മനോരമയ്ക്ക് തമിഴകത്തിന്റെ വിട

Sunday 11 October 2015 10:30 pm IST

ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ നടി മനോരമയുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. ശനിയാഴ്ച രാത്രിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അന്തരിച്ചത്. 78 വയസ്സായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും രജനീകാന്ത് ഉള്‍പ്പെടെ ചലച്ചിത്ര-സാംസ്‌കാരിക രംഗത്തെ പ്രമുഖരുമടക്കം വന്‍നിര ടി. നഗറിലെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. തമിഴനാട് സിനിമാ വ്യവസായലോകത്തിന് വന്‍ നഷ്ടമാണ് മനോരമയുടെ മരണമെന്നും അവരുടെ അഭാവം നികത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നും മുഖ്യമന്ത്രി ജയലളിത അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഗലാട്ടാ കല്യാണം, കണ്ടാന്‍ കരുണൈ തുടങ്ങിയ സിനിമകളില്‍ മനോരമയ്‌ക്കൊപ്പം അഭിനയിച്ച വേളകള്‍ മറക്കാനാവാത്തതാണെന്ന് ജയ പറഞ്ഞു. നാടക നടി, സിനിമ നടി, ഗായിക എന്നിങ്ങനെ വിവിധ വേദികളില്‍ നിറഞ്ഞു നിന്ന മനോരമയുടെ പേര് ഗോപിശാന്ത എന്നായിരുന്നു. പില്‍ക്കാലത്ത് ആച്ചിയെന്ന സംബോധനയിലുടെ തമിഴ് ജനതയുടെ പ്രിയനടിയായി മാറിയ അവര്‍ മന്നാര്‍ഗുഡിയില്‍ ജനിച്ച് പിന്നീട് ജീവിക്കാന്‍ വഴിതേടി ചെട്ടിനാട്ടെ പള്ളത്തൂരില്‍ എത്തുകയായിരുന്നു. അവിടെ നാടകങ്ങളില്‍ അഭിനയിച്ച് പള്ളത്തൂര്‍ പാപായെന്ന പ്രസിദ്ധയായി, പിന്നീട് സിനിമയില്‍ എത്തിയശേഷമാണ് മനോരമയായത്. തില്ലാനാ മോഹനാംബാള്‍ എന്ന സിനിമയില്‍ അവര്‍ അഭിനയിച്ച റോജാമണിയുടെ കഥ മനോരമയുടെ സ്വന്തം ജീവിതവുമായി ഏറെ സാമ്യമുള്ളതായിരുന്നു. തമിഴ് സിനിമയില്‍ സമാനതയില്ലാത്ത അഭിനയം കാഴ്ചവെച്ച അവര്‍ക്ക് ഒരേ സമയം നര്‍മ്മവും ഗൗരവ വേഷവും വഴങ്ങി. എംജിആര്‍, ശിവാജി ഗണേശന്‍, എന്‍ടിആര്‍, ജയലളിത, കമല്‍ ഹാസന്‍, രജനീ കാന്ത്, നാഗേഷ്, ചോ രാമസ്വാമി, തെങ്കൈ ശ്രീനിവാന്‍ തുടങ്ങി ഇന്നത്തെ പുതിയ താരങ്ങള്‍ക്കൊപ്പം വരെ മനോരമ അഭിനയിച്ചു. 1000 ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. എല്ലാ തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലും അഭിനയിച്ച് ഹിന്ദി സിനിമയിലും വേഷമിട്ട് ആറു ദശകം സിനിമാ ജീവിതം നയിച്ചു. 1958-ലാണ് ആദ്യ പ്രമുഖ സിനിമ. 12-ാം വയസ്സില്‍ സിനിമാഭിനയം തുടങ്ങി. 1989-ല്‍ ദേശീയ അവാര്‍ഡ് നേടി.