ഈ തിരസ്‌കാരക്കാരെ ജനം തിരസ്‌കരിക്കും

Sunday 11 October 2015 10:07 pm IST

സാഹിത്യനായകരും സാംസ്‌കാരിക പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരും ഇന്നലയെയും ഇന്നിനെയും നാളെയെയും അറിയണം. ഈ രംഗത്ത് നിറഞ്ഞു നില്‍ക്കുന്നവരില്‍ വലിയ വിഭാഗം ആ നിലയില്‍ തന്നെയാണ്. എന്നാല്‍ സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും മേലങ്കി സ്വയമണിഞ്ഞു നില്‍ക്കുന്ന കള്ളനാണയങ്ങളും അക്കൂട്ടത്തിലുണ്ട്. അത്തരത്തില്‍ ചിലരാണ് അര്‍ഹതയില്ലാതെ സംഘടിപ്പിച്ച ആദരങ്ങള്‍ തിരിച്ചുനല്‍കി വാര്‍ത്തയില്‍ ഇടംനേടാന്‍ ശ്രമിച്ചിട്ടുള്ളത്. കാലത്തെക്കുറിച്ചും കാലാവസ്ഥയെപ്പറ്റിയും നിശ്ചയമില്ലാത്ത ഇവര്‍ തിരസ്‌കാര പ്രഖ്യാപനങ്ങള്‍ നടത്താന്‍ പറയുന്ന കാരണങ്ങള്‍ അടിസ്ഥാനരഹിതവും അര്‍ത്ഥശൂന്യവുമാണ്. സാഹിത്യകാരന്മാര്‍ക്ക് നേരെ അക്രമമുണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുന്നതിലും ഒരു അദൃശ്യമായ അടിയന്തരാവസ്ഥ രാജ്യത്ത് നിലനില്‍ക്കുന്നതിലുമാണത്രേ ഈ സാഹിത്യ പുംഗവന്മാര്‍ക്ക് അമര്‍ഷം. ഇരുപത് മാസം അടിയന്തരാവസ്ഥയില്‍ രാജ്യം അമര്‍ന്നപ്പോള്‍ ഒന്നു മുരളാന്‍ പോലും തുനിയാത്തവര്‍ ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ കുറ്റകൃത്യങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിന്റെ സാംഗത്യമാണ് മനസ്സിലാകാത്തത്. കര്‍ണാടകത്തില്‍ ഭരിക്കുന്നത് കോണ്‍ഗ്രസ്സാണ്. അവിടെ ഒരാള്‍ കൊല്ലപ്പെട്ടു. അതിന് കേന്ദ്രസര്‍ക്കാരാണോ പ്രവര്‍ത്തിക്കേണ്ടത്. കുറ്റവാളികള്‍ ആരായാലും അവരെ കൂട്ടിലടയ്ക്കാന്‍ ശ്രമിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. അവര്‍ക്കതിന് കഴിയില്ലെങ്കില്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കാം. സംസ്ഥാന സര്‍ക്കാര്‍ കുറ്റക്കാരെ അറസ്റ്റുചെയ്യുന്നില്ലെങ്കില്‍ അവിടെയാണ് സമരം നടത്തേണ്ടത്. ഉത്തര്‍പ്രദേശ് ഭരിക്കുന്നത് മുലായംസിംഗിന്റെ പാര്‍ട്ടിയാണ്. അവിടെ ഒരു കുറ്റകൃത്യം നടന്നാല്‍ പ്രവര്‍ത്തിക്കേണ്ടത് നരേന്ദ്രമോദിയാണോ? നരേന്ദ്രമോദി ഇടപെട്ടിരുന്നെങ്കില്‍ ആക്ഷേപം സംസ്ഥാനത്തിന്റെ ആഭ്യന്തരകാര്യത്തില്‍ കേന്ദ്രം ഇടപെട്ടു എന്നാകും. ബിജെപി ഭരിക്കാത്ത കാലത്തല്ലെ മഹാരാഷ്ട്രയില്‍ ഒരു സാഹിത്യകാരന്‍ കൊല്ലപ്പെട്ടത്? അതിന്റെ പേരില്‍ എന്തിനാണാവോ നരേന്ദ്രമോദിയെ നോക്കി മുക്രയിടുന്നത്? സാഹിത്യകാരന്‍ എന്നല്ല ഒരു മനുഷ്യനും കൊല്ലപ്പെടരുത്. ദുര്‍ഭാഗ്യം കൊണ്ട് ആരും കൊല്ലപ്പെടാന്‍ ഇടയില്ലാത്ത ലോകമല്ല ഇത്. ഓരോ ദിവസവും കൊലയുടെയും കൂട്ടക്കൊലയുടെയും വാര്‍ത്തകള്‍ വരുന്നുണ്ട്. അതൊക്കെ നരേന്ദ്രമോദി ഭാരതത്തില്‍ ഭരിക്കുന്നതുകൊണ്ടാണെന്ന് പറയുന്നത് എത്രഭോഷ്‌ക്കായിരിക്കും. അത്രത്തോളം കുടുസ്സായ ബുദ്ധിയുള്ളവരാണ് ഒരുപറ്റം സാഹിത്യകാരന്മാരും മാധ്യമങ്ങളും എന്നുപറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. സത്യസന്ധത എന്നത് ലവലേശം അവര്‍ക്കില്ല. അത്തരക്കാര്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. പാര്‍ട്ടി ഓഫീസുകളില്‍ ശിരസ്സ് പണയംവച്ചവരുടെ ജല്‍പനങ്ങള്‍ കേള്‍ക്കുമ്പോള്‍ സമനിലയുള്ളവര്‍ക്കാകെ ഓക്കാനം വരും. ഇതിനുമുമ്പ് എത്ര സാഹിത്യനായകന്മാരും