ലാണ് വല്ലാര്‍പാടം ടെര്‍മിനല്‍ പദ്ധതി ദുബായ് കമ്പനിയ്ക്ക് നല്‍കുന്നത്. ഇതിന്റെപിന്നില്‍ പ്രവര്‍ത്തിച്ച കോണ്‍ഗ്രസുകാര്‍ക്ക് എന്തായാലും ഒരുവിധം നഷ്ടമില്ലാതെ പോയിരുന്ന കൊച്ചിന്‍പോര്‍ട്ടിനെ കടക്കണെയിലെത്തിച്ച ബാധ്യതയില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ല. പ്രതിവര്‍ഷം 350 കോടിരൂപ വരുമാനമുണ്ടായിരുന്ന കൊച്ചിപോര്‍ട്ടിന് വല്ലാര്‍പാടം പദ്ധതി വന്നതോടെ പ്രതിവര്‍ഷം 425 കോടി ചെലവ് വന്നിരിക്കയാണ്. ഇത് ആണ്ടില്‍ ഉദ്ദേശം 75 കോടി രൂപ നഷ്ടത്തിലെത്തിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ തുറമുഖത്തിന് നല്‍കിയ 250 കോടി രൂപയുടെ വായ്പ പലിശയും മറ്റും ചേര്‍ത്ത് 800 കോടിയായി ഉയര്‍ന്നിരിക്കുന്നു. കൊച്ചി തുറമുഖത്തിന്റെ വളര്‍ച്ചയും നിലനില്‍പ്പും അവഗണിച്ചുകൊണ്ട് ദുബായിയിലെ ഇന്ത്യാ ഗേറ്റ്‌വെ ടെര്‍മിനല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ഉണ്ടാക്കിയ കരാറിലെ അപാകതകളാണ് കൊച്ചി പോര്‍ട്ടിനെ കടക്കെണിയിലാക്കിയതെന്നാണ് കൊച്ചിയിലെ പോര്‍ട്ട് വാച്ച് കൊച്ചിന്‍ എന്ന സംഘടന ആരോപിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കല്‍ക്കരി കുംഭകോണം, 2 ജി സ്‌പെക്ട്രം അഴിമതി എന്നിവപോലെ വന്‍ അഴിമതിയും പിടിപ്പുകേടുമാണ് വല്ലാര്‍പാടത്തിന്റെ കാര്യത്തിലും നടന്നതെന്നാണ് പദ്ധതിയുടെ പരിസ്ഥിതി മാനേജ്‌മെന്റ് പ്ലാന്‍ വ്യക്തമാക്കുന്നത്. കരാര്‍ പ്രകാരം വിദേശബാങ്കുകളില്‍ ലഭിച്ച പാട്ടഭൂമി ഈട് വെച്ച് വിദേശബാങ്കുകളില്‍ നിന്നും ദുബായ് കമ്പനിക്ക് ഉദ്ദേശം 2000 കോടിയിലധികം രൂപവരുമാനമുണ്ടായെന്നും കൊച്ചി പോര്‍ട്ടിന് പദ്ധതി വഴി കേവലം 200 കോടി മാത്രമാണ് വരുമാനമായി ലഭിച്ചതെന്നും പോര്‍ട്ട് വാച്ച് കൊച്ചി എന്ന സംഘടന കുറ്റപ്പെടുത്തുന്നു. പോര്‍ട്ടിന് ലഭിച്ച തുകയില്‍നിന്നും കരാര്‍ പ്രകാരം ഡ്രഡ്ജിംഗിനായി വലിയ തുക കൊച്ചി പോര്‍ട്ട് വല്ലാര്‍പാടം പദ്ധതിയ്ക്കുവേണ്ടി ചെലവഴിക്കുകയാണ്. യുപിഎ സര്‍ക്കാര്‍ വരുത്തിയ കടക്കെണിയാണിതെന്നു സാരം! കപ്പല്‍ചാല്‍ സമയാസമയങ്ങളില്‍ ഡ്രഡ്ജ് ചെയ്ത് ആഴം കൂട്ടി ദുബായ് കമ്പനിക്ക് സൗകര്യംചെയ്ത് നല്‍കേണ്ട ബാധ്യത കൊച്ചി പോര്‍ട്ടി(കരാര്‍ പ്രകാരം)നാണ്. ക്രമാതീതമായ ഡ്രഡ്ജിംഗ് കൊച്ചി നഗരത്തിനും ദ്വീപുകള്‍ക്കും ഭീഷണിയാണ്. പാട്ടഭൂമിയില്‍ നടത്തിയ നിര്‍മാണങ്ങളുടെ പേരില്‍ ദുബായ് കമ്പനി വായ്പയെടുത്ത 1000 കോടി രൂപയുടെ ബാധ്യതയും  കൊച്ചി പോര്‍ട്ടിന് ഉണ്ടാകുവാന്‍ സാധ്യത ഏറെയാണ്. കരാറിലെ കുഴപ്പങ്ങള്‍, ലൈസന്‍സ് എഗ്രിമെന്റിലെ പാകപ്പിഴകള്‍ എന്നിവവഴി കൊച്ചി തുറമുഖട്രസ്റ്റിനും കേരള സര്‍ക്കാരിനും ഉണ്ടായ നഷ്ടങ്ങള്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുകയെന്ന ആവശ്യവുമായി പോര്‍ട്ട് വാച്ച് കൊച്ചി എന്ന സംഘടന മുന്നോട്ടുവന്നുകഴിഞ്ഞു. വല്ലാര്‍പാടം കരാറിലെ പല വ്യവസ്ഥകളും