ജനകീയ നേതാവ് എം.എന്‍.മധു ബിജെപി ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ത്ഥി

Sunday 11 October 2015 10:29 pm IST

പിറവം: രാഷ്ട്രീയ സ്വയംസേവക് സംഘത്തിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ജനകീയനേതാവ്. യുവാക്കളുടെ ഹരമായി മാറിയ എം.എന്‍.മധു ഉദയംപേരൂര്‍ ഡിവിഷനില്‍നിന്ന് ബിജെപിയുടെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. കഴിഞ്ഞ 35വര്‍ഷമായി ചെറുതുംവലുതുമായ നിരവധി ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി ജനശ്രദ്ധപിടിച്ചുപറ്റാന്‍ മധുവിന് സാധിച്ചിട്ടുണ്ട്. 1984-ല്‍ പ്രൊഫ. എം.പി.മന്മഥന്റെ നേതൃത്വത്തില്‍ ഊരമനയില്‍ മദ്യനിരോധന സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചുകൊണ്ടാണ് തന്റെ പൊതുപ്രവര്‍ത്തനം തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിലെ ഏതൊരു പ്രശ്‌നത്തിനും പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാമമംഗലം പഞ്ചായത്തിലെ പെരുവംമുഴി പാലം നിര്‍മ്മാണത്തിനുവേണ്ടി നിവേദനങ്ങള്‍ നല്‍കുന്നതിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ നിയമനം സംബന്ധിച്ച അഴിമതികളെ പുറത്തുകൊണ്ടുവരുന്നതിന് സമരങ്ങള്‍ നടത്തി വിജയിച്ചിട്ടുണ്ട്. പിറവം, രാമമംഗലം, പാമ്പാക്കുട, എടയ്ക്കാട്ടുവയല്‍ തുടങ്ങിയ പഞ്ചയാത്തുകളിലെ ജനകീയ പ്രശ്‌നങ്ങളായ പൊതുശ്മശാനം, കുടിവെള്ളം, ആശുപത്രി എന്നിവയ്ക്കുവേണ്ടി നിരവധിതവണ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. എടയ്ക്കാട്ടുവയലിലും പിറവത്തും പൊതുശ്മശാനം യാഥാര്‍ത്ഥ്യമാക്കുവാന്‍ സാധിച്ചിട്ടുണ്ട്. 2000-ലാണ് ആദ്യമായി രാമമംഗലം പഞ്ചായത്ത് ഭരണസമിതിയിലേക്ക് മത്സരിച്ചത്. വെറും 21വോട്ടിനാണ് പരാജയപ്പെട്ടത്. രാമമംഗലം പഞ്ചായത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് തുടക്കമായത് അന്ന്മുതലാണ്. 2011-ല്‍ നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന സമിതിയംഗം, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി, 1999-ല്‍ ബിജെപി ജില്ലാ റൂറല്‍ സെക്രട്ടറി, യുവമോര്‍ച്ച സംസ്ഥാന നിര്‍വാഹണസമിതിയംഗം, ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. എസ്എന്‍ഡിപി, എന്‍എസ്എസ്, ധീവരസഭ എന്നിവര്‍ക്ക് ഭൂരിപക്ഷമുള്ള ഉദയംപേരൂര്‍ ഡിവിഷനില്‍ എം.എന്‍.മധുവിനെ ജില്ലാ ഭരണകേന്ദ്രത്തിലേക്ക് വിജയിപ്പിക്കുന്നതിന് വീട് വീടാന്തരം കയറിയുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ തുടങ്ങിക്കഴിഞ്ഞു.