വെങ്ങോലയില്‍ യുഡിഎഫില്‍ കലാപം: ലീഗ് ഒറ്റക്ക് മത്സരിക്കും

Sunday 11 October 2015 10:20 pm IST

കൊച്ചി: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ മുസ്ലിംലീഗ് ഒറ്റക്ക് മത്സരിക്കും. 18 വാര്‍ഡുകളിലാണ് ലീഗ് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിറുത്തി മത്സരിപ്പിക്കുന്നത്. എട്ടാം വാര്‍ഡില്‍ ലീഗിന്റെ സ്ഥാനാര്‍ത്ഥി നോമിനേഷന്‍ നല്‍കിക്കഴിഞ്ഞു. യുഡിഎഫ് ഭരണത്തിലുള്ള വെങ്ങോലയില്‍ നിലവില്‍ മൂന്ന് അംഗങ്ങളാണ് ലീഗിനുള്ളത്. എന്നാല്‍ ഇക്കുറി നാല് സീറ്റുകള്‍ ലീഗ് ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ തയ്യാറായില്ല. ഇത് സംബന്ധിച്ച് പല വട്ടം യോഗം ചേര്‍ന്നെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞില്ല. പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് ജില്ലാ നേതാവുമായ എം.എം.അവറാന്റെ ധാര്‍ഷ്ട്യമാണ് ഒറ്റക്ക് മത്സരിക്കാന്‍ ലീഗിനെ പ്രേരിപ്പിച്ചതെന്ന് ലീഗ് പ്രാദേശിക നേതൃത്വം പറയുന്നു. എന്നാല്‍ ലീഗിന്റെ കടുംപിടുത്തമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തുന്നു. 23 വാര്‍ഡുകളാണ് വെങ്ങോലയില്‍ ഉള്ളത്. എല്‍ഡിഎഫ് സിപിഐക്ക് 4 ഉം എന്‍സിപിക്ക് രണ്ടും സീറ്റുകള്‍ നല്‍കിയപ്പോള്‍ യുഡിഎഫില്‍ തങ്ങള്‍ക്ക് നാല് സീറ്റെങ്കിലും ലഭിക്കാനുള്ള അര്‍ഹതയുണ്ടെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. എന്നാല്‍ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതക്കായി സംവരണം ചെയ്തിരിക്കുന്നതിനാല്‍ ലീഗ് ഇല്ലെങ്കിലും പ്രശ്‌നമില്ല എന്ന മനോഭാവത്തിലാണ് കോണ്‍ഗ്രസ്.ഇതിനിടെ പഞ്ചായത്തിലെ ലീഗ് നേതൃത്വം എല്‍ഡിഎഫിനെ കൂട്ടുപിടിക്കാനും ശ്രമം നടത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.