ഭാരതത്തില്‍ നിലവിലുള്ള പല നിയമങ്ങള്‍ക്കും അന്തര്‍ദ്ദേശീയ കടല്‍ സംബന്ധമായ നിയമങ്ങള്‍ക്കും രാജ്യതാല്‍പ്പര്യത്തിനും എതിരാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വല്ലാര്‍പാടം പദ്ധതിയില്‍നിന്നും കൊച്ചി തുറമുഖത്തിന് നാളിതുവരെ 200 കോടി ലഭിച്ചപ്പോള്‍ കപ്പല്‍ചാല്‍ മെയിന്റനന്‍സിനും ഡ്രഡ്ജിംഗിനുമായി കൊച്ചിന്‍ പോര്‍ട്ട് ചെലവാക്കിയത് ഏതാണ്ട് 300 കോടി രൂപയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെ പോകുകയാണെങ്കില്‍ അധികം താമസിയാതെ ദുബായ് കമ്പനിക്ക് വേണ്ടി കൊച്ചി തുറമുഖ ട്രസ്റ്റ് അടച്ചുപൂട്ടേണ്ട ഗതികേടിലാകും. കടബാധ്യത വീട്ടുവാനായി ഇതിനോടകം പോര്‍ട്ട് ട്രസ്റ്റിന്റെ അധീനതയിലുള്ള മുളവുകാട് പഞ്ചായത്തിലെ കൊച്ചിയുടെ  തന്ത്രപ്രധാനമായ ബോള്‍ഗാട്ടിക്ക് അടുത്ത സ്ഥലം ഒരു സ്വകാര്യ ഏജന്‍സിക്കായി കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങുവാനായി പാട്ടത്തിന് നല്‍കി പണം കൈപ്പറ്റുവാനും കൊച്ചി പോര്‍ട്ട് ട്രസ്റ്റ് തയ്യാറായതായി പറയപ്പെടുന്നു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ കരാര്‍ യുപിഎ സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഉത്തമഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തായാലും ജീവശാസ്ത്രവും ഇക്കോളജിയും പഠിച്ച ഏതൊരാള്‍ക്കും വിശ്വാസയോഗ്യമല്ലാത്ത ഇഐഎ പഠന റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ രാജ്യതാല്‍പ്പര്യം സംരക്ഷിക്കാതെ കൊണ്ടുവന്നത് എന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. ഡ്രഡ്ജ് ചെയ്‌തെടുക്കുന്ന അവശിഷ്ടങ്ങള്‍ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍ പൂനെയുടെ നിര്‍ദ്ദേശപ്രകാരം പുറംകടലിലോ ഫോര്‍ട്ടുകൊച്ചി, ചെല്ലാനം ഭാഗങ്ങളിലോ നിക്ഷേപിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഭാഗങ്ങളിലെ രൂക്ഷമായ മണ്ണൊലിപ്പിന് പരിഹാരമായിട്ടാണ് ഈ നിര്‍ദ്ദേശം വച്ചിരിക്കുന്നത്. ഇതിനൊന്നും യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നതാണ് വാസ്തവം. ഫോര്‍ട്ടുകൊച്ചി, ചെല്ലാനം ഭാഗത്ത് രൂക്ഷമായ കടലാക്രമണം നേരിടുവാന്‍ എല്ലാവര്‍ഷവും കടല്‍ഭിത്തി കെട്ടുന്നുണ്ടെന്നും റിപ്പോര്‍ട്ടു പറഞ്ഞുവയ്ക്കുന്നു. വല്ലാര്‍പാടം ടെര്‍മിനലില്‍നിന്നും ഉണ്ടായേക്കാവുന്ന ശബ്ദമലിനീകരണവും പൊടിശല്യവും നേരിടുവാന്‍ 10 മീറ്റര്‍ വീതിയില്‍ ഉദ്ദേശം 1.5 ഹെക്ടര്‍ സ്ഥലത്ത് ഹെക്ടറില്‍ 2500 മരങ്ങള്‍ എന്ന തോതില്‍ നട്ട് ഗ്രീന്‍ ബെല്‍റ്റ് നിര്‍മിക്കണമെന്നും ഇഎംപി പറയുന്നു. ഇതിനായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുമുണ്ട്. എന്നാല്‍ ഗ്രീന്‍ബെല്‍റ്റിന് നിര്‍ദ്ദേശിക്കപ്പെട്ട ഉപ്പുമണ്ണില്‍ നടുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന മരങ്ങള്‍ ഉപ്പ് കലര്‍ന്ന മണ്ണില്‍ വളരുന്നവയുമല്ലതാനും. ഇതൊന്നും ഇതുവരെ നടപ്പാക്കപ്പെട്ടിട്ടില്ലെന്നു മാത്രമല്ല ഇത്തരത്തില്‍ നടപ്പാക്കുവാന്‍ സാധിക്കില്ലെന്നതാണ് വാസ്തവം. ഇഎംപിയില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ഖരമാലിന്യ സംസ്‌കരണവും ദ്രവമാലിന്യസംസ്‌കരണവും ശാസ്ത്രീമായി നടക്കുന്നുണ്ടെന്ന് വിശ്വസിക്കുക പ്രയാസമാണുതാനും. 