പൊതുപ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടിട്ടുണ്ട്? അന്നൊന്നും ഇമ്മാതിരി കോപ്രായങ്ങള്‍ കണ്ടില്ലല്ലോ. ഇന്ന് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ പിന്നോട്ടല്ലാത്ത പോള്‍ സക്കറിയയ്ക്ക് പൊതിരെ തല്ലുകിട്ടിയത് നരേന്ദ്രമോദി പറഞ്ഞിട്ടാണോ? പയ്യന്നൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്ന സക്കറിയ അടികൊണ്ടോടിയെത്തിയത് റെയില്‍വേ സ്റ്റേഷനിലായതിനാലും ഉടന്‍ വണ്ടികിട്ടിയതിനാലും ഇപ്പോഴും ജീവിക്കുന്നു. ചെയ്തത് മാര്‍ക്‌സിസ്റ്റുകാരായതിനാല്‍ ഒരു സാഹിത്യകാരനും സക്കറിയയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചില്ല. സക്കറിയ വാ തുറന്നാല്‍ ഹിന്ദുത്വത്തെ ഭര്‍ത്സിക്കാതെ അത് അടച്ചുവയ്ക്കില്ല. അതിന്റെ പേരില്‍ എവിടെയെങ്കിലും അയാള്‍ക്ക് അടിവാങ്ങേണ്ടി വന്നിട്ടുണ്ടോ? സാംസ്‌കാരിക നായകരെന്ന് സ്വയം അഭിമാനിക്കുന്നവര്‍ സിപിഎം ദാസന്മാരായി അധഃപ്പതിച്ചു. ഏറെ നാളുകളായി സാഹിത്യ അക്കാദമിയുടെയും മറ്റും സമ്പത്തും സൗകര്യങ്ങളും വച്ചനുഭവിച്ചിരുന്ന സച്ചിദാനന്ദനും കൂട്ടരും ഇപ്പോള്‍ അതിനുള്ള സൗകര്യങ്ങള്‍ നഷ്ടമായതിലുള്ള ഇച്ഛാഭംഗമാണ് പ്രകടിപ്പിക്കുന്നത്. ഇവരുടെ രാജിയോടെ സാംസ്‌കാരിക രംഗം ശുദ്ധീകരിക്കപ്പെടുമെന്നതിനാല്‍ അതിനെ സാഹിത്യലോകവും ബഹുജനങ്ങളും സന്തോഷിക്കുകയേയുള്ളൂ. കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതിനാണ് ഇവര്‍ പുരസ്‌കാരം തിരിച്ചു നല്‍കാന്‍ തീരുമാനിച്ചതെന്നറിയിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ജനജീവിതം ദുസ്സഹമായപ്പോള്‍ പ്രതികരിക്കാതിരുന്നവരാണിവര്‍. അഴിമതി സാര്‍വത്രികമാവുകയും പരിസ്ഥിതിയെ തകര്‍ക്കുകയും ചെയ്തപ്പോഴും വാക്കുകൊണ്ടുപോലും പ്രതിഷേധിക്കാതിരുന്നവരാണ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരോ ബിജെപിയോ ഉത്തരവാദികളല്ലാത്ത കാര്യത്തില്‍ കുറ്റം ചാര്‍ത്തി സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും സഹായിക്കുകയാണിവരുടെ ഉദ്ദേശ്യം. പറശ്ശിനിക്കടവില്‍ എം.വി. രാഘവനോടുള്ള പക മൂത്തപ്പോള്‍ മിണ്ടാപ്രാണികളെ കൂട്ടത്തോടെ വെട്ടിയും തീയിട്ടും കൊന്നപ്പോള്‍ മിണ്ടാത്തവര്‍ക്കാണിപ്പോള്‍ ജന്തുസ്‌നേഹം മൂത്തത്. കുട്ടികളുടെ മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടിനുറുക്കിക്കൊന്നതില്‍ ഒരു സാഹിത്യകാരനും മുരടനക്കിയില്ല. 51 വെട്ടിനാല്‍ ടി.പി. ചന്ദ്രശേഖരനെ കൊന്നപ്പോഴും കോളേജ് അധ്യാപകന്‍ ജോസഫിന്റെ കൈവെട്ടിയെടുത്തപ്പോഴും തളിപ്പറമ്പില്‍ ഷുക്കൂര്‍ എന്ന ചെറുപ്പക്കാരനെ വളഞ്ഞുവച്ച് തല്ലിക്കൊന്നപ്പോഴും ഇപ്പറഞ്ഞ ബുദ്ധിജീവികളുടെ ബുദ്ധി പെനാങ്കിലായിരുന്നോ? മാറാട് എട്ട് മത്സ്യത്തൊഴിലാളികളെ വാഴവെട്ടും പോലെ വെട്ടിക്കൊന്നപ്പോഴും ഇവരുടെ നാവു പൊങ്ങിയില്ല. കാസര്‍കോട്ട് ഒരു ഊമ പെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തിട്ട് ഇരുപതുദിവസം കഴിഞ്ഞു. പ്രതിയെ ചൂണ്ടിക്കാട്ടിയിട്ടും അറസ്റ്റുചെയയ്തില്ല. ഒരു സാഹിത്യകാരനും മുഷ്ടി ചുരുട്ടിയില്ല. ഇപ്പോള്‍ കിലുങ്ങുന്നത് കള്ളനാണയങ്ങളാണ്. ഇത്തരം തിരസ്‌കാരക്കാരെ ജനം തിരസ്‌ക്കരിക്കും. അതോടെ സാഹിത്യരംഗം വന്‍തോതില്‍ ശുദ്ധീകരിക്കപ്പെടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.