2005 ലെ ഇഎംപി പ്രകാരം കപ്പല്‍ചാലിന്റെ ആഴം വര്‍ധിപ്പിച്ച് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമായാല്‍ ഇതിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ പരമ്പരാഗത മത്സ്യബന്ധനത്തിന് നിരോധനമുണ്ടാകുമെന്നും പറയുന്നു. എന്നാല്‍ ഇതുമൂലം തൊഴില്‍ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ട നഷ്ടപരിഹാരം നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇത് വലിയ അപാകതയാണ്. പരിസ്ഥിതി മാനേജുമെന്റ് പ്ലാന്‍, ഈ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ടെര്‍മിനല്‍ ബാധിക്കുന്നത് തികച്ചും അവഗണിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കിലും വല്ലാര്‍പാടം ദ്വീപിന്റെ സാമ്പത്തിക-സാമൂഹ്യ ഉന്നമനം നടക്കുമെന്ന് സൂചിപ്പിക്കുന്നു. കടലിന്റെ മക്കളെ അവഗണിച്ച് തികച്ചും മത്സ്യത്തൊഴിലാളി ഗ്രാമമായ  വല്ലാര്‍പാടത്തിന്റെ വികസനം ലക്ഷ്യം വച്ചിരിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നത് നിഗൂഢമായി തന്നെ അവശേഷിക്കുന്നു. എന്തായാലും വല്ലാര്‍പാടത്തും മൂലമ്പിള്ളിയിലും കോതാടും മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാണെങ്കിലും റിയല്‍ എസ്റ്റേറ്റ് കച്ചവടം തഴച്ചുവളരുകയാണ്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനസിന്റെ പരിസ്ഥിതി മാനേജ്‌മെന്റ് പ്ലാന്‍ പ്രകാരമുള്ള പരിസ്ഥിതി നയങ്ങളെല്ലാം അവഗണിക്കപ്പെട്ടിരിക്കയാണ്. പദ്ധതി സുസ്ഥിര വികസന കാഴ്ചപ്പാടോടെ നടപ്പാക്കണമെന്നും പരിസ്ഥിതിക്ക് മിനിമം ദോഷംമാത്രം വരുത്തുകയുള്ളൂ എന്നും മലിനീകരണം ഒഴിവാക്കുമെന്നും പ്രദേശത്തെ ഇക്കോളജിയും ഭംഗിയും നിലനിര്‍ത്തുമെന്നുമുള്ള നയങ്ങള്‍ പാഴ്‌വാക്കായി മാറി. പദ്ധതിക്കായി വിഷംതളിച്ച് കണ്ടല്‍ശേഖരങ്ങള്‍ നശിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ നിഗൂഢലക്ഷ്യങ്ങള്‍ക്കായി പരിസ്ഥിതി ആഘാതപഠനം നടത്തിയതായി വരുത്തിത്തീര്‍ത്തിട്ടാണ് പദ്ധതി നടപ്പാക്കിയത് എന്നുവേണം കരുതുവാന്‍. ഇതുമൂലം കൊച്ചിക്കും കൊച്ചി കായലിനും ഉണ്ടായ നഷ്ടവും പദ്ധതി നടപ്പാക്കിയതിലെ അപാകതകളും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പുകളും വോട്ടുബാങ്കും ലക്ഷ്യമാക്കി നടപ്പാക്കുന്ന ഇത്തരം പദ്ധതികള്‍ വഴി രാജ്യത്തിന്റെ ശരിയായ വികസനം പുറകോട്ടടിക്കുകയാണ്. പദ്ധതിയുടെ നടത്തിപ്പുകാര്‍ തന്നെ ഡ്രഡ്ജിങ് നടത്തണമെന്ന വ്യവസ്ഥയില്‍ കരാര്‍ പുതുക്കി കൊച്ചി പോര്‍ട്ട് ട്രസ്റ്റിനെ രക്ഷിക്കണം.